പലതരം വൈറല്‍ കാഴ്ചകള്‍ സോഷ്യല്‍ മീഡിയിലൂടെ നമ്മുടെ മനം കവരാറുണ്ട്. ചില വീഡിയോകള്‍ അത്ഭുതപ്പെടുത്തുന്നു. അത്തരമൊരു വീഡിയോയാണ് ഇപ്പോള്‍ ദശലക്ഷക്കണക്കിന് പേര്‍ കണ്ടത്.
കുഞ്ഞുവാവകളുടെ മോണകാട്ടിയുള്ള പാല്‍പുഞ്ചിരി ഇഷ്ടപ്പെടാത്തവരുണ്ടോ കാണുന്നവരുടെ മനസ്സിനെ അലിയിപ്പിക്കുന്ന കുഞ്ഞാവ ചിരികള്‍ നാമെത്ര കണ്ടിട്ടുണ്ട്. എന്നാല്‍ വായില്‍ നിറയെ പല്ലുകളുമായി നവജാതശിശു ചിരിക്കുന്നത് കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ സോഷ്യല്‍ മീഡിയയില്‍ ദശലക്ഷക്കണക്കിന് കാഴ്ചക്കാരുള്ള ഈ വീഡിയോ കണ്ടാല്‍ മതി.
സാധാരണയായി കുഞ്ഞുങ്ങള്‍ ജനിക്കുമ്പോള്‍ പല്ലുകള്‍ ഉണ്ടാകാറില്ല. പതിയെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും പാല്‍പ്പല്ലുകള്‍ മുളയ്ക്കുകയും അവ കൊഴിഞ്ഞ് പുതിയവ വരികയും 21 വയസ്സ് പൂര്‍ത്തിയാകുന്നതോടെ 32 സ്ഥിരമായുള്ള പല്ലുകള്‍ ഉണ്ടാകുന്നതുമാണ് പതിവ്. എന്നാല്‍ ഇന്‍സ്റ്റാഗ്രാമില്‍ ഒരമ്മ പങ്കുവെച്ച കുഞ്ഞിന്‍റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയെ അത്ഭുതപ്പെടുത്തുന്നത്. തന്‍റെ കുഞ്ഞിന് ജനിച്ചപ്പോള്‍ തന്നെ 32 പല്ലുകളും ഉണ്ടെന്ന് അമ്മ പറയുന്നു.
അപൂര്‍വ്വമായ ഈ അവസ്ഥയെ കുറിച്ച് ബോധവത്കരിക്കാനാണ് താന്‍ ഈ വീഡിയോ ചെയ്യുന്നതെന്നും അവര്‍ പറയുന്നു. നേറ്റല്‍ ടീത്ത് എന്നാണ് ഈ അപൂര്‍വ്വ അവസ്ഥയെ വിളിക്കുന്നത്. കുഞ്ഞ് പല്ലുകളോടെ ജനിക്കുന്ന അവസ്ഥയാണിത്. ഇതിനെ കുറിച്ച് അറിയാത്തവരെ ബോധവത്കരിക്കുകയാണ് യുവതി തന്‍റെ വീഡിയോയിലൂടെ ലക്ഷ്യമിടുന്നത്. ഈ അവസ്ഥ കുഞ്ഞിന് പ്രശ്നങ്ങള്‍ ഉണ്ടാക്കില്ലെങ്കിലും മുലപ്പാല്‍ കൊടുക്കുന്ന സമയത്ത് അമ്മയ്ക്ക് ചില ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കാനുള്ള സാധ്യതയുണ്ട്. മാത്രമല്ല ഏതെങ്കിലും കാരണം കൊണ്ട് പല്ല് പൊട്ടിയാല്‍ കുഞ്ഞിന്‍റെ വായില്‍ പോകാനുള്ള സാധ്യതയുമുണ്ട്. മൂന്നു മില്യനിലധികം പേരാണ് ഈ വീഡിയോ കണ്ടത്. ഈ അവസ്ഥയെ കുറിച്ചുള്ള അറിവ് പങ്കുവെച്ചതിന് പലരും യുവതിയോട് നന്ദിയും അറിയിച്ചിട്ടുണ്ട്.