ഇത് എവറസ്റ്റ് തന്നെയോ? കാഴ്ചക്കാരെ അമ്പരപ്പിച്ച് കൊടുമുടി കീഴടക്കാൻ പോകുന്നവരുടെ നീണ്ട ക്യൂ, വീഡിയോ

By Web Team  |  First Published May 28, 2024, 10:11 AM IST

ഇത്ര കഠിനമായ യാത്രയിൽ ഇത്രയധികം തിരക്കുണ്ടാകുന്നത് ശരിക്കും നമ്മെ അമ്പരപ്പിക്കും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട.


എവറസ്റ്റ് കീഴടക്കണം എന്ന് ആ​ഗ്രഹിക്കുന്ന പലരുമുണ്ട്. എന്നാൽ, അത് കഠിനമാണ്. അതേപോലെ തന്നെ വളരെ പരിമിതമായ ആളുകൾക്കാണ് എവറസ്റ്റ് യാത്ര നടത്താനാവുക. എന്നാൽ, എവറസ്റ്റിലേക്കുള്ള യാത്രയുടെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ അതിവേ​ഗം വൈറലായിക്കൊണ്ടിരിക്കുന്നത്. എവറസ്റ്റിലെ ട്രാഫിക് ജാം എന്നും പറഞ്ഞാണ് വീഡിയോ ഷെയർ ചെയ്യപ്പെടുന്നത്. 

29,000 അടി ഉയരത്തിൽ നിന്നുള്ള കാഴ്ചയാണ് ഈ വീഡിയോയിൽ എന്നാണ് കരുതുന്നത്. പുതുതായി വൈറലായിരിക്കുന്ന ഈ വീഡിയോ, ഇത്തരത്തിലുള്ള ആദ്യത്തെ വീഡിയോ അല്ല. എന്നാൽ, എവറസ്റ്റ് കീഴടക്കാനെത്തിയവർ നേരിടുന്ന ചില ഭയാനകമായ അവസ്ഥ തിരിച്ചറിയാനുതകുന്ന ഒന്നാണ്. മെയ് 20 ന് ഷെയർ ചെയ്ത വീഡിയോ ലോകത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയിൽ നിന്നും ഇറങ്ങവെ പർവതാരോഹകനായ രാജൻ ദ്വിവേദി പകർത്തിയതാണ്. കൊടുമുടി കീഴടക്കാൻ പോകുന്ന മറ്റ് പർവതാരോഹകരെയാണ് വീഡിയോയിൽ കാണാനാവുന്നത്.

Latest Videos

undefined

വളരെ ​ഗൗരവപൂർണമായ യാത്രയാണ് എവറസ്റ്റിലേക്കുള്ളത് എന്നാണ് ദ്വിവേദി പറയുന്നത്. ഒപ്പം അതിന്റെ ബുദ്ധിമുട്ടുകളെ കുറിച്ചും മറ്റും അദ്ദേഹം വിശദീകരിക്കുന്നുണ്ട്. കാലാവസ്ഥ അനുകൂലമായതിനാലാവാം ഇത്രയും പേർ ഒരുമിച്ച് എവറസ്റ്റിലേക്ക് കയറുന്നത്. എന്നാൽ, മഞ്ഞുവീഴ്ചയും ചില ജീവികളുടെ ആക്രമണവും അടക്കം മറ്റ് പ്രതിസന്ധികൾ അപ്പോഴും അവിടെയുണ്ട് എന്നും ദ്വിവേദി ചൂണ്ടിക്കാട്ടുന്നു. തന്നെ സംബന്ധിച്ച് ഇത്രയധികം പേർ മുകളിലേക്ക് വരുമ്പോൾ താഴേക്കിറങ്ങുന്നത് വലിയ ബുദ്ധിമുട്ടായിരുന്നു എന്നും അദ്ദേഹം പറയുന്നു. 

വീഡിയോയിൽ പർവതാരോഹകരുടെ ഒരു നീണ്ട നിര തന്നെയാണ് കാണാൻ സാധിക്കുക. ഇത്ര കഠിനമായ യാത്രയിൽ ഇത്രയധികം തിരക്കുണ്ടാകുന്നത് ശരിക്കും നമ്മെ അമ്പരപ്പിക്കും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. ഇപ്പോൾ ഇത് കാണുമ്പോൾ പണക്കാരുടെ തമാശയാണ് എവറസ്റ്റ് കീഴടക്കൽ എന്ന് തോന്നുന്നു എന്നാണ് ഒരാൾ കമന്റ് നൽകിയത്. മിക്കവരും പറഞ്ഞത് ആളുകൾ വളരെ അധികമാണ് എന്ന് തന്നെയാണ്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!