ഗണിതലോകം കീഴടക്കിയ പ്രതിഭാസം-ശ്രീനിവാസ രാമാനുജന്‍, സ്വാതന്ത്ര്യസ്പര്‍ശം|India@75

Aug 18, 2022, 9:45 AM IST

ഗണിതശാസ്ത്രചരിത്രത്തില്‍ പൗരാണിക ഇന്ത്യയുടെ സംഭാവന അതുല്യമാണ്. ആര്യഭടന്മാരുടെയും ഭാസ്‌കരന്മാരുടെയും സംഗമഗ്രാമ മാധവന്റെയും നാട്. ദശാംശവും പൂജ്യവും കണ്ടുപിടിച്ച ദേശം. ഈ ഉജ്വല പരമ്പരയിലെ ആധുനിക താരമാണ് ശ്രീനിവാസ രാമാനുജന്‍.  ദാരിദ്ര്യത്തിലും രോഗങ്ങളിലും മുങ്ങി ജീവിച്ച 32 വര്ഷം കൊണ്ട് തന്നെ ഗണിതലോകം കീഴടക്കി മേഘജ്യോതിസ്സ് പോലെ മറഞ്ഞ വിസ്മയം.  

ഗണിതത്തില്‍ ഔപചാരിക പരിശീലനം പോലും ലഭിക്കുന്നതിന് മുന്പ് അതിന്റെ സങ്കീര്‍ണമേഖലകള്‍ കീഴടക്കിയ രാമാനുജന്‍  സംഖ്യാശാസ്ത്രത്തിനും കേവലഗണിതത്തിനും നല്‍കിയ സംഭാവനകള്‍ ലോകത്തെ അമ്പരപ്പിച്ചു.

1887 ല്‍ അന്ന്  മൈസൂര്‍ രാജ്യത്തിലായിരുന്ന ഈറോഡില്‍ ഒരു ദരിദ്ര ബ്രാഹ്മണ കുടുംബത്തിലായിരുന്നു ജനനം. അച്ഛന്‍ കുപ്പുസ്വാമി ശ്രീനിവാസ അയ്യങ്കാര്‍ ഒരു തുണിക്കട ഗുമസ്തന്‍. 'അമ്മ കോമളതമ്മാള്‍ അമ്പലത്തില്‍ പാട്ടുകാരി.  കുംഭകോണത്ത് സ്‌കൂള്‍ വിദ്യാഭ്യാസകാലത്ത് തന്നെ രാമാനുജന്റെ  സ്വാഭാവികമായ ഗണിതസിദ്ധി വിസ്മയകരമായിരുന്നു. പതിനാറ് വയസ്സിനകം ജി എസ് കാര്‍ എന്ന പാശ്ചാത്യഗണിതജ്ഞന്റെ അയ്യായിരം സിദ്ധാന്തങ്ങള്‍  ഉള്‍പ്പെട്ട വിഖ്യാത ഗ്രന്ഥ0   രാമാനുജന് ഹൃദിസ്ഥം.  എന്നാല്‍ കോളേജിലെത്തിയപ്പോള്‍ കാര്യങ്ങള്‍ എല്ലാം തകിടം മറിഞ്ഞു. ഗണിതത്തില്‍ മാത്രം ഏകാഗ്രചിത്തനായ രാമാനുജന്‍  മറ്റു വിഷയങ്ങളിലെല്ലാം പരാജയപ്പെട്ടു. അതോടെ ബിരുദം ഒരു സ്വപ്നമായി അവശേഷിച്ചു. 

അതിനിടയില്‍ വിവാഹം. ദാരിദ്ര്യം മൂലം തൊഴിലിനു വേണ്ടി പരക്കം പാച്ചില്‍. ബിരുദമില്ലാത്ത പയ്യന് ഇരുപത് രൂപ ശമ്പളത്തില്‍ മദിരാശി തുറമുഖത്ത് കിട്ടിയ ഗുമസ്തജോലി വലിയ ഭാഗ്യമായിരുന്നു.  ജോലികഴിഞ്ഞ് ബാക്കി സമയം മുഴുവന്‍ സങ്കീര്‍ണ ഗണിതപ്രശ്‌നങ്ങള്‍ക്ക് സമവാക്യങ്ങള്‍ എഴുതിക്കൂട്ടി  രാമാനുജന്‍.  

അക്കാലത്ത് ഇന്ത്യന്‍ മാത്തമറ്റിക്കല്‍ സൊസൈറ്റി ബര്‍ണോളി സംഖ്യകള്‍ സംബന്ധിച്ച രാമാനുജന്റെ പ്രബന്ധം പ്രസിദ്ധീകരിച്ചത് വലിയ അംഗീകാരമായി. വിദേശത്തെ ഗണിത പ്രൊഫസര്മാര്ക്ക് തന്റെ പ്രബന്ധങ്ങള്‍ അദ്ദേഹം അയക്കാനാരംഭിച്ചു. പലരും അവഗണിക്കച്ചെങ്കിലും ഒരാള്‍ മാത്രം രാമാനുജന്റെ കുറിപ്പുകള്‍ കണ്ട് അമ്പരന്നു. പ്രശസ്ത ഗണിതജ്ഞന്‍ ജി എച് ഹാര്ഡി.  രാമാനുജന്റെ ജീവിതം മാറ്റിക്കുറിച്ച ഒരു സൗഹൃദത്തിന്റെ ആരംഭം. 1914  മാര്‍ച്ച് 17 നു ഇരുപത്താറുകാരന്‍ രാമനുജന്‍ ഹാര്‍ഡിയുടെ നിര്‍ബന്ധപൂര്‍വമായ ക്ഷണപ്രകാരം ലണ്ടനിലേക്ക് കപ്പല്‍ കയറി. ബ്രാഹ്മണര്‍ കടല്‍ കടക്കരുതെന്ന ആചാരം ലംഘിച്ചായിരുന്നു യാത്ര. ഹാര്‍ഡിയും അദ്ദേഹത്തിന്റെ മറ്റൊരു   സുഹൃത്ത് ജോണ്‍ ലിറ്റില്‍വുഡും രാമാനുജനും ചേര്‍ന്ന്   കേംബ്രിഡ്ജിലെ   ട്രിനിറ്റി കോളേജില്‍ അഗാധ ഗവേഷണങ്ങളില്‍ മുഴുകി.  ഉള്‍ക്കാഴ്ച്ചയിലുടെ സങ്കീര്‍ണ സമവാക്യങ്ങളില്‍ എത്തിച്ചേരുന്ന അത്ഭുതസിദ്ധിയുള്ള രാമാനുജന് സിദ്ധാന്തത്തിന്റെയും തെളിവുകളുടെയും പിന്തുണ നല്‍കി ഹാര്‍ഡി.  ഗണിതശാസ്ത്ര പ്രതിഭകളായ ഒയ്ലറുടെയും ജെക്കോബിയുടെയും ഒപ്പം രാമാനുജനെ ഹാര്‍ഡി പ്രതിഷ്ഠിച്ചു.  

31-ാം വയസ്സില്‍ ലണ്ടനിലെ റോയല്‍ സൊസൈറ്റി യില്‍ ഫെലോ ആയി രാമാനുജന്‍ തെരഞ്ഞ്‌ഞെടുക്കപെട്ടു. ആ   സ്ഥാനത്ത് വരുന്ന ഏറ്റവും പ്രായം കുറഞ്ഞ  പണ്ഡിതരിലൊരാള്‍. ഒപ്പം രണ്ടാമത്തെ ഭാരതീയനും. തുടര്‍ന്ന്  ട്രിനിറ്റി കോളേജ് ഫെലോ ആയി തെരഞ്ഞെടുക്കപ്പെട്ട ആദ്യ ഭാരതീയനായി രാമാനുജന്‍.   എന്നാല്‍ അപ്പോഴേക്കും ക്ഷയമെന്ന അന്ന്  കണ്ടെത്തപ്പെട്ട ഗുരുതരമായ രോഗം  അദ്ദേഹത്തെ കീഴടക്കിക്കഴിഞ്ഞിരുന്നു. ദിര്‍ഘകാലമായുള്ള മാനസികവും ശാരീരികവുമായ അധ്വാനത്തിന്റെ ഇര. ഏറെക്കാലത്തെ ദാരിദ്ര്യത്തിന്റെയും പട്ടിണിയുടെയും രക്തസാക്ഷി. 

രോഗാതുരനായി കുംഭകോണത്തേക്ക്  മടങ്ങിയ രാമാനുജന്‍ പിറ്റേക്കൊല്ലം അന്തരിച്ചു. 1970 കളിലാണ് രാമാനുജന്റെ നഷ്ടപ്പെട്ടിരുന്ന കയ്യെഴുത്തുപുസ്തകങ്ങളില്‍ അവസാനത്തേത് ലോകം കണ്ടെത്തിയത്. ഇന്നും അദ്ദേഹത്തിന്റെ കുറിപ്പുകളിലെ അത്ഭുതസമവാക്യങ്ങളും സിദ്ധാന്തങ്ങളും ഗണിതാലോകത്തിനു പുതിയ അറിവുകള്‍ പകര്‍ന്നുകൊണ്ടേയിരിക്കുന്നു.  രാഷ്ട്രം ഡിസംബര്‍ 22 എന്ന രാമാനുജന്റെ ജന്മനാളിലാണ് ദേശീയ ഗണിതദിനം ആഘോഷിക്കുന്നത്.