കാറില്‍ നിന്നും ചിത്രീകരിച്ച വീഡിയോയിൽ യുവതി ഏറെ അസ്വസ്ഥയായി കാണക്കപ്പെട്ടു. ചിലര്‍ തന്നെ പിന്തുടരുന്നുണ്ടെന്നും ആരെങ്കിലും രക്ഷിക്കൂവെന്നും ഇവര്‍ വിളിച്ച് പറയുന്നതും വീഡിയോയില്‍ കേൾക്കാം.
നഗരങ്ങളിൽ സ്ത്രീകൾ കൂടുതല്‍ ആക്രമിക്കപ്പെടുന്നത് രാത്രികളിലാണ്. ഇരുട്ടിന്‍റെ മറപറ്റിയാണ് പലപ്പോഴും ഇത്തരം അക്രമണങ്ങള്‍ നടക്കുന്നത്. എന്നാല്‍ ബെംഗളൂരു നഗരത്തിലെ പ്രധാന റോഡില്‍ കൂടി ഒരു കാറില്‍ പോവുകയായിരുന്ന യുവതിയെ ഒരു കൂട്ടം ചെറുപ്പക്കാര്‍ പിന്തുടര്‍ന്ന് ശല്യം ചെയ്യുന്ന വീഡിയോ സമൂഹ മാധ്യമ ഉപയോക്താക്കൾക്കിടയില്‍ വ്യാപകമായി പ്രചരിച്ചു. പലരും നഗരത്തിന്‍റെ സുരക്ഷയില്‍ സംശയം പ്രകടിപ്പിച്ചു. ബെംഗളുരുവിലെ കോറമംഗലയ്ക്ക് സമീപത്ത് വച്ചാണ് ഒരു ബൈക്കില്‍ ഹെല്‍മറ്റ് പോലുമില്ലാത്തെ ട്രിപ്പിൾ അടിച്ച് വന്ന ചെറുപ്പക്കാര്‍ യുവതിയുടെ കാറിനെ പിന്തുടര്‍ന്നത്. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവമെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ബെംഗളൂരു ഐജി എന്ന ഇന്‍സ്റ്റാഗ്രാം പേജില്‍ പങ്കുവയ്ക്കപ്പെട്ട വീഡിയോയില്‍ പലപ്പോഴും ശ്വാസം കിട്ടാതെ തന്നെ ആരെങ്കിലും സഹായിക്കൂവെന്ന് നിലവിളിക്കുന്ന യുവതിയുടെ ശബ്ദം കേൾക്കാം. ഒപ്പം ഒരു കാറിനെ പിന്തുടരുന്ന ഒരു സ്കൂട്ടറിനെയും കാണാം. കാറിൽ വച്ച് യുവതി പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് പരാതി പറയുന്നതാണ് വീഡിയോയില്‍ കേൾക്കാന്‍ കഴിയുന്നത്. തന്‍റെ പേര് പ്രീയം സിംഗ് എന്നാണെന്നും തന്നെ മൂന്ന് പേര്‍ ഒരു സ്കൂട്ടിയില്‍ പിന്തുടരുകയാണെന്നും യുവതി പറയുന്നു. ഒപ്പം സ്കൂട്ടറിന്‍റെ നമ്പറും യുവതി പറയുന്നത് കേള്‍ക്കാം. വീഡിയോയില്‍ ഹെല്‍മറ്റ് ധരിക്കാതെ ഒരു സ്കൂട്ടറില്‍ ട്രിപ്പിൾ അടിച്ച് എത്തിയ മൂന്ന് യുവാക്കൾ ഇടയ്ക്ക് കാറിന് മുന്നിലും ചിലുപ്പോൾ പിന്നിലുമായി യുവതിയെ പിന്തുടരുന്നു. ഇതിനിടെ ഇവര്‍ കാറിന്‍റെ ഡോർ തുറക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം.
ഭയന്ന് പോയ യുവതി നിലവിളിക്കുന്നതിന് സമാനമായാണ് പോലീസിനോട് സംഭവം വിവരിക്കുന്നത്. ഇടയ്ക്ക് യുവാക്കളെ വെട്ടിച്ച് യുവതി ഒരുവളവ് തിരിഞ്ഞ് പോയപ്പോള്‍ ഇവര്‍ തിരിച്ചെത്തി യുവതിയുടെ കാറിനോടൊപ്പം നീങ്ങുന്നതും വീഡിയോയില്‍ കാണാം. മൂന്ന് ദിവസം മുമ്പാണ് വീഡിയോ സമൂഹ മാധ്യമത്തില്‍ പങ്കുവയ്ക്കപ്പെട്ടതെങ്കിലും എന്നാണ് സംഭവം നടന്നതെന്ന് ഉറപ്പില്ല. വീഡിയോ വൈറലായതോടെ സമൂഹ മാധ്യമ ഉപയോക്താക്കൾ രണ്ട് തട്ടില്ലായി. ഒരു വിഭാഗം സ്ത്രീകളുടെ സുരക്ഷയെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ചപ്പോള്‍ മറുവിഭാഗം യുവാക്കൾ അവരെ പിന്തുടരണമെങ്കില്‍ അതിന് മുമ്പ് എന്തെങ്കിലും സംഭവിച്ചിട്ടുണ്ടാകുമെന്നും അതെന്താണെന്നും ചോദിച്ച് രംഗത്തെത്തി.
അതേസമയം ബെംഗളൂരു നഗരത്തില്‍ വച്ച് സമാന അനുഭവങ്ങള്‍ മറ്റ് ചിലരും പങ്കുവച്ചു. 'ആരും യാദൃച്ഛികമായി നിങ്ങളുടെ കാറിനെ പിന്തുടരുകയോ അടിക്കുകയോ ചെയ്യില്ല. എന്താണ് പിന്നിലെ കഥ? റോഡിൽ നല്ല തിരക്കുണ്ടെന്ന് തോന്നുന്നു. പരിഭ്രാന്തരാകരുത്.' ഒരു കാഴ്ചക്കാരന്‍ എഴുതി. 'ബാംഗ്ലൂർ പോലീസ് യഥാർത്ഥത്തിൽ എന്തെങ്കിലും ചെയ്തോ? അവരുടെ കയ്യിൽ ഇപ്പോൾ വണ്ടി നമ്പർ ഉണ്ട്.' മറ്റൊരു കാഴ്ചക്കാരന്‍ കുറിച്ചു. 'ഇനി നാട്ടുകാര്‍ എന്തെങ്കിലും ചെയ്യുന്നത് വരെ ബെംഗളൂരു പോലീസ് പ്രതികരിക്കില്ല' എന്നായിരുന്നു മറ്റൊരു കുറിപ്പ്. കോറമംഗലയില്‍ നിന്നും ഇതിന് മുമ്പും സമാനമായ അനുഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.