Aug 9, 2022, 10:17 AM IST
'ജൽ, ജംഗൽ, സമീൻ'
വെള്ളത്തിനും വനത്തിനും ഭൂമിക്കും വേണ്ടി തെലങ്കാനയിലെയും ആന്ധ്രയിലെയും ആദിവാസിപ്രസ്ഥാനങ്ങളുടെ ദീര്‍ഘകാല മുദ്രാവാക്യം. ആദ്യമായി ഈ മുദ്രാവാക്യം ഉയർത്തിയ ധീരനാണ് കൊമരം ഭീം. പഴയ ഹൈദരാബാദ് രാജ്യത്തെ ഗോണ്ട് ഗോത്ര നേതാവായിരുന്നു ഭീം. ബ്രിട്ടീഷുകാരോടും ഹൈദരാബാദിന്‍റെ ഭരണാധികാരി നൈസാമിനോടും ഭുപ്രഭുക്കളോടുമൊക്കെ നിരന്തരം യുദ്ധം ചെയ്ത രക്തസാക്ഷി.
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ആസിഫാബാദിലെ സങ്കേപ്പള്ളി വനമേഖലയിലെ ഗോണ്ട് ഗോത്രത്തിലായിരുന്നു അദ്ദേഹത്തിന്‍റെ ജനനം. ചന്ദ-ബല്ലാർപൂർ വനമേഖലയിൽ വളർന്ന ഭീം ഹൈദരാബാദ് നൈസാമിന്റെ പോലീസിന്റെയും സമീന്ദാർമാരുടെയും വന ഉദ്യോഗസ്ഥരുടെയും ക്രൂരമായ ചൂഷണത്തിനും പീഡനത്തിനും ഇരയും സാക്ഷിയുമായി. നികുതി അടിച്ചേൽപ്പിക്കാനും സ്വകാര്യ ഖനന സ്ഥാപനങ്ങൾക്ക് വേണ്ടി വനഭൂമിയിൽ നിന്ന് തങ്ങളെ കുടി ഇറക്കാനും അധികാരികൾ നടത്തിയ ശ്രമങ്ങളെ ആദിവാസികൾ ചെറുത്തു. ആ സമരങ്ങളിൽ കൊമരം ഭീമിന്റെ അച്ഛൻ കൊല്ലപ്പെട്ടു. തുടർന്ന് ഭീമും കുടുംബവും കരിംനഗർ മേഖലയിലേക്ക് താമസം മാറ്റി. എന്നാല്‍ അവിടെ വീണ്ടും നൈസാമിന്റെയും സമീന്ദാരുടെയും ആക്രമണങ്ങൾക്ക് ആദിവാസികൾ ഇരയായി. കടുത്ത സംഘർഷങ്ങൾക്കിടയിൽ ഒരു ദിവസം ഒരു പൊലീസുകാരൻ ഭീമിന്റെ കൈകളാൽ കൊല്ലപ്പെട്ടു.
തുടർന്ന് ചന്ദാപൂരിലേക്ക് രക്ഷപ്പെട്ട ഭീം നൈസാമീനും ബ്രിട്ടീഷുകാർക്കും എതിരെ പോരാടിയിരുന്ന വിതോഭ എന്ന പത്രപ്രവര്‍ത്തകന്‍റെ സംരക്ഷണത്തിലായി. വിതോഭ ഭീമിനെ ഇംഗ്ലീഷും ഉർദുവും ഹിന്ദിയും പഠിപ്പിച്ചു. എന്നാല്‍ വിതോഭ നൈസാം പോലീസിന്റെ അറസ്റിലായപ്പോൾ ഭീം ആസാമിലേക്ക് രക്ഷപ്പെട്ടു. അവിടെ തേയില തോട്ടങ്ങളിൽ തൊഴിലാളി പ്രവർത്തകനായി സമരങ്ങളിൽ പങ്കെടുത്തു. ആസാമില്‍ അറസ്റിലായപ്പോൾ ജയിൽ ചാടി രക്ഷപ്പെട്ട ഭീം വീണ്ടും ഹൈദരാബാദിലേക്ക് മടങ്ങി.
1920 കളിൽ ആദിവാസികളെ സംഘടിപ്പിച്ച് ഭീം സ്വതന്ത്ര ഗോണ്ടുവനത്തിനായി ഒളിയുദ്ധം ആരംഭിച്ചു. . അതിനിടെ ഒത്തുതീർപ്പിനായുള്ള നൈസാമിന്റെ ശ്രമങ്ങളെ ഭീം തിരസ്കരിച്ചു . അക്കാലത്ത് നിരോധിതമായ കമ്യൂണിസ്റ് പാർട്ടിയുമായി ചേർന്ന് വിഖ്യാതമായ തെലങ്കാന സമരത്തിനുള്ള യത്നങ്ങളിൽ ഭീം പങ്കാളിയായി. ഭീമിനെ പിടിക്കാനുള്ള പൊലിസ് ശ്രമങ്ങളൊന്നും ഫലിച്ചില്ല.
1940 സെപ്തംബർ ഒന്ന്- ജോടെഘട്ട് ഗ്രാമത്തിൽ ഒളിവിൽ കഴിയുകയായിരുന്ന ഭീം ഒരു സഹപ്രവർത്തകനാൽ ഒറ്റുകൊടുക്കപ്പെട്ടു. പോലീസ് ഭീമിനെയും അദ്ദേഹത്തിന്റെ പതിനഞ്ച് സഖാക്കളെയും വെടി വെച്ചുകൊന്നു. ഇന്ന് ഭീം ഗോണ്ട ഗോത്രത്തിനു ദൈവസമാനനാണ്.
ആസിഫാബാദിന്റെ പേര് ഇന്ന് കൊമരം ഭീം ജില്ല എന്നാണ്.