കര്‍ണാടകയുടെ മനസറിഞ്ഞ് ഏഷ്യാനെറ്റ് ന്യൂസ്-എന്‍സിസി അമൃത് മഹോത്സവ യാത്രാസംഘം അടുത്ത ലക്ഷ്യത്തിലേക്ക്

Aug 3, 2022, 10:27 AM IST

ഏഴുപത്തിയഞ്ചാം വാര്‍ഷിക നിറവില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രം യുവ തലമുറയിലേക്ക് എത്തിക്കാന്‍ ഏഷ്യാനെറ്റ് ന്യൂസും എന്‍സിസിയും ചേര്‍ന്നൊരുക്കിയ അമൃത് മഹോത്സവ യാത്ര കര്‍ണാടകയിലെ പ്രയാണം പൂര്‍ത്തിയാക്കി. ജൂലൈ 20ന് ഗവര്‍ണര്‍ തവര്‍ചന്ദ് ഗെലോട്ട് ഫ്‌ളാഗ് ഓഫ് ചെയ്ത യാത്ര കര്‍ണാടകയുടെ വിവിധ ഭാഗങ്ങളില്‍ സന്ദര്‍ശനം നടത്തി.

കര്‍ണാടകയിലെ പ്രയാണം പൂര്‍ത്തിയാക്കി അടുത്ത സംസ്ഥാനങ്ങളിലേക്ക് കടക്കുന്ന യാത്രയുടെ ഫ്‌ളാഗ് റവന്യൂ മന്ത്രി ആര്‍ അശോക് കൈമാറി. യാത്രയില്‍ പങ്കെടുത്ത എന്‍സിസി കേഡറ്റുകള്‍ക്ക് അദ്ദേഹം സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി. കന്നഡ പ്രഭ- സുവര്‍ണ്ണ ന്യൂസ് ചീഫ് മെന്റര്‍ രവി ഹെഗ്‌ഡെ മാര്‍ക്കറ്റിങ് വൈസ് പ്രസിഡന്റ് അനില്‍ സുരേന്ദ്ര, പ്രമുഖ ഡോക്ടര്‍ ഋഷികേഷ് ദംലെ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു. ആന്ധ്രാ പ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് ,ദില്ലി, ഹരിയാന, ചണ്ഡീഗഢ്, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളിലൂടെ പ്രയാണം പൂര്‍ത്തിയാക്കി ലഡാക്കിലാണ് യാത്ര അവസാനിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് സംഘടിപ്പിച്ച വജ്ര ജയന്തി യാത്ര ശക്തവും ഏകീകൃതവുമായ ഒരു രാഷ്ട്രത്തിനായി വളരെ പ്രധാനപ്പെട്ടതാണെന്ന് ഉദ്ഘാടന സമയത്ത് ഗവര്‍ണര്‍ പറഞ്ഞിരുന്നു. 'സ്വാതന്ത്ര്യാനന്തരം എന്താണ് സംഭവിച്ചതെന്നും നമ്മുടെ രാജ്യത്തിനായി ഭാവിയില്‍ എന്താണ് ചെയ്യേണ്ടതെന്നും നാം അറിയണം. നമ്മുടെ രാജ്യം നമുക്ക് എല്ലാം തന്നിട്ടുണ്ട്, ഇപ്പോള്‍ നമുക്ക് തിരിച്ച് അനുഗ്രഹം നല്‍കേണ്ട സമയമാണിത്. രാജ്യത്തിന് വേണ്ടി ഒരാള്‍ എന്ത് സംഭാവനയാണ് നല്‍കേണ്ടതെന്ന് ഈ യാത്ര ജനങ്ങള്‍ക്ക് മനസ്സിലാക്കിക്കൊടുക്കും- എന്നും ഗെലോട്ട് പ്രത്യാശ പ്രകടിപ്പിക്കുകയായിരുന്നു.

അമൃത് മഹോത്സവ യാത്ര കര്‍ണാടകയില്‍ നടക്കുന്നത് അഭിമാന നിമിഷമാണെന്നായിരുന്നു ഏഷ്യാനെറ്റ് ഗ്രൂപ്പ് എക്സിക്യൂട്ടീവ് ചെയര്‍മാന്‍ രാജേഷ് കല്‍റയുടെ ഉദ്ഘാടന വേളയിലെ വാക്കുകള്‍. 'കര്‍ണാടക മനോഹരമായ സംസ്ഥാനമാണ്. ലോകത്തിലെ ഏഴ് അത്ഭുതങ്ങള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ കര്‍ണാടകയിലെ ഏഴ് അത്ഭുതങ്ങള്‍ കണ്ടെത്താനുള്ള ശ്രമാണ് ഏഷ്യാനെറ്റ് ന്യൂസ് നടത്തുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. ഇത് അന്വര്‍ത്ഥമാക്കുന്നതായിരുന്നു യാത്ര. ഫ്‌ളാഗ് ഓഫ് ചടങ്ങിന് ശേഷം ദേശീയ സൈനികരുടെ സ്മാരകം സന്ദര്‍ശിച്ചു തുടങ്ങിയ യാത്രയാണ് കര്‍ണാടകയില്‍ വിവിധ സുപ്രധാന കേന്ദ്രങ്ങളില്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയത്.