മകൾ ചോദിക്കുന്നത്, 'അച്ഛാ, ഇത് ഞാൻ ആദ്യമായി ഉണ്ടാക്കുന്ന ഭക്ഷണമാണ്, അത് അച്ഛന് ഇഷ്ടപ്പെട്ടോ' എന്നാണ്. അച്ഛൻ മറുപടി പറയുന്നത്, 'എൻ്റെ കുട്ടീ, ഞാൻ എൻ്റെ ജീവിതത്തിൽ എല്ലാം നേടിയിരിക്കുന്നു. ഈ ഭക്ഷണം വളരെ രുചികരമാണ്, എനിക്ക് വേണ്ടി ഇത് തയ്യാറാക്കാൻ അന്നപൂർണാ ദേവി തന്നെ സ്വർഗത്തിൽ നിന്ന് ഇറങ്ങിവന്നത് പോലെയാണ് എനിക്ക് തോന്നുന്നത്' എന്നാണ്.
അച്ഛനും പെൺമക്കളും തമ്മിലുള്ള ബന്ധം വളരെ ആഴമുള്ളതായിരിക്കും പലപ്പോഴും. പെൺമക്കളുടെ ഹീറോയും മിക്കവാറും അച്ഛൻ തന്നെ ആയിരിക്കും. അച്ഛനും മക്കളും തമ്മിലുള്ള സ്നേഹവും അടുപ്പവും ഒക്കെ കാണിക്കുന്ന അനേകം വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്ന ഈ വീഡിയോയും.
ഒരു അച്ഛനും മകളുമാണ് വീഡിയോയിൽ ഉള്ളത്. മക്കൾക്ക് ആദ്യമായി ഭക്ഷണം ഉണ്ടാക്കിയാൽ അത് തങ്ങളുടെ അച്ഛനോ അമ്മയോ രുചിച്ച് നോക്കി അഭിപ്രായം പറയണം എന്ന് വലിയ ആഗ്രഹമായിരിക്കും. അതുപോലെ മകൾ ആദ്യമായി ഭക്ഷണമുണ്ടാക്കി അച്ഛനോട് രുചിച്ച് നോക്കാൻ പറയുന്നതും അച്ഛൻ അതിനോട് എങ്ങനെ പ്രതികരിക്കുന്നു എന്നുള്ളതുമാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്.
റിതു ദാസ്ഗുപ്തയാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്നത്. വീഡിയോയിൽ കാണുന്നത് അച്ഛൻ ഭക്ഷണം കഴിക്കുന്നതാണ്. അപ്പോൾ, മകൾ ചോദിക്കുന്നത്, 'അച്ഛാ, ഇത് ഞാൻ ആദ്യമായി ഉണ്ടാക്കുന്ന ഭക്ഷണമാണ്, അത് അച്ഛന് ഇഷ്ടപ്പെട്ടോ' എന്നാണ്. അച്ഛൻ മറുപടി പറയുന്നത്, 'എൻ്റെ കുട്ടീ, ഞാൻ എൻ്റെ ജീവിതത്തിൽ എല്ലാം നേടിയിരിക്കുന്നു. ഈ ഭക്ഷണം വളരെ രുചികരമാണ്, എനിക്ക് വേണ്ടി ഇത് തയ്യാറാക്കാൻ അന്നപൂർണാ ദേവി തന്നെ സ്വർഗത്തിൽ നിന്ന് ഇറങ്ങിവന്നത് പോലെയാണ് എനിക്ക് തോന്നുന്നത്' എന്നാണ്.
വളരെ നാടകീയമായ അച്ഛന്റെ പ്രതികരണം കേട്ടപ്പോൾ പെൺകുട്ടിക്ക് ചിരി വരുന്നു. തന്റെ ഭക്ഷണം അത്ര അടിപൊളിയൊന്നുമല്ല എന്ന് അവൾക്ക് തോന്നിക്കാണണം. അവൾ അച്ഛനോട് പറയുന്നത്, 'ഇല്ല, അത് അത്രയൊന്നും നല്ലതല്ല' എന്നാണ്. അമ്മയും അച്ഛനും മകളും കൂടി ചിരിക്കുന്നതാണ് വീഡിയോയുടെ അവസാനം കാണുന്നത്.
വളരെ മനോഹരമായ ഈ വീഡിയോയ്ക്ക് നിരവധിപ്പേരാണ് കമന്റുകൾ നൽകിയിരിക്കുന്നത്. 'ഇന്ന് ഞാൻ കണ്ട ഏറ്റവും മധുരതരമായ കാര്യമാണ് ഇത്. ഇതുപോലെയുള്ള മാതാപിതാക്കൾ ഒരു അനുഗ്രഹം തന്നെയാണ്' എന്നാണ് ഒരാൾ കമന്റ് നൽകിയിരിക്കുന്നത്. സമാനമായ കമന്റുകൾ ഒരുപാടുപേർ നൽകിയിട്ടുണ്ട്.