'തമിഴ്നാട്ടിലെ ആനമലൈ ടൈഗർ റിസർവിലെ കോഴിക്കാമുടി ആന ക്യാമ്പിൽ മഴക്കാലത്ത് ഒരു പാപ്പാനും ആനയും തമ്മിലുള്ള മാന്ത്രിക നിമിഷങ്ങൾ.' എന്ന കുറിപ്പോടെയായിരുന്നു സുപ്രിയ സാഹു ഐഎഫ്എസ് വീഡിയോ പങ്കുവച്ചത്.
'പൊട്ടിവന്ന ഉരുളില്‍ നിന്നും ജീവന്‍ രക്ഷിച്ച് കയറിയത് ഒരു കൊമ്പന്‍റെ മുന്നില്‍. കൈ കൂപ്പി ഉപദ്രവിക്കരുതേയെന്ന് അപേക്ഷിച്ചപ്പോള്‍, അതിന്‍റെ കണ്ണില്‍ നിന്നും കണ്ണീര് വന്നെന്ന്', മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ നിന്നും രക്ഷപ്പെട്ട ഒരമ്മ പറഞ്ഞത് സമൂഹ മാധ്യമങ്ങളിലൂടെ വൈറലായി. പിന്നാലെ ആന കരയില്ലെന്നും ആനയ്ക്ക് കണ്ണീര്‍ഗ്രന്ഥികളില്ലെന്നും വാദിച്ച് കൊണ്ട് ഒരു കൂട്ടരും ആന മറ്റ് പ്രിമെറ്റുകളുമായി താരതമ്യം ചെയ്യുമ്പോള്‍ മനുഷ്യനോളം തന്നെ സഹാനൂഭൂതി കാണിക്കുന്ന ജീവി വര്‍ഗ്ഗമാണെന്ന പഠനങ്ങളുമായി മറ്റ് ചിലരും രംഗത്തെത്തിയതോടെ ആന വീണ്ടും മലയാള സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചാ വിഷയമായി. മലയാള സമൂഹ മാധ്യമങ്ങളില്‍ തർക്കം കൊഴുക്കുന്നതിനിടെ തമിഴ്നാട്ടിലെ ആനമലൈ ടൈഗര്‍ റിസര്‍വില്‍ നിന്നുള്ള ഒരു വീഡിയോ സുപ്രിയ സാഹു ഐഎഎസ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും നിമിഷ നേരത്തിനുള്ളില്‍ നിരവധി പേരുടെ ശ്രദ്ധ നേടുകയും ചെയ്തു.
ഇളം കോടമഞ്ഞും നേരിയ ചാറ്റല്‍ മഴയുമുള്ള ഒരു മലയുടെ അടിവാരത്തിലൂടെ ഒരു ആനയുടെ കൊമ്പില്‍ പിടിച്ച് കുടയും ചൂടി വരുന്ന ഒരു പാപ്പാന്‍റെ ദൃശ്യമായിരുന്നു അത്. രണ്ടാമത്തെ ഷോട്ടില്‍ ആനക്കൊമ്പും മുഖവും സ്നേഹത്തോടെ തടവുന്ന പാപ്പാന്‍ അവന്‍റെ ചെവിയിലും കാലുകളിലും തടവുന്നതും കാണാം. ആന ആനുസരണയോടെ നില്‍ക്കുന്നു. കൊമ്പനാണെങ്കിലും അവന്‍റെ കഴുത്തിലോ കാലിലോ ചങ്ങലകളില്ല. പാപ്പാന്‍റെ പരിലാളനകളേറ്റ് ചെറു ചാറ്റല്‍ മഴയില്‍ സ്വസ്ഥനായി നില്‍ക്കുന്ന ആനയുടെ ദൃശ്യം സമൂഹ മാധ്യമ ഉപയോക്താക്കളെ ഏറെ ആകര്‍ഷിച്ചു. 'തമിഴ്നാട്ടിലെ ആനമലൈ ടൈഗർ റിസർവിലെ കോഴിക്കാമുടി ആന ക്യാമ്പിൽ മഴക്കാലത്ത് ഒരു പാപ്പാനും ആനയും തമ്മിലുള്ള മാന്ത്രിക നിമിഷങ്ങൾ.' എന്ന കുറിപ്പോടെയായിരുന്നു സുപ്രിയ സാഹു ഐഎഫ്എസ് വീഡിയോ പങ്കുവച്ചത്.
undefined
Magical moments between a Mahout and his elephant in Monsoon showers at the Kozhikamudi elephant camp in Anamalai Tiger Reserve, Tamil Nadu
Video pic.twitter.com/nvQU3eMm1t
22 കാരനായ വന്യജീവി ഫോട്ടോഗ്രാഫർ ധനു പരണാണ് 29 സെക്കന്‍റുള്ള വീഡിയോ ചിത്രീകരിച്ചത്. നിരവധി പേര്‍ വീഡിയോയ്ക്ക് താഴെ തങ്ങളുടെ സന്തോഷം പങ്കുവയ്ക്കാനെത്തി. "വെറുതെ കാണാൻ വളരെ സമാധാനം തോന്നുന്നു.. പരസ്പര ബഹുമാനത്തോടെയുള്ള അവരുടെ ദുർബലമായ ബന്ധം! ഈ നിഷ്കളങ്കമായ നിമിഷം പങ്കുവെച്ചതിന് നന്ദി."ഒരു കാഴ്ചക്കാരനെഴുതി. "മനോഹരം, കണ്ണുകളെയും മനസ്സിനെയും തട്ടുന്നു. വന്യജീവി സംരക്ഷണത്തിന് തമിഴ്നാട് മുൻതൂക്കം നൽകിയിട്ടുണ്ട്. നിരവധി നിയമനിർമ്മാണ നടപടികളിലൂടെയാണ് തമിഴ്‌നാട് വന്യജീവി സമ്പത്ത് നിലനിർത്തുന്നത്. മനോഹരമായി പരിപാലിക്കുന്ന സങ്കേതങ്ങളും മരുഭൂമികളും ഒരു വിനോദസഞ്ചാരിക്ക് കാണാൻ കഴിയും." മറ്റൊരാള്‍ കുറിച്ചു. "നമ്മള്‍ അവരോട് സ്നേഹത്തോടെയും ബഹുമാനത്തോടെയും പെരുമാറിയാൽ ഈ ഭീമന്മാർക്ക് എത്രമാത്രം സ്നേഹം നൽകാൻ കഴിയും എന്നത് അതിശയമല്ല. ഒരു ദിവസം ആനയോട് ഇത് ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു." മറ്റൊരാൾ ആ കാഴ്ചകളെ യാഥാര്‍ത്ഥ്യമാക്കാന്‍ ആഗ്രഹിച്ചു.