അച്ഛാമാസ് ഇന്‍സ്റ്റാഗ്രാം പേജിലെ തുളസിച്ചേട്ടനും രത്നമ്മച്ചേച്ചിയും വീണ്ടും വൈറലായി. ഇരുവരുടെയും പുതിയ വീഡിയോ പത്ത് ദിവസം കൊണ്ട് കണ്ടത് അറുപത്തിമൂന്ന് ലക്ഷം ആളുകള്‍.
മലയാളികളുടെ പ്രിയപ്പെട്ട ' _acha_mass' ഇന്‍സ്റ്റാഗ്രാം പേജിലെ തുളസിച്ചേട്ടനും രത്നമ്മച്ചേച്ചിയും വീണ്ടും വൈറലായി. ഇരുവരുടെയും പുതിയ വീഡിയോ പത്ത് ദിവസം കൊണ്ട് കണ്ടത് അറുപത്തിമൂന്ന് ലക്ഷം ആളുകള്‍. ലൈക്ക് ചെയ്തത് ഏഴര ലക്ഷത്തോളം പേരാണ്. ആരാധകരുടെ കുറിപ്പുകള്‍ തന്നെ അഞ്ചായിരത്തോളം വരും. വീഡിയോ വീണ്ടും വൈറലായതോടെ തുളസിച്ചേട്ടനും രത്നമ്മചേച്ചിയും വീണ്ടും സാമൂഹിക മാധ്യമ ഉപയോക്താക്കളുടെ ശ്രദ്ധനേടി.
'ടേക്ക് എ ലുക്ക് അറ്റ് മൈ ഗേൾഫ്രണ്ട്' ചലഞ്ചിന്‍റെ മനോഹരമായ ഒരു വീഡിയോയായിരുന്നു അച്ഛാമാസിന്‍റെത്. 2021 ല്‍ പുറത്തിറങ്ങിയ ജിം ക്ലാസ് ഹീറോസിന്‍റെ 'ക്യുപ്പിഡ്‌സ് ചോക്ക്‌ഹോൾഡ്' എന്ന ഗാനത്തിനൊപ്പം ഇരുവരുടെയും വളരെ ലളിതമായ ചലനങ്ങള്‍ ഏതായാലും സാമൂഹിക മാധ്യമ ഉപയോക്താക്കളെ കീഴടക്കിക്കഴിഞ്ഞു. പാട്ടിന്‍റെ അകമ്പടിയോടെ തന്‍റെ ഭാര്യ രത്നമ്മയുടെ മനോഹരമായ ഒരു ചിത്രം തന്‍റെ ഫോണില്‍ തുളസിച്ചേട്ടന്‍ കാണിക്കുന്നു അദ്ദേഹം ഫോണ്‍ ഒന്ന് ചലിപ്പിച്ചപ്പോള്‍ അദ്ദേഹത്തിന്‍റെ പുറകിലായി രത്നമ്മചേച്ചിയെയും കാണാം. ഇരുവരും പാട്ടിനൊപ്പം ലളിതമായി ശരീരം ചലിപ്പിക്കുന്നു. ഇതിനിടെ തുളസിചേട്ടന്‍ രത്നമ്മചേച്ചിയുടെ താടിയില്‍ പിടിച്ച് സ്നേഹം പ്രകടിപ്പിക്കുന്നതോടെ വീഡിയോ അവസാനിക്കുന്നു.
വീഡിയോ വൈറലായതിന് പിന്നാലെ നിരവധി ആളുകള്‍ തങ്ങളുടെ അഭിനന്ദനം അറിയിക്കാനെത്തി. "പ്രായം ഒരു സംഖ്യ മാത്രമാണ്" എന്നായിരുന്നു ഒരു ഉപയോക്താവ് കുറിച്ചത്. 'അതിനാൽ അവർ ബാർബിയും കെനും ആണെന്ന് തെളിയിക്കപ്പെട്ടു.' ഓൺലൈൻ ഷോപ്പിംഗ് ആപ്പായ അജിയോയും തങ്ങളുടെ അഭിപ്രായമെഴുതാനെത്തി. അദ്ദേഹം വളരെ ഭാഗ്യവാനാണ് എന്നായിരുന്നു മറ്റൊരു കുറിപ്പ്. 'ഈ അമ്മാവന്‍ ജീവിതത്തില്‍ വിജയിക്കുന്നു , പിന്നെ ഞാനും' മറ്റൊരു കാഴ്ചക്കാരനെഴുതി. അദ്ദേഹം വീണ്ടും ഇന്‍റര്‍നെറ്റ് കീഴടക്കി എന്നായിരുന്നു മറ്റൊരു കമന്‍റ്.