എട്ട് വര്‍ഷം മുമ്പ് കൂട്ടം തെറ്റിയെത്തിയതാണ്. പിന്നെ കുടുംബത്തിലെ ഒരംഗമായി മാറി. ഇന്ന് വീട്ടുകാര്‍ക്കുള്ള റൊട്ടി ചുടുന്നതും പാത്രങ്ങൾ കഴുകിവയ്ക്കുന്നതും റാണിയാണ്.
മറ്റ് ജീവിവര്‍ഗ്ഗങ്ങളില്‍ നിന്നെല്ലാം മനുഷ്യനെ വ്യത്യസ്തനാക്കുന്നത് അവന്‍റെ സാമൂഹിക ജീവിതമാണ്. പല തരത്തിലുള്ള ജോലികൾ ചെയ്ത് ഒരുമിച്ച് ഒരു സമൂഹമായുള്ള മനുഷ്യ ജീവിതം മറ്റൊരു ജീവിക്കും ഇതുവരെ സാധിച്ചിട്ടില്ല. എന്നാല്‍, മനുഷ്യരോടൊത്തുള്ള സഹവാസം മറ്റ് ജീവി വര്‍ഗങ്ങളെ ചില കാര്യങ്ങൾക്ക് പ്രാപ്തരാക്കുമെന്നതിന് നിരവധി ഉദാഹരണങ്ങളുണ്ട് താനും. മൈന, തത്തകൾ പോലുള്ള പക്ഷികള്‍ മനുഷ്യരുടെ ഭാഷ സംസാരിക്കുന്നതും നായകള്‍ കടകളില്‍ പോയി സാധാനങ്ങള്‍ കൊണ്ടുവരുന്നതും നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍, ഒരു കുരങ്ങന്‍ റൊട്ടിയുണ്ടാക്കി, പാത്രം കഴുകുമെന്ന് പറഞ്ഞാല്‍? അതെ അങ്ങനെ ഒരു കുരങ്ങനുണ്ട്, അങ്ങ് ഉത്തര്‍പ്രദേശില്‍.
ഉത്തർപ്രദേശിലെ റായ്ബറേലിയിലെ ഒരു കുടുംബത്തോടൊപ്പമാണ് വീട്ടിലെ ഒരു അംഗത്തെ പോലെ ഒരു കുരങ്ങനുള്ളത്. റാണി എന്നാണ് കുരങ്ങന്‍റെ പേര്. റാണി മനുഷ്യർ ചെയ്യുന്ന പല ജോലികളും ചെയ്യാന്‍ കഴിവുള്ളവളാണ്. റാണിയെ കുറിച്ചുള്ള വീഡിയോ യൂട്യൂബില്‍ പങ്കുവയ്ക്കപ്പെട്ടതിന് പിന്നാലെ റാണി, സമൂഹ മാധ്യമങ്ങളിലും വൈറലായി. നാട്ടുകാർ അവളെ 'ജോലി ചെയ്യുന്ന കുരങ്ങ്' എന്ന് സ്നേഹപൂര്‍വ്വം വിളിക്കുന്നു. എന്നാല്‍ 'കുരങ്ങ്' എന്ന വിളിക്ക് റാണി പ്രതികരിച്ചെന്ന് വരില്ല. മറിച്ച് 'റാണി' എന്ന് നിങ്ങള്‍ അവളെ അഭിസംബോധന ചെയ്താല്‍ അവള്‍ നിങ്ങളോട് പ്രതികരിക്കും. കഴിഞ്ഞ എട്ട് വര്‍ഷമായി ഭദോഖർ പോലീസ് സ്റ്റേഷൻ പരിധിയിലെ സദ്വ ഗ്രാമത്തിൽ താമസിക്കുന്ന കർഷകനായ വിശ്വനാഥിന്‍റെ കുടുംബത്തിലെ ഒരംഗമാണ് റാണി. അവൾ, വിശ്വനാഥിന്‍റെ കുടുംബത്തോടൊപ്പം ഉറങ്ങുകയും ഉണരുകയും ഇരിക്കുകയും, ഭക്ഷണം കഴിക്കുകയും വെള്ളം കുടിക്കുകയും ചെയ്യുന്നു. അതും കുടുംബത്തിലെ മറ്റേതൊരു അംഗത്തെയും പോലെ.
എട്ട് വര്‍ഷം മുമ്പ് ഒരു ദിവസം ഗ്രാമത്തില്‍ വലിയ തോതില്‍ ശല്യമുണ്ടാക്കിക്കൊണ്ട് കുരങ്ങുകളുടെ ഒരു കൂട്ടം കടന്ന് പോയി. ഈ കൂട്ടത്തില്‍ നിന്നും ഒറ്റപ്പെട്ട് പോയ ഒരു കുഞ്ഞിക്കുരങ്ങായിരുന്നു റാണി. വിശ്വനാഥിന്‍റെ ഭാര്യ അവളെ എടുത്ത് വളര്‍ത്തി, അതും വീട്ടിലെ പുതിയൊരു അംഗത്തെ പോലെ. താന്‍ എന്ത് വീട്ട് ജോലി ചെയ്യുമ്പോഴും അവര്‍ റാണിയെ കൂടെകൂടി അത് ചെയ്യാന്‍ പ്രേരിപ്പിച്ചു. പതുക്കെ പതുക്കെ റാണി വിശ്വനാഥിന്‍റെ ഭാര്യ ചെയ്യുന്ന വീട്ട് ജോലികള്‍ പലതും പഠിച്ചെടുത്തു. കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കാനും ഉറങ്ങാനും ഉണരാനും അവൾ പഠിച്ചു. പതുക്കെ ചപ്പാത്തി പരത്താനും പാത്രങ്ങള്‍ കഴുകാനും മുറ്റമടിക്കാനും അവൾ മതിയെന്നായി. ഇതിനെല്ലാം പുറമെ ഒഴിവ് സമയങ്ങളില്‍ റാണി കുടുംബാംഗങ്ങളുടെ മൊബൈലില്‍ നിന്ന് റീൽസുകളും വീഡിയോകളും കാണും. വീട്ടിലെ പട്ടി അടക്കമുള്ള മറ്റ് മൃഗങ്ങളെ നിയന്ത്രിക്കുന്നതും ഇന്ന് റാണിയാണ്.
വിശ്വനാഥിന്‍റെ മകൻ ആകാശ് റാണിയുടെ അപൂർവ സിദ്ധികൾ തന്‍റെ മൊബൈലില്‍ പകര്‍ത്തുകയും അവ തന്‍റെ യൂട്യൂബ് ചാനലായ 'റാണി ബന്ദാരിയ'യിൽ പങ്കുവയ്ക്കുകയും ചെയ്തു. ലോകമെമ്പാടുനിന്നും ലക്ഷക്കണക്കിന് ആരാധകരാണ് ഇപ്പോള്‍ റാണിക്കുള്ളത്. ആദ്യ കാലത്ത് റാണി വലിയ ഏകാന്തതയും വിഷാദത്തിലുമായിരുന്നു. എന്നാല്‍, പതുക്കെ പതുക്കെ അവൾ വീട്ടുകാരോട് ഇണങ്ങിയെന്ന് ആകാശ് പറയുന്നു. റാണി വളരെ ബുദ്ധിമതിയാണെന്നാണ് ആകാശിന്‍റെ അഭിപ്രായം. കൂടുതൽ സമയവും മനുഷ്യരോടൊപ്പമായതിനാൽ ഇന്ന് കുരങ്ങുകൾ റാണിയെ ഒപ്പം കൂട്ടാറില്ല.
ജോലി മോഷണം, ശമ്പളം 15,000 രൂപ, സൗജന്യ ഭക്ഷണം, യാത്രാ അലവൻസ്' എല്ലാം സെറ്റ്; പക്ഷേ, സംഘം അറസ്റ്റില്‍