കോടികളുടെ വ്യവസായം? തേളുകളെ വളർത്തി വിഷമെടുക്കുന്നതിങ്ങനെ, വീഡിയോ വൈറൽ

By Web Team  |  First Published Jul 4, 2024, 2:23 PM IST

വീഡിയോയിൽ ഇഷ്‌ടികകൊണ്ട് നിർമ്മിച്ച ഒരു തറയിൽ തേൾകുഞ്ഞുങ്ങളെ വളർത്തുന്നതും അവയ്ക്ക് ആവശ്യമായ ഭക്ഷണ സംവിധാനങ്ങൾ സമീപത്തായി ക്രമീകരിച്ചിരിക്കുന്നതും കാണാം.


വിഷജീവികളിൽ പാമ്പുകഴി‍ഞ്ഞാൽ ഒരുപക്ഷേ നാം ഏറെ ഭയപ്പെടുന്ന ഒന്നാണ് തേളുകൾ. എന്നാൽ, തേൾവിഷത്തിൽ നിന്ന് കോടികൾ സമ്പാദിക്കുന്നവരും ഉണ്ട് എന്ന് നിങ്ങൾക്ക് അറിയാമോ? ഒരു ഗാലൻ തേളിൻ്റെ വിഷത്തിന് 39 മില്യൺ ഡോളർ അതായത് 325 കോടി രൂപയാണത്രേ വില. അതുകൊണ്ട് തന്നെ തേളുകളെ വളർത്തി അവയിൽ നിന്നും വിഷം ശേഖരിച്ച് വ്യാവസായിക അടിസ്ഥാനത്തിൽ വിൽപ്പന നടത്തുന്നവരുടെ എണ്ണം ഇപ്പോൾ കൂടി വരികയാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 

തേൾവിഷം മെഡിക്കൽ നടപടിക്രമങ്ങൾക്കും അതുപോലെ സൗന്ദര്യവർദ്ധക വസ്തുക്കൾക്കും വേണ്ടിയാണത്രേ ഉപയോ​ഗിക്കുന്നത്. കൂ‌ടാതെ സസ്യങ്ങൾക്ക് ഉപയോഗപ്രദമാകുന്ന നൂറുകണക്കിന് വ്യത്യസ്ത വിഷവസ്തുക്കൾ തേളിൻ്റെ വിഷത്തിൽ അടങ്ങിയിട്ടുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്. ഇപ്പോൾ തേളിനെ വളർത്തി അതിന്റെ ശരീരത്തിൽ നിന്നും വിഷം ശേഖരിക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.

Latest Videos

undefined

വീഡിയോയിൽ ഇഷ്‌ടികകൊണ്ട് നിർമ്മിച്ച ഒരു തറയിൽ തേൾകുഞ്ഞുങ്ങളെ വളർത്തുന്നതും അവയ്ക്ക് ആവശ്യമായ ഭക്ഷണ സംവിധാനങ്ങൾ സമീപത്തായി ക്രമീകരിച്ചിരിക്കുന്നതും കാണാം. പിന്നീടുള്ള ദൃശ്യങ്ങളിൽ വലുതായ തേളുകളെ കുട്ടകളിൽ ശേഖരിച്ച് പ്രത്യേക രീതിയിൽ വിഷം ശേഖരിക്കുന്നത് കാണാം. പ്രത്യേക കയ്യുറകൾ ധരിച്ച് തേളുകളെ കയ്യിലെടുത്ത് അവയുടെ ശരീരത്തിൽ നിന്നും പാൽ പോലൊരു ദ്രാവകം പ്രത്യേക ട്യൂബുകളിൽ ശേഖരിക്കുകയാണ് ചെയ്യുന്നത്. ഈ വിഷം മരുന്നുകൾ ഉണ്ടാക്കാനാണത്രെ ഉപയോഗിക്കുന്നത്.

സോഷ്യൽ മീഡിയയിൽ, @learn_with_swathi എന്ന അക്കൗണ്ടിൽ നിന്നും ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഈ വീഡിയോ ഇതുവരെ 1.63 ലക്ഷത്തിലധികം ആളുകൾ കണ്ടു കഴിഞ്ഞു. 

tags
click me!