രണ്ടാമത്തെ വയസിലാണ് ഭീംറാവുവിന് കാഴ്ച നഷ്ടപ്പെട്ടത്. എന്നാൽ, കാഴ്ചയില്ലാത്തത് ഭീംറാവുവിനെ വിവാഹം കഴിക്കുന്നതിൽ നിന്നും തന്നെ പിന്തിരിപ്പിച്ചില്ല എന്ന് ശോഭ പറയുന്നു.
എട്ട് മില്ല്യണിലധികം കാഴ്ച്ചക്കാരുമായി അതിമനോഹരമായ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ ആളുകളുടെ ഹൃദയം കവർന്നു കൊണ്ടിരിക്കുകയാണ്. അതിമനോഹരമായ ഒരു പ്രണയകഥയാണ് അത്. താനെ റെയിൽവേ സ്റ്റേഷനടുത്ത് നിന്നുമാണ് ഈ വീഡിയോ പകർത്തിയിരിക്കുന്നത്.
ഇൻഫ്ലുവൻസർ സിദ്ധേഷ് ലോകാരെയാണ് ഈ വീഡിയോ ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്നത്. കാഴ്ച്ചക്കുറവുള്ള ഭീംറാവു എന്നയാളും ഭാര്യ ശോഭയുമാണ് വീഡിയോയിൽ ഉള്ളത്. ഇരുവരുടേയും വിവാഹം കഴിഞ്ഞിട്ട് 43 വർഷമായി. സ്നേഹവും കഠിനാധ്വാനവും ഉണ്ടെങ്കിൽ ജീവിതം മനോഹരമാണ് എന്നാണ് ഈ ദമ്പതികൾ തെളിയിക്കുന്നത്. ഇരുവരും സ്റ്റേഷന് സമീപത്ത് ചെറുകടികളും മറ്റും വിൽക്കുകയാണ്.
'എപ്പോഴാണ് നിങ്ങൾ വിവാഹം കഴിച്ചത്?' എന്നാണ് സിദ്ധേഷ് ഇവരോട് ചോദിക്കുന്നത്. '1982 മാർച്ച് 12 -ന്' എന്നാണ് ഭീംറാവുവിന്റെ ഉത്തരം. ഞങ്ങൾ വിവാഹിതരായിട്ട് 43 വർഷമായി എന്നും അവർ പറയുന്നു. പിന്നീട്, എങ്ങനെയാണ് ഈ ജീവിതത്തിൽ ദമ്പതികൾ പരസ്പരം താങ്ങും തണലുമാകുന്നത് എന്നതാണ് വെളിപ്പെടുത്തുന്നത്.
രണ്ടാമത്തെ വയസിലാണ് ഭീംറാവുവിന് കാഴ്ച നഷ്ടപ്പെട്ടത്. എന്നാൽ, കാഴ്ചയില്ലാത്തത് ഭീംറാവുവിനെ വിവാഹം കഴിക്കുന്നതിൽ നിന്നും തന്നെ പിന്തിരിപ്പിച്ചില്ല എന്ന് ശോഭ പറയുന്നു. നമ്മൾ പരസ്പരം മനസിലാക്കുന്നു എന്നും എപ്പോഴും പരസ്പരം പിന്തുണച്ചുകൊണ്ട് പങ്കാളികളായി തുടരാമെന്ന് തീരുമാനിച്ചു എന്നുമാണ് ദമ്പതികൾ പറയുന്നത്.
ഒരാൾ മറ്റൊരാൾക്ക് വേണ്ടി എങ്ങനെയാണ് നിലകൊള്ളേണ്ടത് എന്ന് ഇരുവരുടേയും കഥ കേൾക്കുമ്പോൾ നമുക്ക് മനസിലാകും. പരസ്പരം മനസിലാക്കിയും ബഹുമാനിച്ചുമാണ് അവരുടെ ജീവിതം മുന്നോട്ട് പോകുന്നത്. ഭീംറാവു ഒരു ഷെഫിനെക്കാൾ നന്നായി പച്ചക്കറി അരിയുമെന്ന് ശോഭ പറയുമ്പോൾ, ഇവളാണ് നമ്മുടെ വീടിന്റെ ഹൃദയം എന്നാണ് ഭീംറാവു പറയുന്നത്.
സ്നേഹത്തിന്റെ നിർവചനമെന്താണ് എന്ന് ചോദിക്കുമ്പോൾ ശോഭയ്ക്ക് പറയാനുള്ളത് ഇതാണ്, 'തങ്ങൾ വഴക്ക് കൂടും പക്ഷേ രണ്ട് മിനിറ്റ് പോലും പിരിഞ്ഞിരിക്കാൻ സാധിക്കില്ല'. 'അത് അടുക്കളയിലെ പാത്രങ്ങൾ പോലെയാണ്, തട്ടിയും മുട്ടിയുമിരിക്കും എന്നാൽ തകരില്ല' എന്ന് ഭീംറാവു കൂട്ടിച്ചേർക്കുന്നു.
പുതുതലമുറയോട് ഇരുവർക്കും പറയാനുള്ളത് ഇതാണ്, കഠിനാധ്വാനം ചെയ്യുക, മറ്റുള്ളവർക്ക് കൂടി വേണ്ടി ജീവിക്കുക, അപ്പോഴാണ് ജീവിതം പൂർണമാവുന്നത്. എങ്കിലും, ഇരുവരും നിന്നുകൊണ്ടാണ് സകാധനങ്ങൾ വിൽക്കുന്നത്. ഒരു ചെറിയ സ്റ്റാൾ ഉണ്ടായിരുന്നെങ്കിൽ എന്ന ആഗ്രഹം ഇരുവരും മനസിൽ കാത്തുസൂക്ഷിച്ചിട്ടുണ്ട്. എന്തായാലും ഈ വീഡിയോയ്ക്ക് നിരവധിപ്പേരാണ് കമന്റുകൾ നൽകിയിരിക്കുന്നത്. 'സ്നേഹമാണ് എല്ലാത്തിനുമുള്ള മറുപടി' എന്നായിരുന്നു ഒരാൾ കമന്റ് നൽകിയത്.