കുട്ടിക്കാലത്തെ ഉള്ള തന്‍റെ ഒരു സ്വപ്നം, പ്രീമിയർ പത്മിനി സ്വന്തമാക്കുക എന്ന ആ സ്വപ്നം യാഥാര്‍ത്ഥ്യമായതായി യുവതി.
കുട്ടിക്കാലത്തെ ഉള്ള ഒരു സ്വപ്നം ഒടുവില്‍ യാഥാര്‍ത്ഥ്യമായപ്പോള്‍ ബെംഗളൂരു സ്വദേശിനിയായ രചന മഹാദിമാനെ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചു. വീഡിയോ വെറും എഴ് ദിവസം കൊണ്ട് കണ്ടത് 17 ലക്ഷം പേര്‍. രചനയുടെ ആ കുട്ടിക്കാല സ്വപ്നം ഒരു പ്രീമിയര്‍ പത്മിനി സ്വന്തമാക്കുക എന്നതായിരുന്നു. ചിത്രങ്ങള്‍ വരയ്ക്കുകയും നന്നായി വസ്ത്രം ധരിക്കുന്നതും ഇഷ്ടപ്പെടുന്ന രചന, താന്‍ വിന്‍റേജ് കാറിനെ ഏങ്ങനെ ഇഷ്ടപ്പെട്ട് തുടങ്ങിയെന്നും വീഡിയോയില്‍ പറയുന്നു. വീഡിയോയുടെ താഴെ നിരവധി പേരാണ് തങ്ങളുടെ സ്വപ്ന കാറിനൊപ്പം നിന്നത്.
തന്‍റെ കുട്ടിക്കാല സ്വപ്നങ്ങളുടെ ഭാഗമായിരുന്നു വിന്‍റേജ് കാറായ പ്രീമിയര്‍ പദ്മിനി. വിലകൂടിയ കാറുകളോടല്ല മറിച്ച് ക്ലാസിക് കാറുകളോടാണ് തന്‍റെ പ്രീയമെന്ന് രചന പറയുന്നു. "ഞാൻ എന്നെത്തന്നെ നുള്ളുകയാണ്. എന്‍റെ ജന്മദിനത്തിനായി ഞാൻ ഒരു കാർ വാങ്ങി. അത് എന്‍റെ സ്വപ്നങ്ങളുടെ കാറാണ്. ഞാൻ കുട്ടിയായിരുന്നപ്പോൾ മുതൽ ഈ കാറിനെക്കുറിച്ച് സ്വപ്നം കാണുകയായിരുന്നു," ഇൻസ്റ്റാഗ്രാമിലെ വീഡിയോയിൽ രചന മഹാദിമാനെ പറയുന്നു. വർഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ ഒരു പത്മിനിയെ സ്വന്തമാക്കിയപ്പോള്‍, കഴിഞ്ഞ രണ്ട് വര്‍ഷമായി തന്‍റെ അയൽപക്കങ്ങളില്‍ നിരവധി പ്രീമിയര്‍ പത്മിനികളെ താന്‍ കണ്ടെത്തിയെന്നും രചന പറയുന്നു.
രചനയുടേത് വെറുമൊരു ഇഷ്ടമായിരുന്നില്ല. നിരവധി വർഷങ്ങളുടെ അന്വേഷണത്തിനൊടുവിലാണ് അവര്‍ ഒരു പത്മിനിയെ കണ്ടെത്തിയത്. പക്ഷേ. അതിന്‍റെ അവസ്ഥ ഏറെ പരിതാപകരമായിരുന്നു. പിന്നാലെ മാസങ്ങളോളും നീണ്ട അറ്റകുറ്റപ്പണിക്കൊടുവില്‍ അടുത്തിടെയാണ് കാര്‍ നിരത്തിലിറക്കിയത്. അതും തന്‍റെ ഇഷ്ടനിറമായ പൊടി നീല നിറത്തില്‍, സന്തോഷം അടക്കിവയ്ക്കാതെ രചന തന്‍റെ വീഡിയോയില്‍ പറയുന്നു. ഇതിനിടെ തെരുവില്‍ വച്ച് കണ്ടെത്തിയ പത്മിനികളുടെ ചിത്രങ്ങള്‍ താന്‍ വരച്ചിരുന്നെന്നും രചന കൂട്ടിചേര്‍ക്കുന്നു. ഒടുവില്‍ ആ കാർ ഓടിക്കാന്‍ പറ്റിയതില്‍ തനിക്ക് ഏറെ സന്തോഷമുണ്ടെന്നും അവര്‍ പറയുന്നു.
നിരവധി പേരാണ് രചനയെ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടിയത്. 'ആഡംബര കാർ ചേസിംഗിന്‍റെ ലോകത്ത്, ഇത് തികച്ചും യഥാർത്ഥ സ്നേഹ പ്രകടനമാണ്' ഒരു കാഴ്ചക്കാരന്‍ എഴുതി. താന്‍ ആദ്യമായി ഡ്രൈവിംഗ് പഠിച്ചത് പത്മിനിയിലാണ്. നിങ്ങള്‍ക്കും നിങ്ങളുടെ പത്മിനിക്കും അഭിനന്ദനങ്ങള്‍... മറ്റൊരാൾ എഴുതി. താന്‍ അടുത്തിടെ ഒരു അംബാസിഡർ വാങ്ങിയെന്നും അതില്‍ കന്യാകുമാരിയെ കശ്മീരിലേക്ക് കൊണ്ടുപോയെന്നും നിങ്ങളും നിങ്ങളുടെ പത്മിനിയെ സ്നേഹിക്കുകയെന്നും മറ്റ് ചിലർ എഴുതി. 2023 വരെ മുംബൈ തെരുവുകളില്‍ 'കാലി പീലി' എന്ന പേരില്‍ മുംബൈ ടാക്സികാബുകളായി പ്രീമിയര്‍ പത്മിനി സേവനമനുഷ്ഠിച്ചിരുന്നു.