ആദ്യം, ഇതൊരു ചീള് കേസല്ലേ എന്ന മട്ടിൽ ആന ഇതൊന്നും കാര്യമാക്കിയില്ല. എന്നാൽ, നായയുടെ വമ്പത്തരം കൂടിയതോടെ അതിനെ ഒന്ന് പേടിപ്പിക്കാൻ തന്നെ ആന തീരുമാനിക്കുകയായിരുന്നു എന്ന് തോന്നുന്നു.
മൃഗങ്ങളുടെ രസകരമായ വീഡിയോകളാണ് ദിവസവുമെന്നോണം സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. അത്തരം രസകരമായ വീഡിയോകൾക്ക് കാഴ്ച്ചക്കാർ ഏറെയാണ്. മിക്കവാറും നായ, പൂച്ച തുടങ്ങിയ മൃഗങ്ങളുടെ വീഡിയോകളാണ് വൈറലാവാറുള്ളതെങ്കിലും വന്യമൃഗങ്ങളുടെയും വീഡിയോകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുണ്ട്. അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇതും.
ഈ വീഡിയോ എക്സിൽ (ട്വിറ്ററിൽ) പങ്കുവച്ചിരിക്കുന്നത് സുശാന്ത നന്ദയാണ്. ഒരു റോഡരികിലാണ് സംഭവം നടക്കുന്നത്. വീഡിയോയിൽ കാണുന്നത് ഒരു നായയേയും ഒരു ആനയേയും ആണ്. ആനയുടെ വലിപ്പം കണ്ടാൽ തന്നെ നായ പേടിക്കും എന്നൊക്കെ നമുക്ക് തോന്നും അല്ലേ? എന്നാൽ, സംഭവിച്ചത് അങ്ങനെയല്ല. ഒരു പേടിയും കൂടാതെ അതുവഴി നടന്നു പോവുക മാത്രമല്ല നായ ചെയ്തത്. ആനയെ പ്രകോപിപ്പിക്കാനും നോക്കി ആശാൻ.
ആദ്യം, ഇതൊരു ചീള് കേസല്ലേ എന്ന മട്ടിൽ ആന ഇതൊന്നും കാര്യമാക്കിയില്ല. എന്നാൽ, നായയുടെ വമ്പത്തരം കൂടിയതോടെ അതിനെ ഒന്ന് പേടിപ്പിക്കാൻ തന്നെ ആന തീരുമാനിക്കുകയായിരുന്നു എന്ന് തോന്നുന്നു. ആന നായയ്ക്ക് നേരെ തിരിയുന്നു. സംഗതി പണി പാളി എന്ന് മനസിലായതോടെ നായ ഓടി രംഗം കാലിയാക്കുന്നതാണ് വീഡിയോയിൽ കാണുന്നത്. ആനയുടെ ദേഹത്ത് നിന്നും പൊടി പാറുന്നതും വീഡിയോയിൽ കാണാം.
If the looks can kill…
Look at the face of the elephant when charging at the dog. OMG pic.twitter.com/NMvQxxLtmM
നായയുടെ ഓട്ടമാണ് ആളുകളെ ചിരിപ്പിച്ചത്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. 'ആ നായയ്ക്ക് നല്ല ധൈര്യമുണ്ട്, എന്നാൽ ആന അതിന് നേരെ തിരിഞ്ഞതോടെ താൻ ചെയ്ത കാര്യത്തിൽ അവന് ഒന്നുകൂടി ചിന്തിക്കേണ്ടതുണ്ട്
എന്ന് തോന്നിക്കാണണം' എന്ന് കമന്റ് നൽകിയവരുണ്ട്. 'പ്രകൃതി നമുക്ക് ഇങ്ങനെ ചില കാഴ്ചകൾ തരുമ്പോൾ എന്തിനാണ് വേറെ ആക്ഷൻ സിനിമ' എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.