Jul 3, 2022, 9:57 AM IST
നാഗപട്ടണം എന്ന തമിഴ് തീരം. കുഞ്ഞാലിമരയ്ക്കാന്മാരുടെ ജന്മദേശം. മലബാറും സിലോണും ഒക്കെയായുള്ള കിഴക്കൻ തീരത്തെ വ്യാപാരത്തിൽ മുമ്പന്മാരായിരുന്നു എന്തിനും പോന്ന മരയ്ക്കാന്മാർ. ആദ്യം തങ്ങളുടെ കച്ചവടപങ്കാളികളായിരുന്ന പോർച്ചുഗീസുകാർ കിഴക്കൻ തീരം പിടിക്കാൻ വന്നതോടെ കുഞ്ഞാലിമാരുടെ ബദ്ധശത്രുക്കൾ ആയി.
പതിനാറാം നൂറ്റാണ്ടിൽ ആദ്യം കൊച്ചിക്കും പിന്നീട് കോഴിക്കോട്ടേക്ക് കുടിയേറി തമിഴ് തീരത്ത് നിന്ന് നാല് മരയ്ക്കാന്മാർ. കുഞ്ഞാലി മരയ്ക്കാർ, സഹോദരൻ അഹമ്മദ് മരയ്ക്കാർ അമ്മാവൻമാരായ മുഹമ്മദാലി മരയ്ക്കാർ, പാട്ട് മരയ്ക്കാർ. കടൽപ്പടയ്ക്കും കച്ചവടത്തിനും മാത്രമല്ല കടൽ കൊള്ളയ്ക്കും ബഹുമിടുക്കർ. കുഞ്ഞാലിമാർ സാമൂതിരിപ്പാടിന്റെ ആഗോള വ്യാപാരത്തിന്റെയും നാവികപ്പടയുടെയും മേധാവികളാകുന്നു.
കുഞ്ഞാലികൾ സാമൂതിരിക്ക് കോട്ട തീർത്തു. കൊച്ചു കൊച്ചു പത്തേമാരികളിലേറി ഒളിച്ചുവന്ന് കുഞ്ഞാലിപ്പട കൂറ്റൻ പറങ്കി കപ്പലുകളിൽ തെരുതെരെ മിന്നലാക്രമണം അഴിച്ചുവിട്ടു. മറ്റെല്ലാ നാട്ടുരാജ്യങ്ങളും പോർച്ചുഗീസുകാർക്ക് മുന്നിൽ മുട്ടുമടക്കിയിട്ടും കീഴടങ്ങാതെ നിന്ന കോഴിക്കോടിനും സാമൂതിരിക്കും കരുത്തായത് കുഞ്ഞാലിമാർ. പറങ്കികളുടെ വരവോടെ ഇന്ത്യൻ മഹാസമുദ്ര വ്യാപാരലോകത്ത് പരദേശി അറബി മുസ്ലിങ്ങളുടെയും മലബാറിലെ തദ്ദേശീയ മാപ്പിളമാരുടെയും നഷ്ടമായി. പകരം ആ സ്ഥാനം കയ്യടക്കി കുഞ്ഞാലിമാർ. സാമൂതിരിയുടെ പട മാത്രമല്ല ചെങ്കടൽ തുറമുഖങ്ങളുമായുള്ള വമ്പൻ കുരുമുളക് കച്ചവടവും കുഞ്ഞാലിമാർ ഏറ്റെടുത്തു. ഹിന്ദുക്കൾക്ക് കടൽ നിഷിദ്ധമായതിനാൽ കടൽപ്പടയ്ക്കും കച്ചവടത്തിനും പ്രജകൾ ഒരു സന്തതിയെ ഇസ്ലാമായി വളർത്താൻ സാമൂതിരി ഉത്തരവിട്ടു. പണത്തിലും കരുത്തിലും കുഞ്ഞാലിമാർ രാജതുല്യരായി.
ക്രമേണ കുഞ്ഞാലിമാരുടെ ഈ മഹാശക്തി സാമൂതിരി അടക്കം എല്ലാവരെയും ഭയപ്പെടുത്തി. നാലാം കുഞ്ഞാലിയുടെ കാലമായപ്പോഴേക്കും സാമൂതിരിയുമായി തെറ്റി. മരയ്ക്കാർ സാമൂതിരിയേയും സ്വന്തം കീഴിലാക്കാനായി പദ്ധതിയിട്ടത്രേ. അതോടെ നാലാം കുഞ്ഞാലിയുടെ കോട്ട ആക്രമിക്കാൻ സാമൂതിരിയും പറങ്കികളും കൈ കോർത്തു. 1600ൽ കുഞ്ഞാലിയെ പിടിച്ച് ഗോവയ്ക്ക് കൊണ്ടുപോയ പറങ്കികൾ തങ്ങളുടെ ഏറ്റവും വലിയ ശത്രുവിനെ പരസ്യമായി തൂക്കിക്കൊന്നു. ശേഷം ശവശരീരം കണ്ടം കണ്ടമാക്കി, തല മാത്രം വെട്ടിയെടുത്ത് മലബാറിൽ ഉടനീളം മുന്നറിയിപ്പായി പ്രദർശിപ്പിച്ചു. നാട്ടുകാരുടെ ഐക്യം തകർന്നപ്പോൾ വിദേശി നേടിയ വിജയം.