"ഞാൻ പാമ്പിനെ ഒരു കുറ്റിക്കാട്ടിലേക്ക് തുറന്നു വിട്ടു," രക്ഷാപ്രവർത്തകൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. "ഇന്നലെ നല്ല തിരക്കുള്ള രാത്രിയായിരുന്നു. ധാരാളം പാമ്പുകളെ കണ്ടെത്തിയിരുന്നു. അവയിൽ ചിലത് വീടുകളിൽ കയറി" അദ്ദേഹം പറഞ്ഞു.
നിങ്ങൾ വീട്ടിൽ തനിച്ചായിരിക്കുമ്പോൾ, രാത്രി അടുക്കള(Kitchen)യിൽ നിന്ന് പാത്രങ്ങളുടെ ശബ്ദം കേൾക്കാൻ തുടങ്ങിയാൽ എന്തായിരിക്കും ചിന്തിക്കുക? എലിയിലേക്കോ, കള്ളനി(Burglar)ലേക്കോ ഒക്കെയായിരിക്കും ആദ്യം നമ്മുടെ ചിന്ത പോവുക. എന്നാലും നമ്മെ ഭയപ്പെടുത്താൻ അത് ധാരാളമാണ്. ഓസ്‌ട്രേലിയക്കാരിയായ ഒരു സ്ത്രീക്കും ഇതേ അനുഭവമുണ്ടായി. ഒരു ദിവസം രാത്രിയിൽ വീട്ടിൽ അവൾ തനിച്ചായിരുന്നു. പെട്ടെന്ന് അടുക്കളയിൽ നിന്ന് പാത്രങ്ങൾ വീഴുന്ന ശബ്ദം കേട്ട് അവൾ പേടിച്ചു പോയി. വീട്ടിൽ കള്ളൻ കയറിയതാണെന്ന് അവൾ ഉറപ്പിച്ചു.
ഭയം തോന്നിയെങ്കിലും, ധൈര്യം സംഭരിച്ച് അടുക്കളയിൽ പോയി നോക്കാൻ തന്നെ അവൾ തീരുമാനിച്ചു. എന്നാൽ, അടുക്കളയിൽ എത്തിയ അവൾ ആ കാഴ്ച കണ്ട് സ്തംഭിച്ചു പോയി. കള്ളനും, എലിയും ഒന്നുമല്ല പാത്രങ്ങൾ തട്ടി ഇട്ടത്, മറിച്ച് അപകടകാരിയായ ഒരു പെരുമ്പാമ്പാ(Python)യിരുന്നു. കലവറയിലെ അലമാരകളിൽ ഒന്നിൽ ഒരു വലിയ പെരുമ്പാമ്പ് ചുരുണ്ട് കിടക്കുന്നത് അവൾ കണ്ടു. അടുക്കളയിൽ ഒട്ടും പ്രതീക്ഷിക്കാതെ വന്ന അതിഥിയെ കണ്ട് അവൾ ആകെ അന്ധാളിച്ചു. പിന്നീട് പാമ്പുപിടുത്തക്കാരനെ വിളിച്ച് വരുത്തി പാമ്പിനെ അവിടെ നിന്നും അവൾ നീക്കം ചെയ്തു.
undefined
ക്വീൻസ്‌ലാന്റിലെ സൺഷൈൻ കോസ്റ്റ് റീജിയണിലെ ഗ്ലെൻവ്യൂവിലാണ് സംഭവം നടന്നത്. സൺഷൈൻ കോസ്റ്റ് സ്നേക്ക് ക്യാച്ചേഴ്‌സ് തങ്ങൾ നടത്തിയ രക്ഷാപ്രവർത്തനത്തിന്റെ ഒരു വീഡിയോ ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു. അതിപ്പോൾ വൈറലാണ്. അതിൽ ഒരു മനുഷ്യൻ തന്റെ കാറിന്റെ പുറകിൽ നിന്ന് ഒരു വടി എടുത്ത് വീട്ടിലേയ്ക്ക് നടക്കുന്നത് കാണിക്കുന്നു. ആകെ അലങ്കോലമായി കിടക്കുന്ന അടുക്കളയിലേയ്ക്ക് അദ്ദേഹം കടന്നു. മുകളിലെ ഷെൽഫുകൾക്ക് ചുറ്റും ക്യാമറ ചലിപ്പിച്ച ശേഷം, അയാൾ പാമ്പിനെ കണ്ടെത്തി. വെറും കൈകൊണ്ട് അതിനെ പിടിച്ച് അദ്ദേഹം ചാക്കിലിട്ടു. പിന്നീട് അദ്ദേഹം അതിനെ കുറ്റിക്കാട്ടിൽ വിട്ടു.
"ഞാൻ പാമ്പിനെ ഒരു കുറ്റിക്കാട്ടിലേക്ക് തുറന്നു വിട്ടു," രക്ഷാപ്രവർത്തകൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. "ഇന്നലെ നല്ല തിരക്കുള്ള രാത്രിയായിരുന്നു. ധാരാളം പാമ്പുകളെ കണ്ടെത്തിയിരുന്നു. അവയിൽ ചിലത് വീടുകളിൽ കയറി" അദ്ദേഹം പറഞ്ഞു. ചൂടുള്ള കാലാവസ്ഥ കാരണം ഇഴജന്തുക്കൾ അഭയം തേടാൻ ശ്രമിക്കുന്നതാണ് പാമ്പുകളുടെ എണ്ണത്തിൽ വർദ്ധനവുണ്ടാക്കിയതെന്ന് പ്രാദേശിക മൃഗരക്ഷാസമിതി വിശദീകരിച്ചു.
കുളിമുറിയിൽ കയറിയിരിക്കുന്ന ഒരു പാമ്പിന്റെ മറ്റൊരു വീഡിയോയും രക്ഷാപ്രവർത്തകർ അടുത്തിടെ പങ്കുവെച്ചിരുന്നു. കുളിമുറിയിലെ ചവിട്ടിയിൽ അത് അലക്ഷ്യമായി കിടന്നു. ബാത്ത്‌റൂമിൽ പാമ്പുകളെ കാണുന്ന ആളുകൾക്ക് വേണ്ടിയുള്ള ഒരു ഉപദേശവും പോസ്റ്റിനൊപ്പം ഉണ്ടായിരുന്നു. ഇത് ഒരു സ്ഥിരം സംഭവമാണെന്ന് ഏജൻസി പറഞ്ഞു. “നിങ്ങൾക്ക് എപ്പോഴെങ്കിലും വീടിനുള്ളിൽ, പ്രത്യേകിച്ച് കുളിമുറിയിൽ ഒരു പാമ്പിനെ കണ്ടാൽ ആദ്യം ചെയ്യേണ്ടത്, പുറത്തിറങ്ങി പാമ്പിരിക്കുന്ന മുറിയുടെ വാതിലടച്ച് പൂട്ടി, വാതിലിനു താഴെ ഒരു ടവൽ ഇട്ടുകൊണ്ട് പാമ്പിനെ ഒറ്റപ്പെടുത്താൻ ശ്രമിക്കുക എന്നതാണ്. തുടർന്ന് സമയം കളയാതെ അടുത്തുള്ള പാമ്പുപിടുത്തക്കാരനെ വിളിക്കുക" റെസ്ക്യൂ ടീം എഴുതി.