ഹോസ്റ്റലിലെ മെസ് ജീവനക്കാരന്‍ തന്‍റെ കാൽ ഉപയോഗിച്ച് ഉരുളക്കിഴങ്ങ് വൃത്തിയാക്കുന്ന വീഡിയോ വൈറല്‍
ഹോട്ടലുകളിലും ഹോസ്റ്റലുകളിലും വിളമ്പുന്ന ഭക്ഷണത്തിന്‍റെ ഗുണ നിലവാരത്തെ കുറിച്ച് നിരന്തരം പരാതികളാണ് ഉയരുന്നത്. ഹോട്ടലുകളില്‍ നിന്ന് പരാതികൾ ഉയരുമ്പോൾ ഭക്ഷ്യസുരക്ഷാ വകുപ്പ് അന്വേഷണത്തിന് എത്തുകയും പഴകിയ ഭക്ഷണത്തിന്‍റെ പേരില്‍ പിഴ ചുമത്തി ഹോട്ടല്‍ അടച്ചിടുന്നു. എന്നാല്‍ പിഴ തുക അടച്ചതിന് പിന്നാലെ പതിവ് പോലെ ഹോട്ടലുകള്‍ വീണ്ടും തുറക്കുന്നു. ഹോസ്റ്റലുകളിലാകട്ടെ കാര്യമായ പരിശോധനകളും നടക്കുന്നില്ല. ഇതിനിടെയാണ് ലക്നൌ സർവകലാശാലയിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ ഭക്ഷണം തയ്യാറാക്കുന്നതിന്‍റെ ഒരു വീഡിയോ ഒരു വിദ്യാര്‍ത്ഥി രഹസ്യമായി ചിത്രീകരിച്ച് സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചത്. വീഡിയോ വളരെ വേഗം തന്നെ വൈറലായി.
തന്‍റെ മുറിയില്‍ നിന്നും ഒരു വിദ്യാര്‍ത്ഥി രഹസ്യമായി പകര്‍ത്തിയ ദശ്യങ്ങളാണ് വൈറലായത്. മുകൾ നിലയില്‍ നിന്നുമുള്ള വീഡിയോയില്‍ ഒരു യുവാവ് വലിയൊരു ചെരുവത്തില്‍ ഉരുളക്കിഴങ്ങുകൾ ഇട്ട് വെള്ളം ഒഴിച്ച ശേഷം അതിനുള്ളില്‍ കയറി നിന്ന് കാലുകൾ ഉപയോഗിച്ച് ചവിട്ടിക്കഴുകുന്നത് കാണാം. അല്പം സമയം ഇങ്ങനെ ചെയ്തതിന് ശേഷം ഇയാള്‍ ചരുവത്തിലെ വെള്ളം മറിച്ച് കളയുന്നതോടെ വീഡിയോ അവസാനിക്കുന്നു. ഈ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടതിന് പിന്നാലെ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികൾ രംഗത്തെത്തി.
ലഖ്നൗ സർവകലാശാലയിലെ ഹോമി ജഹാംഗീർ ഭാഭ ഹോസ്റ്റലിൽ നിന്നുള്ള വീഡിയോ പുറത്ത് വന്നതിന് പിന്നാലെ സർവകലാശാല അധികൃതർ വിഷയത്തില്‍ അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ഞായറാഴ്ചയാണ് വീഡിയോ പകര്‍ത്തിയതെന്ന് കരുതുന്നു. വിദ്യാർത്ഥികളുടെ ഹോസ്റ്റലിലെ ഭക്ഷണം കൈകാര്യം ചെയ്യുന്ന രീതി സമൂഹ മാധ്യമ ഉപയോക്താക്കളുടെ രൂക്ഷമായ പ്രതികരണത്തിനും കാരണമായി. വീഡിയോയെ കുറിച്ച് വിവരം ലഭിച്ചതായും സംഭവത്തില്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും സര്‍വകലാശാല വക്താവ് പ്രൊഫസർ ദുർഗേഷ് ശ്രീവാസ്തവ അറിയിച്ചു.