Mar 13, 2022, 12:31 PM IST
യുക്രൈൻ സൈന്യത്തിൽ (Ukraine army) ചേർന്ന ഇന്ത്യൻ വിദ്യാർത്ഥി നാട്ടിലേക്ക് തിരിച്ചുവരാൻ ആഗ്രഹം അറിയിച്ചു. റഷ്യക്കെതിരായ യുദ്ധമുഖത്ത് യുക്രൈൻ സേനയ്ക്കൊപ്പം(Ukraine Crisis ) ചേർന്നതായി വിവരം കിട്ടിയ തമിഴ്നാട് കോയമ്പത്തൂർ ഗൗണ്ടം പാളയംസ്വദേശി സായി നികേഷാണ് വീടുമായി ബന്ധപ്പെട്ട് നാട്ടിലേക്ക് തിരിച്ചുവരണമെന്ന് ആഗ്രഹമുണ്ടെന്ന് അറിയിച്ചത്. ഖാർകിവ് എയറോനോട്ടിക്കൽ സർവകലാശാലയിൽ വിദ്യാർത്ഥിയാണ് സായി നികേഷ്. വിദേശ പൗരൻമാർ ഉൾപ്പെടുന്ന ഇന്‍റർനാഷണൽ ലീജിയൺ ഫോർ ടെറിറ്റോറിയൽ ഡിഫെൻസിൽ സായി നികേഷ് ചേർന്നുവെന്നായിരുന്നു വിവരം. കോയമ്പത്തൂരിൽ പ്ലസ് ടു പഠനം പൂർത്തിയാക്കിയതിന് ശേഷം ഇന്ത്യൻ സൈന്യത്തിൽ ചേരാൻ സായി നികേഷ് ശ്രമിച്ചെങ്കിലും ശാരീരിക യോഗ്യതാ പരിശോധനയിൽ പരാജയപ്പെട്ടു. ഇതോടെ സായിക്ക് സൈന്യത്തിലേക്കുള്ള പ്രവേശനം സാധ്യമായില്ല. വാർ വീഡിയോ ഗെയിമുകളിൽ അതീവ തൽപ്പരനായ സായി നികേഷ് ഒരു മാസം മുമ്പ് അവധിക്ക് വന്നപ്പോൾ തന്നെ യുക്രൈൻ സൈന്യത്തിൽ ചേരുമെന്ന് അമ്മയെ അറിയിച്ചിരുന്നു. പിന്നീട് ഇന്റർനാഷണൽ ലീജിയൺ ഫോർ ടെറിറ്റോറിയൽ ഡിഫെൻസിൽ ചേർന്നു. സൈനിക യൂണിഫോമിൽ ആയുധങ്ങളുമായി നിൽക്കുന്ന ചിത്രം സായി നികേഷ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു.