കാറില്‍ പോകുന്ന ഒരു യുവാവിനെയും യുവതിയെയും തോക്ക് ചൂണ്ടി കവര്‍ച്ച നടത്താനുള്ള ശ്രമമായിരുന്നു വീഡിയോയില്‍ എന്നാല്‍, വീഡിയോയുടെ അവസാനമാകുമ്പോഴേക്കും കാര്യങ്ങള്‍ മാറി മാറിയുന്നു.
ലോകത്തെ ഓരോ സമൂഹത്തിനും അവരവരുടെതായ ജീവിത രീതികളുണ്ട്. അത് വിവാഹം മുതല്‍ മരണം വരെയുള്ള കാര്യങ്ങളില്‍ വ്യത്യസ്തമാണ്. ഇന്ത്യന്‍ സാമൂഹികാവസ്ഥയില്‍ വിവാഹത്തിന് അംഗീകൃതമായ രീതി കുടുംബങ്ങള്‍ തമ്മില്‍ ആലോചിച്ച് ഇരു കുടുംബങ്ങളുടെയും സമ്മതത്തോടെ നടക്കുന്ന അറേഞ്ച്ഡ് മാര്യേജാണ്. എന്നാല്‍, വിദേശ രാജ്യങ്ങളില്‍ വരവും വധുവിനും പരസ്പരം ഇഷ്ടപ്പെട്ടാല്‍ പിന്നെ മറ്റുള്ളവരുടെ സമ്മതം അത്രയ്ക്ക് പ്രധാനമല്ല. പലപ്പോഴും പൊതു സ്ഥലത്ത് വച്ചോ, അല്ലെങ്കില്‍ സ്വകാര്യ സ്ഥലങ്ങളില്‍ വച്ചോ 'will you marry me' എന്ന ചോദ്യത്തിനും ഉത്തരത്തിനും ഇടയില്‍ ഇരുവരുടെയും വിവാഹം ഉറപ്പിക്കപ്പെടുന്നു. പ്രത്യേകിച്ചും ഉത്തരം 'Yes' എന്നാണെങ്കില്‍. അടുത്ത കാലത്തായി ഈ സമ്മതം ചോദിക്കല്‍ അതീവ നാടകീയമാണ്. പ്രത്യേകിച്ചും സോഷ്യല്‍ മീഡിയയിലെ ലൈക്കുകളുടെ കാലത്ത്.
കഴിഞ്ഞ ദിവസം കോളംബിയയില്‍ നിന്നും സാമൂഹിക മാധ്യമങ്ങളില്‍ ഇത്തരത്തില്‍ ഒരു വിവാഹാഭ്യര്‍ത്ഥയുടെ വീഡിയോ വൈറലായി. വീഡിയോയില്‍ ആളില്ലാത്ത ഒരു ജംഗ്ഷനിലൂടെ ഒരു കാര്‍ വരുന്നത് കാണാം. തൊട്ട് പിന്നാലെ രണ്ട് വശത്ത് നിന്നും രണ്ട് ബൈക്കുകളില്‍ മൂന്നാല് ആളുകള്‍ പാഞ്ഞെത്തുകയും കാര്‍ തടയുകയും ചെയ്യുന്നു. പിന്നാലെ കാറില്‍ നിന്നും ഒരു സ്ത്രീയെയും ഒരു പുരുഷനെയും വലിച്ച് ഇറക്കുന്നു. എത്തിയ സംഘത്തില്‍ ഒരാളുടെ കൈയില്‍ തോക്ക് കാണാം. ഇതിനിടെ യുവാവിനെ ചിലര്‍ ചേര്‍ന്ന് കാറിന് മുന്നില്‍ മുട്ട് കുത്തി നിര്‍ത്തുകയും യുവതിയെ അയാളുടെ മുന്നിലേക്ക് തള്ളി നീക്കുകയും ചെയ്യുന്നു.
യുവതി ഭയചകിതയായി നില്‍ക്കുമ്പോള്‍ മുട്ടു കുത്തി നില്‍ക്കുന്ന യുവാവ് തന്‍റെ കൈയില്‍ സൂക്ഷിച്ച മോതിരം യുവതിക്ക് നേരെ നീട്ടി 'വില്‍ യു മാരി മീ' എന്ന് ചോദിക്കുന്നു. അതുവരെ എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ ഭയന്നിരുന്ന യുവതി പെട്ടെന്ന് സന്തോഷം കൊണ്ട് ഉച്ചത്തില്‍ ചിരിക്കുന്നു. ഇതിനിടെ തോക്ക് ചൂണ്ടി ഭീഷണി മുഴക്കിയ സംഘവും വലിയ ശബ്ദങ്ങളുണ്ടാക്കി സന്തോഷം പങ്കുവയ്ക്കുന്നു. എന്നാല്‍ വീഡിയോയിലെ ആളുകളില്‍ കണ്ട് സന്തോഷം വീഡിയോ കണ്ട സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ക്കില്ലായിരുന്നു.
യുവാവ് ഇതൊരു നല്ല ആശയമാണെന്ന് എങ്ങനെ കരുതി എന്നായിരുന്നു പല സാമൂഹിക മാധ്യമ ഉപയോക്താക്കളും ചോദിച്ചത്. "ആരോഗ്യത്തിലും രോഗത്തിലും, തട്ടിക്കൊണ്ടുപോകലുകളിലും കവർച്ചകളിലും കൂടെ നിൽക്കാൻ നിങ്ങൾ ഒരാളെ പൂർണ്ണഹൃദയത്തോടെ സ്നേഹിക്കണം," ഒരു കാഴ്ചക്കാരന്‍ തമാശയായി എഴുതി. മറ്റൊരാള്‍ എഴുതിയത് "അയാൾ പെൺകുട്ടിക്ക് ഹൃദയാഘാതമുണ്ടാക്കി. അവൻ ഒരു കാമുകി ഇല്ലാതെ പോകുമായിരുന്നു." എന്നായിരുന്നു. മറ്റൊരാള്‍ അല്പം കടന്ന് ചിന്തിച്ചു. 'അവര്‍ ഇതൊക്കെ നിസാരമായി കരുതുന്നു. രാജ്യത്തിന്‍റെ അവസ്ഥയില്‍ ആശങ്കപ്പെടണ്ടണോ അതോ ഇത് വ്യാജമാണെന്ന് കരുതണോ? എനിക്കറിയില്ല.' എന്നായിരുന്നു മറ്റൊരാള്‍ എഴുതിയത്. "അക്രമവും അരക്ഷിതാവസ്ഥയും സാധാരണ നിലയിലാക്കുന്നത് എത്ര സങ്കടകരമാണ്." എന്നായിരുന്നു മറ്റൊരു കാഴ്ചക്കാരന്‍ പരിതപ്പിച്ചത്.