ന്യൂയോര്‍ക്ക് നഗരത്തിലെ പ്രശസ്തമായ മാന്‍ഹാട്ടനിലും ടൈം സ്ക്വയറിലും കൂടുകൂട്ടിയ തേനീച്ചകളാണ് യാത്രക്കാര്‍ക്ക് ഭീഷണിയായത്. പതിനായിരക്കണക്കിന് തേനീച്ചകള്‍ ടൈം സ്ക്വയറിലെ വിവിധ കെട്ടിടങ്ങളില്‍ ചേക്കേറുകയായിരുന്നു. ഇവ നിരത്തിലേക്ക് പറക്കാന്‍ തുടങ്ങിയതോടെ യാത്രക്കാര്‍ക്ക് നടക്കാന്‍ പറ്റാത്ത സ്ഥിതിവിശേഷമായി.
കാനഡയിലെ കാട്ടുതീയില്‍ നിന്നും ഉയര്‍ന്ന പുകയ്ക്കുള്ളിലായിരുന്നു കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ന്യൂയോര്‍ക്ക് നഗരം. പുകയാല്‍ മൂടപ്പെട്ട നഗരത്തിന്‍റെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പങ്കുവയ്ക്കപ്പെട്ടിരുന്നു. പിന്നാലെ ഹവായി ദ്വീപിലെ കിലോയ അഗ്നിപര്‍വ്വതം സജീവമായത് ഏറെ ആശങ്ക സൃഷ്ടിച്ചു. ദിവസങ്ങള്‍ക്കൊടുവില്‍ പുക അടങ്ങി, നഗരത്തിലെ വായു ശ്വാസയോഗ്യമായപ്പോള്‍ ടൈം സ്ക്വയര്‍ മറ്റൊരു പ്രതിസന്ധി നേരിടുകയാണ്. ഇത്തവണ നഗരത്തെ വിറപ്പിച്ചിരിക്കുന്നത് തേനീച്ചകളാണ്.
ന്യൂയോര്‍ക്ക് നഗരത്തിലെ പ്രശസ്തമായ മാന്‍ഹാട്ടനിലും ടൈം സ്ക്വയറിലും കൂടുകൂട്ടിയ തേനീച്ചകളാണ് യാത്രക്കാര്‍ക്ക് ഭീഷണിയായത്. പതിനായിരക്കണക്കിന് തേനീച്ചകള്‍ ടൈം സ്ക്വയറിലെ വിവിധ കെട്ടിടങ്ങളില്‍ ചേക്കേറുകയായിരുന്നു. ഇവ നിരത്തിലേക്ക് പറക്കാന്‍ തുടങ്ങിയതോടെ യാത്രക്കാര്‍ക്ക് നടക്കാന്‍ പറ്റാത്ത സ്ഥിതിവിശേഷമായി. ഇതിനിടെ ആരോ തേനീച്ചകളുടെ വീഡിയോ ചിത്രീകരിച്ച് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചത് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി.
ഇതിനിടെ ന്യൂയോര്‍ക്ക് നഗരം പോലീസ് വളഞ്ഞു. അതും തേനീച്ചകളെ പിടിക്കാനായി. തേനീച്ച പിടിത്തത്തില്‍ പ്രോഫഷണലുകളെ കൊണ്ട് വന്ന് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമത്തിലായിരുന്നു ന്യൂയോര്‍ക്ക് പോലീസ്. തുടര്‍ന്ന് തേനീച്ചകള്‍ റാണിയോടൊപ്പം കൂടിച്ചേര്‍ന്നിരിക്കുന്ന ഭാഗങ്ങളില്‍ നിന്നും അവയെ നീക്കം ചെയ്യുന്ന ജോലി വളരെ വേഗത്തില്‍ പുരോഗമിച്ചു. ഗ്രാമങ്ങളില്‍ തേനീച്ച കോളനികള്‍ സാധാരണമാണ്. എന്നാല്‍, നഗര ഹൃദയങ്ങളില്‍ അവയുടെ സാന്നിധ്യമുണ്ടെങ്കിലും ഇത്രയും ശക്തമായ സാന്നിധ്യം ആദ്യമായിട്ടായിരുന്നു. വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടതിന് പിന്നാലെ നിരവധി പേര്‍ കമന്‍റുമായെത്തി. ചിലര്‍ ഏറ്റവും മോശമായ പേടിസ്വപ്നം എന്നാണ് വിളിച്ചത്. "7 ബാധകളോ അതോ അതുപോലെ മറ്റെന്തെങ്കിലുമോ?" എന്നായിരുന്നു ചില വിശ്വാസികള്‍ ചോദിച്ചത്. മറ്റ് ചിലര്‍ തേനിച്ചകളെ സംരക്ഷിക്കണമെന്നും നശിപ്പിക്കരുതെന്നും അവ ഈ ഭൂമിക്ക് ആവശ്യമുള്ളവയാണെന്നും കുറിച്ചു.