വളരെ വിനയത്തോടെ ബഹുമാനത്തോടെയാണ് വിമാനത്താവളത്തിലെ സ്റ്റാഫ് കുരങ്ങിനോട് പുറത്ത് പോകാന്‍ ആവശ്യപ്പെടുന്നത്. അവരുടെ ഈ പ്രവൃത്തിയാണ് കാഴ്ചക്കാരെ ആകര്‍ഷിച്ചതും.
സിംഗപ്പൂരിലെ ചാംഗി വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസമെത്തിയ കുരങ്ങുകളെ കൊണ്ട് വിമാനത്താവള അധികൃതർ അക്ഷരാര്‍ത്ഥത്തില്‍ വശം കെട്ടു. വിമാനത്താവളത്തിലെത്തിയ കുരങ്ങുകളിലൊന്നിനോട് പുറത്ത് പോകാന്‍ ആവശ്യപ്പെടുന്ന യൂണിഫോം ധരിച്ച ഒരു സ്റ്റാഫ് അംഗത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ഇതിനിടെ വൈറലായി. കുരങ്ങിനെ ടെർമിനലിൽ നിന്ന് സാവധാനം പുറത്തേക്ക് നയിക്കുന്ന വനിതാ എയർപോർട്ട് ജീവനക്കാരിയുടെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. അങ്ങേയറ്റം ശാന്തതയോടെയും സഹിഷ്ണുതയോടെയുമാണ് യുവതി കുരങ്ങിനോട് പുറത്ത് പോകാന്‍ ആവശ്യപ്പെട്ടത്.
ടിക്ടോക്കിലാണ് ആദ്യമായി ഈ വീഡിയോ പങ്കുവയ്ക്കപ്പെട്ടതെങ്കിലും വളരെ പെട്ടെന്ന് തന്നെ മറ്റ് സമൂഹ മാധ്യമങ്ങളിലും വീഡിയോ വൈറലായി. കുരങ്ങുകളോട് പോലും ഇത്രയേറെ ശാന്തതയോടെ സംസാരിക്കാന്‍ തയ്യാറായ യുവതിയെ സമൂഹ മാധ്യമ ഉപയോക്താക്കള്‍ പ്രശംസിച്ചു. നിരവധി പേര്‍ രസകരമായ കുറിപ്പുകളുമായി വീഡിയോയ്ക്ക് താഴെ എത്തി. ജസ്റ്റിൻ സൺ എന്ന കോടിപതി 6.2 ദശലക്ഷം ഡോളറിന് വാങ്ങിയ 'വാഴപ്പഴ കലാസൃഷ്ടി' കഴിച്ച് തീര്‍ത്ത സംഭവത്തെ ഓർത്തെടുത്ത ഒരു കാഴ്ചക്കാരന്‍ തമാശയായി പറഞ്ഞത്, "8.3 ദശലക്ഷം ഡോളർ വിലമതിക്കുന്ന തന്‍റെ കാണാതായ വാഴപ്പഴം തിരയുകയായിരുന്നു അദ്ദേഹം." എന്നായിരുന്നു.
undefined
"പുറത്തേക്കുള്ള ആ ആംഗ്യമാണ് എന്നെ ആകർഷിച്ചത്." എന്നായിരുന്നു മറ്റൊരു കുറിപ്പ്. "മൃഗമായാലും മനുഷ്യനായാലും, മര്യാദ പ്രധാനമാണ്!" എന്നായിരുന്നു ഒരാളുടെ നിരീക്ഷണം. പക്ഷേ. മൃഗത്തെ എങ്ങനെ മര്യാദ പഠിപ്പിക്കുമെന്ന് മാത്രം അദ്ദേഹം എഴുതിയില്ല. അതേസമയം സിംഗപ്പൂരിലെ ചാംഗി വിമാനത്താവളത്തിൽ കുരങ്ങുകള്‍ അലഞ്ഞുതിരിയുന്ന കാഴ്ച അത്ര അസാധാരണമല്ലെന്ന് റിപ്പോർട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. ഈ വീഡിയോയ്ക്കൊപ്പം പങ്കുവയ്ക്കപ്പെട്ട മറ്റൊരു വീഡിയോയില്‍ വിമാനത്താവളത്തിലെ സ്റ്റെയര്‍കേസിലൂടെ നടന്ന് നീങ്ങുന്ന നിരവധി കുരങ്ങുകളെയും കാണാം.