കാറിന്‍റെ ഡോർ തുറന്ന് യുവാവ് കൈകള്‍ ചളിവെള്ളത്തില്‍ കുത്തി, കാലുകള്‍ മുകളിലേക്ക് ഉയര്‍ത്തിയ ശേഷം കാറിന്‍റെ ഡോർ അടയ്ക്കുന്നതും വീഡിയോയില്‍ കാണാം.
ശക്തമായ മഴയിൽ ഷൂ നനയാതിരിക്കാന്‍ നിങ്ങള്‍ എന്ത് ചെയ്യും? എന്ന ചോദ്യത്തിന് ഏറ്റവും ലളിതമായ ഉത്തരം ഷൂ ഊരി കൈയില്‍ പിടിക്കും എന്നായിരിക്കും. നമ്മള്‍ ചെരുപ്പും ഷൂവും ഇടുന്നത് തന്നെ നമ്മുടെ കാലില്‍ മണ്ണോ മറ്റ് അഴുക്കുകളെ പിടിക്കാതിരിക്കാനും അത് വഴി രോഗങ്ങള്‍ വരാതിരിക്കാനും വീട് വൃത്തിയായി സൂക്ഷിക്കാനുമാണ്. ചെരിപ്പിടാതെ വീട്ടില്‍ നിന്നും ഇറങ്ങി പിന്നീട് വീട്ടില്‍ കയറുമ്പോള്‍ കാല് മുഴുവനും അഴുക്കായിരിക്കും. കുട്ടിക്കാലത്താണെങ്കില്‍ അമ്മയുടെ കൈയില്‍ നിന്നും ഒരു അടി ഉറപ്പ്. എന്നാല്‍, കാലില്‍ ഇട്ടത് വില കൂടിയ ഷൂവോ ചെരിപ്പോ ആണെങ്കില്‍ അത് ചളി വെള്ളത്തില്‍ ചവിട്ടി വൃത്തിക്കേടാക്കാന്‍ ചെറിയൊരു മടി നമ്മുക്ക് തോന്നുന്നത് സ്വാഭാവികം. അത്തരം സന്ദര്‍ഭങ്ങളില്‍ ചെരുപ്പോ ഷൂവോ എന്താണെന്ന് വച്ചാല്‍ ഊരി കൈയില്‍ പിടിച്ചാകും നമ്മള്‍ നടക്കുക. എന്നാല്‍, റോഡിലെ ചളി വെള്ളത്തില്‍ നിന്നും തന്‍റെ ഷൂ സംരക്ഷിക്കാനായി പാടുപെടുന്ന ഒരു യുവാവിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടപ്പോള്‍ സമൂഹ മാധ്യമ ഉപയോക്താക്കള്‍ക്ക് ചിരിയടക്കാനായില്ല.
സയന്‍സ് ഗേള്‍ എന്ന എക്സ് ഉപയോക്താവ് 'ഷൂസ് സംരക്ഷിക്കുക' എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചത്. ഒരു റോഡിലെ വെള്ളക്കെട്ടില്‍ നിർത്തിയിട്ടിരിക്കുന്ന കാറില്‍ നിന്നും ഒരു യുവാവ് പുറത്തിറങ്ങാന്‍ ശ്രമിക്കുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. നിരവധി കെട്ടിടങ്ങൾ പശ്ചാത്തലത്തില്‍ കാണാം. കാറിന്‍റെ ഡോർ തുറന്ന് യുവാവ് കൈകള്‍ ചളിവെള്ളത്തില്‍ കുത്തി, കാലുകള്‍ മുകളിലേക്ക് ഉയര്‍ത്തിയ ശേഷം കാറിന്‍റെ ഡോർ അടയ്ക്കുന്നു. പിന്നാലെ തികഞ്ഞ അഭ്യാസിയെ പോലെ തന്‍റെ കാലുകള്‍ മുകളിലേക്ക് ആക്കി, കൈകൾ റോഡിലെ വെള്ളത്തില്‍ കുത്തി തലകുത്തനെ നിന്നുകൊണ്ട് ഇയാള്‍ റോഡിലെ വെള്ളക്കെട്ട് മുറിച്ച് കടക്കുന്നു. പിന്നാലെ കാലുകള്‍ നിലത്ത് കുത്തി എഴുന്നേറ്റ് നിന്ന ശേഷം ഒന്നും സംഭവിക്കാത്തെ പോലെ ഇയാള്‍ നടന്ന് പോകുന്നതും വീഡിയോയില്‍ കാണാം.
undefined
Saving the shoes
pic.twitter.com/j5oN8QkTDc
86 ലക്ഷം പേരാണ് വീഡിയോ ഇതിനകം കണ്ടത്. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കുറിപ്പെഴുതാനെത്തിയത്. തന്‍റെ ഷൂസ് വെള്ളം നനയ്ക്കാതിരിക്കാന്‍ യുവാവ് കാണിച്ച സാഹസീകത സമൂഹ മാധ്യമ ഉപയോക്താക്കളെ അത്ഭുതപ്പെടുത്തി. ഒരു കാഴ്ചക്കാരനെഴുതിയത്, 'ഇത്രയും കഷ്ടപ്പെടേണ്ട കാര്യമെന്ത് ? കാര്‍ മറ്റെവിടെയെങ്കിലും പാര്‍ക്ക് ചെയ്താല്‍ പോരെ? അതല്ലെങ്കില്‍ ചെരുപ്പിടാതെ പോയാല്‍ പോരെ? ' എന്നായിരുന്നു. 'മനുഷ്യാ, അവൻ ആ ഷൂസ് അത്രയേറെ ഇഷ്ടപ്പെടുന്നു' എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ ചൂണ്ടിക്കാണിച്ചത്. 'മഴക്കാലത്ത് പരീക്ഷിക്കാവുന്നത്' എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ അഭിപ്രായപ്പെട്ടത്.