വനിതാ റിപ്പോര്‍ട്ടർ ഒരു കാളയ്ക്ക് മുന്നില്‍ നിന്നും തത്സമയം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ഇരുവശത്ത് നിന്നും പെട്ടെന്ന് പാഞ്ഞെത്തിയ കാളകള്‍ റിപ്പോര്‍ട്ടറെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
സമൂഹ മാധ്യമങ്ങളുടെ വരവോടെ സമൂഹത്തിന്‍റെ പല മേഖലകളിലും മാറ്റങ്ങള്‍ ദൃശ്യമായി. ഇക്കൂട്ടത്തില്‍ പ്രകടമായ മാറ്റമുണ്ടായ ഒന്നാണ് വാര്‍ത്താ ചാനലുകളുടെ ലൈവ് റിപ്പോര്‍ട്ടിംഗ്. സംഭവ സ്ഥലത്ത് നിന്നുള്ള ലൈവ് റിപ്പോര്‍ട്ടിംഗില്‍ കാഴ്ചക്കാരെ പിടിച്ചിരുത്താന്‍ കാര്യമാത്ര പ്രസക്തമായ ഭാഗം മാത്രം പറഞ്ഞാല്‍ പോരാ എന്ന അവസ്ഥയിലേക്കാണ് കാര്യങ്ങളെത്തിച്ചത്. ഇതിന് പിന്നാലെ വെള്ളക്കെട്ടില്‍ കഴുത്തോളം വെള്ളത്തിലിറങ്ങിയും തെങ്ങിന്‍ മുകളില്‍ കയറിയും വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാന്‍ തുടങ്ങി. ലോകമെങ്ങുമുള്ള ലൈവ് റിപ്പോര്‍ട്ടിംഗില്‍ ഈ മാറ്റം ഇന്ന് ദൃശ്യമാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ പലപ്പോഴും റിപ്പോര്‍ട്ടര്‍മാർ പലപ്പോഴും അബദ്ധങ്ങളിലും അപകടങ്ങളിലും ചെന്ന് വീഴാറുമുണ്ട്. അത്തരത്തില്‍ ഒരു അപകടത്തിന്‍റെ വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
തത്സമയ റിപ്പോര്‍ട്ടിംഗിനിടെ പാക് മാധ്യമ പ്രവര്‍ത്തകയെ ഒരു കാള കുത്തിയതായിരുന്നു സംഭവം. തിരക്കേറിയ ഒരു കന്നുകാലി ചന്തയിൽ നിന്നും പശുക്കളുടെ വില്പനയെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ അപ്രതീക്ഷിതമായി ഒരു കാള വനിതാ റിപ്പോര്‍ട്ടറെ കുത്തി തെറിപ്പിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടതിന് പിന്നാലെ വൈറലായി. വീഡിയോയില്‍ വനിതാ റിപ്പോര്‍ട്ടർ ഒരു കാളയ്ക്ക് മുന്നില്‍ നിന്നും തത്സമയം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ഇരുവശത്ത് നിന്നും പെട്ടെന്ന് പാഞ്ഞെത്തിയ കാളകള്‍ റിപ്പോര്‍ട്ടറെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടി കൊണ്ട റിപ്പോര്‍ട്ടര്‍ നിലവിളിയോടെ തെറിച്ച് വീഴുന്നതും വീഡിയോയില്‍ കാണാം. പിന്നാലെ ചുറ്റും കൂടി നിന്നവര്‍ കാളയെ പിടിച്ച് മാറ്റി താഴെ വീണ മൈക്ക് എടുത്ത് നീട്ടുന്നതും വീഡിയോയില്‍ കാണാം.
undefined
Bull Hits Reporter during Live tv Coverage in Pakistan
pic.twitter.com/eP23iFXykv
ലാഹോർ ആസ്ഥാനമായുള്ള വാർത്താ സംഘടനയായ സിറ്റി 42 -ന്‍റെ വനിതാ റിപ്പോര്‍ട്ടര്‍ക്കാണ് കാളയുടെ ഇടിയേറ്റത്. എപ്പോള്‍ എവിടെ വച്ചാണ് സംഭവം എന്ന് വ്യക്തമല്ല. ഈദ്-അൽ-അദ്ഹയോട് അനുബന്ധിച്ചാണ് സംഘടിക്കപ്പെട്ട ഒരു കന്നുകാലി ചന്തയിലാണ് സംഭവമെന്ന് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. വൈറല്‍ വീഡിയോകള്‍ പങ്കുവയ്ക്കുന്ന എക്സ് ഉപയോക്താവായ ഘർ കെ കലേഷ് എന്ന് ഹാന്‍റില്‍ നിന്നുമാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. വീഡിയോ ഇതിനകം പത്ത് ലക്ഷത്തോളം പേര്‍ കണ്ടുകഴിഞ്ഞു. 'തത്സമയ റിപ്പോര്‍ട്ടിംഗിനിടെ ടിവിയിൽ അപ്രതീക്ഷിതവും ഞെട്ടിക്കുന്നതുമായ നിമിഷമായിരുന്നു അത്. അത്തരമൊരു അപകടകരമായ സാഹചര്യത്തിൽ സംയമനം പാലിച്ചതിന് റിപ്പോർട്ടർക്ക് അഭിനന്ദനം. ഫീൽഡിൽ എല്ലായ്പ്പോഴും സുരക്ഷയ്ക്ക് മുൻഗണന നൽകണം' ഒരു കാഴ്ചക്കാരനെഴുതി. 'പിന്നില്‍ നിന്ന് കുത്തുകിട്ടുമെന്നാണ് ഞാന്‍ കരുതിയത്. പക്ഷേ, ഇത് അപ്രതീക്ഷിത ട്വിസ്റ്റായി.' മറ്റൊരു കാഴ്ചക്കാരനെഴുതി.