തെറ്റ് തന്റെ ഭാഗത്താണെന്ന് സമ്മതിക്കാതെ യുവതി മറ്റുള്ളവരോട് കയർക്കുന്നതും താനുമായി കൂട്ടിയിടിച്ച വണ്ടിയുടെ ചാവി ഊരി മാറ്റുന്നതും ആണ് വീഡിയോയിൽ ഉള്ളത്.
റോഡുകളിലൂടെ വാഹനമോടിക്കുമ്പോൾ ട്രാഫിക് നിയമങ്ങളും വേഗപരിധിയും പാലിക്കാത്തവരാണ് പലരും. എന്നാൽ, ഇത്തരം അജ്ഞതകൾക്ക് വലിയ വില കൊടുക്കേണ്ടി വരും. റോഡിലിറങ്ങുന്ന ഓരോ വ്യക്തിയുടെയും ജീവന് ഭീഷണിയാണ് ട്രാഫിക് നിയമങ്ങൾ കൃത്യമായി പാലിക്കാതെ വാഹനം ഓടിക്കുന്നവർ. ഇത്തരത്തിൽ തീർത്തും അശ്രദ്ധയോടെ വാഹനമോടിച്ച് മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കിയ ഒരു യുവതിയുടെ വീഡിയോ കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനങ്ങൾക്ക് കാരണമായി.
റോഡിലൂടെ അമിതവേഗത്തിൽ സ്കൂട്ടി ഓടിച്ചു പോകുന്ന ഒരു യുവതിയുടെ ദൃശ്യങ്ങളാണ് ഇത്. ഒരു ബൈക്ക് യാത്രികൻ തൻ്റെ ഹെൽമെറ്റിൽ ഘടിപ്പിച്ച GoPro ക്യാമറ ഉപയോഗിച്ച് പകർത്തിയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
undefined
ട്രാഫിക് നിയമങ്ങളെ കുറിച്ച് അല്പംപോലും ധാരണയില്ലാതെയാണ് യുവതി വാഹനം ഓടിക്കുന്നതെന്ന് വീഡിയോയിൽ വ്യക്തമാണ്. അമിതവേഗതയിൽ മറ്റു വാഹനങ്ങളെ ഓവർടേക്ക് ചെയ്ത് നീങ്ങുന്ന യുവതി തൻറെ വണ്ടിയുടെ ഇൻഡിക്കേറ്റർ തെറ്റായ ദിശയിലിട്ട് മറ്റു വാഹനങ്ങളോടിക്കുന്നവരെ ബുദ്ധിമുട്ടിക്കുന്നതും വീഡിയോയിൽ കാണാം. ഇടതുവശത്തേക്ക് നീങ്ങുമ്പോൾ വലതു വശത്തേക്കുള്ള ഇൻഡിക്കേറ്റർ ഇട്ട് വണ്ടി ഓടിക്കുന്ന യുവതി പെട്ടെന്ന് തന്നെ മറ്റൊരു ബൈക്ക് യാത്രികനുമായി കൂട്ടിയിടിക്കുന്നു.
ഇതിനിടയിൽ അവരുടെ വണ്ടിയുടെ ബാലൻസ് തെറ്റി നിലത്ത് വീഴുന്നു. എന്നാൽ തെറ്റ് തന്റെ ഭാഗത്താണെന്ന് സമ്മതിക്കാതെ യുവതി മറ്റുള്ളവരോട് കയർക്കുന്നതും താനുമായി കൂട്ടിയിടിച്ച വണ്ടിയുടെ ചാവി ഊരി മാറ്റുന്നതും ആണ് വീഡിയോയിൽ ഉള്ളത്. ഈ സംഭവം നടന്നത് എവിടെയാണെന്ന് വ്യക്തമാക്കിയിട്ടില്ലെങ്കിലും സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ ഭാഗത്തുനിന്നും വലിയ വിമർശനമാണ് യുവതിക്കെതിരെ ഉയർന്നത്.
എന്നാൽ ഈ വീഡിയോ സ്കൂട്ടി ഓടിച്ച യുവതിയും ദൃശ്യങ്ങൾ ചിത്രീകരിച്ച യുവാവ് ചേർന്നു നടത്തിയ ഒരു പ്രാങ്ക് ആണെന്നും നിരവധി പേർ അഭിപ്രായപ്പെട്ടു. ഇവരുടെ youtube ചാനലിൽ ഈ വീഡിയോയുടെ മുഴുവൻ ദൃശ്യങ്ങളും ഉണ്ടെന്നും ആളുകൾ കൂട്ടിച്ചേർത്തു. ഇതോടെ യുവതിക്കും യുവാവിനും എതിരെ സോഷ്യൽ മീഡിയ ഉപയോക്താക്കൾ തിരിയുകയും ഇത്തരത്തിലുള്ള പ്രാങ്കുകൾ നിരോധിക്കാൻ അധികൃതർ നടപടിയെടുക്കണമെന്നും അഭിപ്രായങ്ങൾ ഉയർന്നു.
വായിക്കാം: എത്ര മനോഹരമായ കാഴ്ച, വിനായക ചതുർഥി ആഘോഷങ്ങളിൽ സജീവമായി നായ