അയാൾ സാവധാനത്തിൽ ഓരോ വീടിനു മുന്നിലൂടെയും ചെന്ന് അവിടെ ഷൂ റാക്കുകളിൽ സൂക്ഷിച്ചിരിക്കുന്ന ചെരിപ്പുകൾക്കിടയിൽ നിന്നും തനിക്ക് ഇഷ്ടപ്പെട്ട ഷൂ മാത്രം തിരഞ്ഞെടുത്ത് സാവധാനത്തിൽ ചാക്കിലാക്കുന്നതാണ് സിസിടിവി ദൃശ്യങ്ങളിൽ ഉള്ളത്.
ബെംഗളൂരു നഗരത്തിലെ വിവിധ ഹൗസിംഗ് സൊസൈറ്റികളിൽ കറങ്ങി നടന്ന് ഷൂമോഷണം നടത്തിയ കള്ളൻ ക്യാമറയിൽ കുടുങ്ങി. ഓരോ വീടിൻറെ മുൻപിലും സൂക്ഷിച്ചിരിക്കുന്ന ചെരിപ്പുകൾക്കിടയിൽ നിന്ന് സമയമെടുത്ത് തനിക്ക് ഇഷ്ടപ്പെട്ട ഷൂ തന്നെ തിരഞ്ഞെടുക്കുന്ന കള്ളന്റെ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആവുകയാണ്.
ഇൻസ്റ്റഗ്രാമിൽ പങ്കിട്ട വൈറൽ സിസിടിവി ഫൂട്ടേജിൽ, മുഖംമൂടി ധരിച്ച ഒരാൾ ചാക്കുമായി ഇടനാഴിയിലൂടെ അലസമായി നടന്നുനീങ്ങുന്നതും പിന്നീട് ഒരിടത്ത് ചാക്ക് വയ്ക്കുന്നതും കാണാം. തുടർന്ന് അയാൾ സാവധാനത്തിൽ ഓരോ വീടിനു മുന്നിലൂടെയും ചെന്ന് അവിടെ ഷൂ റാക്കുകളിൽ സൂക്ഷിച്ചിരിക്കുന്ന ചെരിപ്പുകൾക്കിടയിൽ നിന്നും തനിക്ക് ഇഷ്ടപ്പെട്ട ഷൂ മാത്രം തിരഞ്ഞെടുത്ത് സാവധാനത്തിൽ ചാക്കിലാക്കുന്നതാണ് സിസിടിവി ദൃശ്യങ്ങളിൽ ഉള്ളത്. ഇടയ്ക്ക് ഇയാൾ ക്യാമറയിലേക്ക് നോക്കുന്നതും വീഡിയോയിൽ കാണാം. ധാരാളം ചെരിപ്പുകളും ഷൂകളും അവിടെയുണ്ടായിരുന്നെങ്കിലും വീഡിയോ ദൃശ്യങ്ങളിൽ കള്ളൻ നാലു ജോഡി ഷൂ മാത്രം തിരഞ്ഞെടുക്കുന്നതാണ് കണ്ടത്.
undefined
വീഡിയോയ്‌ക്കൊപ്പമുള്ള അടിക്കുറിപ്പ് ഇപ്രകാരമായിരുന്നു, “6 മാസത്തിനുള്ളിൽ ഇത് രണ്ടാം തവണ. ബെംഗളൂരു ബ്രൂക്ക്ഫീൽഡ് ലേഔട്ടിലെ സി-ബ്ലോക്കിൽ നടന്ന ഷൂ മോഷണത്തിൻ്റെ ദൃശ്യങ്ങൾ.” ഒരു മാസം മുമ്പ് ഓൺലൈനിൽ പോസ്റ്റ് ചെയ്തതിന് ശേഷം, വീഡിയോ 1.1 ദശലക്ഷത്തിലധികം കാഴ്ചക്കാരെ നേടി. ഈ സംഭവം ഇൻ്റർനെറ്റ് ഉപയോക്താക്കൾക്കിടയിൽ വലിയ ചർച്ചയാവുകയും, പലരും സമാനമായ സ്വന്തം അനുഭവങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു.
വീഡിയോ ദൃശ്യങ്ങളിൽ ബംഗളൂരു സിറ്റി പൊലീസിനെ ടാഗ് ചെയ്തുകൊണ്ട് ഒരു ഉപയോക്താവ് തൻ്റെ ആശങ്ക പ്രകടിപ്പിച്ചത് ഇങ്ങനെയായിരുന്നു, “എന്തുകൊണ്ടാണ് ബാംഗ്ലൂരിൽ കുറ്റകൃത്യങ്ങളും കവർച്ചയും ഇങ്ങനെ അവഗണിക്കപ്പെടുന്നത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല? ഇത്തരം നിസ്സാര കാര്യങ്ങൾ വലിയ കാര്യമായി മാറും. ഇക്കാര്യത്തിൽ എന്തെങ്കിലും കർശനമായ നടപടി സ്വീകരിക്കാമോ? അവർക്ക് എങ്ങനെ ഇത്ര എളുപ്പത്തിൽ അകത്ത് കയറാനും ഒരു ടെൻഷനുമില്ലാതെ പുറത്തിറങ്ങാനും കഴിയുന്നു. ഇത് ബാംഗ്ലൂർ അല്ലെ??"