സോഷ്യൽ മീഡിയയിൽ വളരെ വേഗത്തിൽ വൈറലായ ഈ വീഡിയോ വലിയ വിമർശനങ്ങളാണ് ഉയർത്തുന്നത്.
നമ്മുടെ ഒരു ചെറിയ അശ്രദ്ധ മതി ചിലപ്പോൾ വലിയ അപകടത്തിന് കാരണമാകാൻ. സാഹസികത നല്ലതൊക്കെയാണെങ്കിലും അവരവരുടേയും മറ്റുള്ളവരുടേയും ജീവന് ഭീഷണിയാകരുത് അല്ലേ? അതുപോലെ ഒരു വീഡിയോയ്ക്ക് സോഷ്യൽ മീഡിയയിൽ വലിയ വിമർശനം നേരിടേണ്ടി വന്നു.
വേട്ടയാടുന്ന കടുവയ്ക്ക് തൊട്ടടുത്തുനിന്ന് യാതൊരുവിധ സുരക്ഷാ മുൻകരുതലുകളും ഇല്ലാതെ വേട്ടയാടൽ രംഗങ്ങൾ ചിത്രീകരിച്ച വിനോദസഞ്ചാരികൾക്കെതിരെയായിരുന്നു വിമർശനം. രാജസ്ഥാനിലെ രൺതംബോർ ദേശീയ ഉദ്യാനത്തിലെത്തിയ ഒരു കൂട്ടം വിനോദസഞ്ചാരികളാണ് മാനിനെ വേട്ടയാടിക്കൊണ്ടിരുന്ന കടുവയുടെ തൊട്ടരികിൽ നിന്ന് അതിൻറെ രംഗങ്ങൾ മൊബൈൽ ഫോണുകളിൽ ചിത്രീകരിച്ചത്.
പാർക്കിൻ്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച വീഡിയോയിൽ, നിരനിരയായി നിർത്തിയിട്ടിരിക്കുന്ന സഫാരി ജീപ്പുകളിൽ നിന്ന് അത്യന്തം അപകടകരമായ രീതിയിൽ നിന്നുകൊണ്ട് വീഡിയോ ചിത്രീകരിക്കുന്ന വിനോദസഞ്ചാരികളുടെ ദൃശ്യങ്ങൾ കാണാം.
സോഷ്യൽ മീഡിയയിൽ വളരെ വേഗത്തിൽ വൈറലായ ഈ വീഡിയോ വലിയ വിമർശനങ്ങളാണ് ഉയർത്തുന്നത്. വീഡിയോ ദൃശ്യങ്ങളിൽ സഞ്ചാരികൾ നിശ്ശബ്ദരായി നിന്ന് കടുവയുടെ വേട്ടയാടലിന് സാക്ഷ്യം വഹിക്കുന്നതും തങ്ങളുടെ മൊബൈൽ ഫോണുകളിൽ ആ രംഗങ്ങൾ പകർത്തുന്നതും കാണാം. ചിലർ സെൽഫി എടുക്കാനുള്ള ശ്രമങ്ങളും നടത്തുന്നത് വീഡിയോയിലുണ്ട്. "സഫാരിക്കിടെ, വിനോദസഞ്ചാരികൾ കണ്ട ഒരു അപൂർവ കാഴ്ച" എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
നിരവധി ആളുകൾ കണ്ടുകഴിഞ്ഞ വീഡിയോ ദൃശ്യങ്ങളെ ചില കാഴ്ചക്കാർ പുകഴ്ത്തിയെങ്കിലും, കടുവയിൽനിന്ന് വിനോദസഞ്ചാരികൾ സുരക്ഷിത അകലം പാലിക്കാത്തതിൽ നിരവധി പേർ ആശങ്ക പ്രകടിപ്പിച്ചു. വിനോദസഞ്ചാരികളുടെയും സഫാരി ഗൈഡുകളുടെയും ഈ അലംഭാവത്തെ ആളുകൾ വിമർശിച്ചു.
മൃഗങ്ങളുടെ സ്വാഭാവിക ആവാസവ്യവസ്ഥയോട് വളരെ അടുത്ത് പോകുന്നത് അത്യന്തം അപകടകരമാണെന്ന് നിരവധി വിമർശകർ ചൂണ്ടിക്കാണിച്ചു. അശ്രദ്ധമായ ചെറിയൊരു പ്രവൃത്തിക്കു പോലും വലിയ വില കൊടുക്കേണ്ടി വരും എന്നും നിരവധി പേർ അഭിപ്രായപെട്ടു.