Feb 23, 2022, 11:00 AM IST
കേരളത്തെ അധിക്ഷേപിച്ച ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രിയങ്ക ഗാന്ധി (Priyanka Gandhi). സ്വന്തം പരാജയം മറക്കാനാണ് യോഗി ശ്രമിക്കുന്നതെന്ന് പ്രിയങ്ക ഗാന്ധി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സംസ്ഥാനങ്ങളുടെ പേരിലല്ല, രാജ്യത്തെ ഒന്നായാണ് കാണേണ്ടത്. സമസ്ത മേഖലയിലും പരാജയമായതോടെ യോഗി മതത്തെ ഉപയോഗിച്ച് ധ്രുവീകരണത്തിന് ശ്രമിക്കുകയാണ്. സ്വന്തം പരാജയം മറയ്ക്കാനാണ് യോഗി കേരളത്തെ കുറ്റപ്പെടുത്തുന്നത്. വിദ്യാഭ്യാസത്തിലടക്കം കേരളം മുന്‍പന്തിയിലെത്തിയതാണോ കുറ്റമെന്നും പ്രിയങ്ക ചോദിച്ചു.യുപിയില്‍ കോണ്‍ഗ്രസ് ശക്തമായി തിരിച്ചുവരുമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. ജനങ്ങള്‍ വളരെയധികം പ്രതിസന്ധികളിലൂടെയാണ് കടന്ന് പോകുന്നത്. ജനങ്ങളുടെ പ്രശ്നങ്ങളെ അഭിമുഖീകരിക്കാന്‍ കഴിയുന്ന രാഷ്ട്രീയ പാര്‍ട്ടിക്ക് അവര്‍ വോട്ട് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. ലഖിംപൂര്‍, ഉന്നാവോ കേസുകളില്‍ പ്രതിസ്ഥാനത്ത് വരുന്നവര്‍ അധികാരത്തില്‍ ഇരിക്കുന്നവരോ അധികാരവുമായി ബന്ധപ്പെട്ടവരോ ആണ്. ഇരയെ സംരക്ഷിക്കുന്നതിനെക്കാള്‍ പ്രതികളെ സംരക്ഷിക്കാനാണ് പൊലീസ് അടക്കം ശ്രമിക്കുന്നത്. അക്രമങ്ങള്‍ക്ക് ഇരയായ ശേഷവും സ്ത്രീകള്‍ അപമാനിക്കപ്പെടുകയാണ്. ഇത്തരം അതിക്രമങ്ങള്‍ തടയാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ലെന്ന് വ്യക്തമാണെന്നും പ്രിയങ്ക ഗാന്ധി തുറന്നടിച്ചു.
കേരളത്തെ അധിക്ഷേപിച്ച യോഗി ആദിത്യനാഥിനെതിരെ അഖിലേഷ് യാദവും രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു. സർവമേഖലകളിലും യുപിയേക്കാള്‍ എത്രയോ മുമ്പിലാണ് കേരളമെന്നും തെരഞ്ഞെടുപ്പില്‍ ബിജെപിയെ ജനങ്ങള്‍ തൂത്തെറിയുമെന്നുമായിരുന്നു അഖിലേഷ് യാദവ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. 'ബിജെപി നേതാക്കളുടെ മുഖം കണ്ടിട്ട് ജയിക്കുമെന്ന് തോന്നുന്നുണ്ടോ. അവർ ഉപയോഗിക്കുന്ന ഭാഷ നോക്കു. വികസനത്തെ കുറിച്ചല്ല വിവരക്കേടാണ് ബിജെപി നേതാക്കള്‍ പറയുന്നത്. യുപിയേയും കേരളത്തെയും യോഗി ആദിത്യനാഥ് താരതമ്യം ചെയ്തുവെന്നത് വിശ്വസിക്കാന്‍ കഴിയുമോ. ആരോഗ്യം അടക്കമുള്ള മേഖലകളില്‍ കേരളത്തേക്കാള്‍ താഴെയാണ് യുപി. ബിജെപി സർക്കാര്‍ ജനങ്ങള്‍ക്ക് വ്യാജവാഗ്ദാനങ്ങള്‍ ആണ് നല്‍കിയത്'. ഇപ്പോള്‍ മറുപടിയില്ലാത്തതിനാല്‍ മോശം പരാമർശം നടത്തുന്നതാണ് കാണാന്‍ കഴിയുന്നതെന്നും അഖിലേഷ് യാദവ് പറഞ്ഞു.