'റഷ്യക്കാരിയായ ഭാര്യയുമായി നാട്ടില്‍ നടക്കാന്‍ വയ്യെന്ന്' ഇന്ത്യന്‍ യുവാവ്, വീഡിയോ വൈറൽ

By Web Desk  |  First Published Jan 10, 2025, 2:12 PM IST

പൊതുസ്ഥലത്ത് വച്ച് പിന്തുടര്‍ന്ന ഒരു കൂട്ടം യുവാക്കൾ തന്നെയും ഭാര്യയും മോശം കമന്‍റുകള്‍ ഉപയോഗിച്ച് ശല്യം ചെയ്തെന്ന് യുവാവ്. 



രാജസ്ഥാനിലെ ഉദയ്പൂരിൽ സന്ദർശിക്കാനെത്തിയപ്പോള്‍ തന്‍റെ റഷ്യന്‍ ഭാര്യയ്ക്ക് നേരെ ചില യുവാക്കൾ അശ്ലീല കമന്‍റുകളുമായി രംഗത്തെത്തിയെന്നും നാട്ടില്‍ ഭാര്യയുമൊത്ത് നടക്കാന്‍ പോലും പറ്റാത്ത അവസ്ഥയാണെന്നും പറഞ്ഞ് യുവാവ് പങ്കുവച്ച വീഡിയോ യൂട്യൂബില്‍ വൈറല്‍.  യൂട്യൂബർ മിഥിലേഷ് ബാക്ക്പാക്കർ ആറ് ദിവസം മുമ്പ് പങ്കുവച്ച വീഡിയോ ഇതിനകം രണ്ടേകാല്‍ ലക്ഷം പേരാണ് കണ്ടത്. ഉദയ്പൂരിലെ സിറ്റി പാലസില്‍ വച്ചാണ് തനിക്ക് ഇത്തരമൊരു അനുഭവമുണ്ടായതെന്നും പറഞ്ഞ അദ്ദേഹം സംഭവത്തിന്‍റെ വീഡിയോയും പങ്കുവച്ചു. 

സിറ്റി പാലസില്‍ വച്ച് ഒരു കൂട്ടം യുവാക്കൾ തന്നെയും കുടുംബത്തെയും പിന്തുടരുകയും മോശം കമന്‍റുകൾ പറഞ്ഞ് പരിഹസിക്കുകയുമായിരുന്നെന്ന് മിഥിലേഷ് യൂട്യൂബ് വീഡിയോയില്‍ പറയുന്നു. '6000 രൂപ' എന്ന് ഒരു യുവാവ് പറയുന്നത് മിഥിലേഷ് ചിത്രീകരിക്കുകയും അയാളെ ചോദ്യം ചെയ്യുകയും പിന്നാലെ പാലസിലെ സെക്യൂരിറ്റിയോടും പോലീസിനോടും പരാതിപ്പെടുകയും ചെയ്തു. വീഡിയോ റെക്കോര്‍ഡ് ചെയ്യുന്നതിന് മുമ്പ് തന്നെ യുവാക്കൾ തന്‍റെ കുടുംബത്തിനെതിരെ മോശം പദപ്രയോഗങ്ങള്‍ നടത്തിയിരുന്നെന്നും ഇതിനെ തുടര്‍ന്നാണ് തെളിവിനായി വീഡിയോ ചിത്രീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം സംഭവം പോലീസില്‍ പരാതിപ്പെടുന്നതിൽ നിന്നും കൊട്ടാരത്തിലെ സെക്യൂരിറ്റി മിഥിലേഷിനെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചത് കാര്യങ്ങള്‍ കൂടുതല്‍ സങ്കീർണ്ണമാക്കി. 

Latest Videos

ഇരുട്ടിൽ തപ്പി അമേരിക്ക; സൈനികർ നടത്തിയ രണ്ട് ആക്രമണങ്ങൾ, മരണം 16, അന്വേഷണം പല വഴിക്ക്

25 വയസിന് താഴെയുള്ള വിദ്യാർത്ഥിനികൾക്ക് ഒരു കുഞ്ഞ് ജനിച്ചാൽ 81,000 രൂപ വാഗ്ദാനം; എന്നിട്ടും ഉയരാതെ ജനനനിരക്ക്

ഭാര്യ ലിസിയും കുട്ടിക്കും ഒപ്പമായിരുന്നു മിഥിലേഷ് ഉദയ്പൂര്‍ സിറ്റി പാലസ് സന്ദര്‍ശിക്കാനെത്തിയത്. ഇതിനിടെ പിന്നാലെ കൂടിയ ഒരു കൂട്ടം യുവാക്കൾ, പ്രശസ്ത സിനിമാ ഗാനത്തെ അനുകരിച്ച് 'റബ് നെ ബനാ ദി ജോഡി' എന്ന കമന്‍റ് പറഞ്ഞു കൊണ്ടായിരുന്നു തുടക്കം. ആദ്യം അത് താന്‍ അവഗണിച്ചു. എന്നാല്‍, തങ്ങള്‍ മുന്നോട്ട് നീങ്ങുമ്പോള്‍ സംഘവും തങ്ങളെ പിന്തുടര്‍ന്നു കൊണ്ടിരുന്നു. പല തവണ ഒഴിവാക്കിയെങ്കിലും ഒരു വീഡിയോ ഷൂട്ട് ചെയ്യുമ്പോൾ പിന്നില്‍ നിന്നും '6000 രൂപ' എന്ന് കൂട്ടത്തില്‍ ഒരുത്തന്‍ വിളിച്ച് പറഞ്ഞപ്പോള്‍ തന്‍റെ സകല നിയന്ത്രണവും വിട്ട് പോയെന്നും അദ്ദേഹം പറയുന്നു. ഇന്ത്യ മനോഹരവും സുരക്ഷിതവുമായ രാജ്യമാണെന്നാണ് താന്‍ പലപ്പോഴും പലയിടത്തും പറഞ്ഞിട്ടുള്ളത്.

എന്നാല്‍ തനിക്ക് എതിരെ ഇതുപോലൊന്ന് സംഭവിക്കുമ്പോള്‍ എങ്ങനെയാണ് ഇനി എനിക്ക് അത് പറയാന്‍ കഴിയുകയെന്നും അദ്ദേഹം ചോദിക്കുന്നു. ഒരു ആള്‍ക്കൂട്ടത്തോട് ഏറ്റുമുട്ടുന്നതിനെക്കാള്‍ നല്ലത് പോലീസിനെ ആശ്രയിക്കുകയാണെന്ന് തോന്നിയെന്നും എന്നാല്‍ സെക്യൂരിറ്റി തന്നെ നിരുത്സാഹപ്പെട്ടുത്താന്‍ ശ്രമിച്ചെന്നും മിഥിലേഷ് കൂട്ടിചേർത്തു. വീഡിയോ വൈറലായതിന് പിന്നാലെ നിരവധി പേർ 'ഇത്തരം ആണ്‍കൂട്ടങ്ങളെ' നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് രാജസ്ഥാന്‍ പോലീസിന് കുറിപ്പുകളെഴുതി. മറ്റ് ചിലര്‍ മുമ്പ് തങ്ങള്‍ക്കുണ്ടായ മോശം അനുഭവങ്ങളെ കുറിച്ച് എഴുതി. 'ഇത്തരക്കാര്‍ അത് വളരെ ആസ്വദിച്ച് കൊണ്ടാണ് ചെയ്യുന്നത്. ഏറ്റവും മോശമായ കമന്‍റുകൾ പോലും അവര്‍ ആസ്വദിച്ച് ചിരിക്കുന്നു. ഇത് വളരെ ലജ്ജാകരമാണ്. സ്വന്തം രാജ്യത്തെ സംരക്ഷിക്കാൻ പോലും നമ്മുക്ക് കഴിയില്ല. എന്തുകൊണ്ടാണ് നമ്മൾ മറ്റ് രാജ്യങ്ങളിൽ നിന്ന് വംശീയത നേരിടുന്നതെന്ന് ഇപ്പോൾ അത്ഭുതപ്പെടുന്നു' ഒരു കാഴ്ചക്കാരന്‍ എഴുതി. 

'ജീവനക്കാര്‍ തീ വിഴുങ്ങണം' ആത്മവിശ്വാസവും ടീം സ്പിരിറ്റും കൂട്ടാന്‍ ചൈനീസ് കമ്പനിയുടെ തന്ത്രം; രൂക്ഷ വിമർശനം

click me!