Jun 2, 2022, 7:56 AM IST
അമേരിക്കയിൽ (America) വീണ്ടും വെടിവെയ്പ്പ്. ഒക്‌ലഹോമയിലെ ടൾസയിൽ (Tulsa Shooting) ആശുപത്രി ക്യാമ്പസിലാണ് വെടിവെയ്പ്പ് ഉണ്ടായത്. വെടിവെപ്പിൽ നാല് പേർ കൊല്ലപ്പെട്ടു. അക്രമി സ്വയം വെടിവച്ച് മരിച്ചെന്നാണ് പൊലീസ് പറയുന്നത്.ടൾസയിലെ സെന്‍റ് ഫ്രാൻസിസ് ആശുപത്രി ക്യാമ്പസിലാണ് വെടിവെയ്പ്പ് നടന്നത്. ക്യാമ്പസിലെ ഓഫീസ് കെട്ടിടത്തിന് സമീപം ഒരാൾ തോക്കുമായി നടക്കുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. എന്നാൽ ഇതിന് പിന്നാലെ തന്നെ അയാൾ വെടിയുതിർക്കുകയായിരുന്നെന്ന് ടൾസ പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
കഴിഞ്ഞ ദിവസം ടെക്സസിലെ സ്കൂളിൽ നടന്ന വെടിവെയ്പ്പില്‍ 18കുട്ടികൾ അടക്കം 21 പേരാണ് മരിച്ചത്.18 കാരനായ അക്രമിയെ വെടിവച്ച് കൊന്നു. പ്രതി സ്കൂളിലെത്തിയത് മുത്തശ്ശിയെ കൊന്ന ശേഷമാണ്. സ്കൂളിൽ നാളെ മുതൽ വേനലവധി തുടങ്ങാനിരിക്കെയായിരുന്നു അപകടം. സ്കൂൾ കുട്ടികളും ജീവനക്കാരും അടക്കം 21 പേരാണ് മരിച്ചത്. സ്കൂളിലെത്തിയ അക്രമി ഗെറ്റ് റെഡി ടു ടൈ എന്നു പറഞ്ഞശേഷമാണ് വെടി ഉതിർത്തത്. ഈ സ്കൂളിലെ തന്നെ ഹൈസ്കൂൾ വിദ്യാർഥിയായ സാൽവദോർ ഡാമോസ് ആണ് വെടി ഉതിർത്തത്. ഇയാൾക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നോ എന്ന് പരിശോധിക്കുന്നുണ്ട്.അതേസമയം, പരിക്കേറ്റ പല കുട്ടികളുടേയും നില അതീവ ഗുരുതരമാണ്. മരണ നിരക്ക് ഉയർന്നേക്കുമെന്ന ആശങ്കയുമുണ്ട്. ഇതിനിടെ, തോക്ക് മാഫിയക്കെതിരെ ശക്തമായ നടപടി എടുക്കാനാകാത്തതിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ രംഗത്തെത്തിയിരുന്നു.