17 ദിവസമായി ഈ ഫുഡ് വ്ളോഗര്‍ തന്‍റെ 'റോ ചിക്കൻ എക്‌സ്‌പെരിമെന്‍റ്' നടത്തുന്നു. ഓരോ ദിവസം ചിക്കന്‍ കഴിക്കുന്നതിന്‍റെ വീഡിയോയും അദ്ദേഹം തന്‍റെ ഇന്‍സ്റ്റാഗ്രാം അക്കൌണ്ടിലൂടെ പങ്കുവയ്ക്കുന്നു.
ഓരോരുത്തർക്കും അവരുടേതായ ഭക്ഷണ ശീലങ്ങളുണ്ട്. ചിലരുടെ ഭക്ഷണ ശീലങ്ങള്‍ ചിലപ്പോൾ നമുക്ക് വിചിത്രമായി തോന്നിയേക്കാം. അതേ സമയം ഭക്ഷണത്തിൽ നിരവധിയായ പരീക്ഷണങ്ങൾ നടത്താന്‍ മടയില്ലാത്തവരും നിരവധിയാണ്. ഫുഡ് വ്ളോഗര്‍ (food vlogger) മാര്‍ക്ക് സാമൂഹിക മാധ്യമങ്ങളില്‍ വലിയ ഡിമാന്‍റാണ്. സ്വാഭാവികമായും തങ്ങളുടെ കാഴ്ചക്കാരെ തൃപ്തിപ്പെടുത്താന്‍ പുതിയ പരീക്ഷണങ്ങളും രീതികളും കൊണ്ടുവരുവാന്‍ കണ്ടന്‍റ് ക്രിയേറ്റർമാര്‍ ശ്രമിക്കുന്നു. അത്തരത്തിലൊരു ഭക്ഷണ പരീക്ഷണത്തിന്‍റെ വിവരങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപക ചർച്ചയാവുകയാണ്. ഈ വിചിത്രമായ ഇത്തരം ഭക്ഷണ പരീക്ഷണത്തിൽ, 'വയറുവേദന വരുന്നതുവരെ പച്ച ചിക്കൻ കഴിക്കുന്നത് തുടരുക' എന്നതാണ് ഒരു അമേരിക്കൻ വ്ളോഗറുടെ തീരുമാനം. കോഴിയെ പച്ചയ്ക്ക് കടിച്ച് പറിച്ച് തിന്നുന്നതിനൊപ്പം പോട്ടിച്ച് വന്ന കോഴി മുട്ടയും ഇയാള്‍ പച്ചയ്ക്ക് കുടിക്കും.
ജോൺ എന്ന അമേരിക്കൻ ഇൻഫ്ലൂവെൻസറാണ് ഇത്തരത്തിൽ വ്യത്യസ്തമായ ഒരു ഭക്ഷണ പരീക്ഷണം നടത്തുന്നത്. ഇപ്പോൾ 17 ദിവസമായി ഇദ്ദേഹം മുടങ്ങാതെ പച്ച കോഴിയിറച്ചി കഴിയ്ക്കുന്നുണ്ട്. 'റോ ചിക്കൻ എക്‌സ്‌പെരിമെന്‍റ്' എന്ന തന്‍റെ ഇൻസ്റ്റാഗ്രാം പേജിൽ അദ്ദേഹം അസംസ്‌കൃത കോഴി കഴിക്കുന്നതിന്‍റെ വീഡിയോകൾ പങ്കിട്ടു. സാമൂഹിക മാധ്യമങ്ങളില്‍ സ്വാധീനം ചെലുത്തുന്ന ജോൺ ജനുവരി 19-നാണ് ഈ പരീക്ഷണം ആദ്യമായി ആരംഭിച്ചത്. പരീക്ഷണം ആരംഭിച്ചതിന് ശേഷം തനിക്ക് അസുഖമൊന്നും വന്നിട്ടില്ലെന്നാണ് ജോൺ അവകാശപ്പെടുന്നതെന്ന് പീപ്പിൾ റിപ്പോർട്ട് ചെയ്യുന്നു. ആളുകൾ ചെയ്യരുതെന്ന് പറയുന്ന കാര്യങ്ങളും എല്ലാവരും ചെയ്യാൻ മടിക്കുന്ന കാര്യങ്ങളും ശ്രമിച്ച് നോക്കുന്നതാണ് തന്‍റെ രീതിയെന്നും ജോണ്‍ കൂട്ടിച്ചേര്‍ക്കുന്നു.
undefined
'സുന്ദരി അതേസമയം ഭയങ്കരിയും'; ഈ കാഴ്ച, ഭൂമിയെ കുറിച്ചുള്ള നിങ്ങളുടെ സങ്കല്പങ്ങളെ തകിടം മറിക്കും !
എന്നാൽ ജോണിന്‍റെ പ്രവർത്തിക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ വലിയ വിമർശനമാണ് ഉയരുന്നത്. ഇത്തരം പ്രവർത്തികൾ ചെയ്യരുതെന്നും കുട്ടികൾ അടക്കമുള്ളവർ അനുകരിക്കാൻ ശ്രമിച്ചാൽ അത് വലിയ അപകടമാകുമെന്നുമാണ് സാമൂഹിക മാധ്യമ ഉപയോക്താക്കൾ പറയുന്നത്. എന്നാൽ ഇതാദ്യമായല്ല ഇദ്ദേഹം ഇത്തരമൊരു ശ്രമം നടത്തുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മുമ്പും അസംസ്കൃത മാംസം കഴിക്കുന്നതടക്കമുള്ള വിചിത്രമായ ചലഞ്ചുകൾ ഇദ്ദേഹം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്‍റെ പരീക്ഷണങ്ങൾ യഥാർത്ഥത്തിൽ മാരകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നാണ് വിദഗ്ദർ പറയുന്നത്. സെന്‍റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) പറയുന്നത് അസംസ്കൃത കോഴിയിറച്ചിയിലെ സാൽമൊണല്ല, കാംപിലോബാക്റ്റർ, ക്ലോസ്ട്രിഡിയം പെർഫ്രിംഗൻസ് തുടങ്ങിയ ബാക്ടീരിയകൾ മനുഷ്യ ശരീരത്തിന് അപകടകാരികളാണ് എന്നാണ്.