'അയ്യോ മാഷേ പോകണ്ട'; പ്രേമൻ മാഷിന് ചുറ്റുംകൂടി അലമുറയിട്ട് കുട്ടിക്കൂട്ടം, ആത്മബന്ധത്തിന്‍റെ ഹൃദയംതൊടും ദൃശ്യം

By Web Team  |  First Published Jun 14, 2024, 12:35 PM IST

സ്ഥലം മാറിപ്പോകുന്ന പ്രേമൻ മാഷിനെ ഏറെ വൈകാരികതയോടെ വഴി തടയുന്ന കുട്ടികളുടെ ദൃശ്യം, അധ്യാപകനുമായുള്ള കുട്ടികളുടെ ആത്മബന്ധം  തുറന്നു കാട്ടുന്നു.


ഒറ്റപ്പാലം: 'അയ്യോ മാഷേ പോകണ്ട' എന്ന് അധ്യാപകനെ വളഞ്ഞ് അലമുറയിട്ട് കുട്ടിക്കൂട്ടം. ഒരു അധ്യാപകനും വിദ്യാർത്ഥികളും തമ്മിലുള്ള ആത്മബന്ധത്തിന്റെ നേരനുഭവമാണത്. സ്ഥലം മാറിപ്പോകുന്ന പ്രേമൻ മാഷിനെ ഏറെ വൈകാരികതയോടെ വഴി തടയുന്ന കുട്ടികളുടെ ദൃശ്യം, അധ്യാപകനുമായുള്ള കുട്ടികളുടെ ആത്മബന്ധം  തുറന്നു കാട്ടുന്നു.

പഴയ ലക്കിടി ഗവൺമെന്‍റ് സീനിയർ ബേസിക് സ്കൂളിൽ അധ്യാപകനായിരുന്ന മനിശ്ശീരി കപ്പൂരപടി കെ  പ്രേമനാണ് സ്ഥലമാറി പോകുന്നത്. സ്കൂളിലെ വിദ്യാർത്ഥികൾക്ക്  അത്രയും പ്രിയപ്പെട്ടവനായിരുന്നു പ്രേമൻ മാഷ്. സാമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിൽ അത് വ്യക്തമാണ്. കുട്ടിക്കൂട്ടം കരഞ്ഞുകൊണ്ടാണ് വഴി തടഞ്ഞത്. 'അയ്യോ മാഷേ പോകണ്ട' എന്ന് ഓരോരുത്തരും അലമുറയിട്ട് കരഞ്ഞു പറഞ്ഞു. കുട്ടികളോട് 'ട്രാൻസ്ഫർ ആണ് തിരികെ വരും' എന്നെല്ലാം പറഞ്ഞ് ആശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും പ്രേമൻ മാഷും സഹ അധ്യാപകരും പരാജയപ്പെട്ടു. ഒടുവിൽ കുട്ടികളെ ഏറെക്കുറെ പറഞ്ഞാശ്വസിപ്പിച്ച് തിരികെ വരാമെന്ന് ഉറപ്പു നൽകിയാണ് പ്രേമൻ മാഷ് സ്കൂളിൽ നിന്ന് പടിയിറങ്ങിയത്. 

Latest Videos

undefined

വിദ്യാലയത്തിലെ കുട്ടികളുമായി കേവലം മൂന്നു വർഷത്തെ പരിചയം മാത്രമേ അധ്യാപകനുള്ളൂ. പക്ഷേ ചുരുങ്ങിയ കാലം കൊണ്ട് തന്നെ  കുട്ടികളുടെ കൂട്ടുകാരനായി പ്രേമൻ മാഷ് മാറി. അധ്യാപകൻ എന്നതിലുപരി കുട്ടികളുടെ വഴികാട്ടിയായി. എല്ലാ രക്ഷിതാക്കളുമായി അടുത്ത ബന്ധം പുലർത്തി. കുട്ടികളിൽ സേവനമനോഭാവം വളർത്തി. ഒപ്പം പാലിയേറ്റീവ് പ്രവർത്തനങ്ങളിലും പരിസ്ഥിതി പ്രവർത്തനങ്ങളിലും ആരോഗ്യപ്രവർത്തനങ്ങളിലും  അധ്യാപകൻ മുന്നിൽ തന്നെ ഉണ്ടായിരുന്നു. വേനലവധിക്കാലത്ത് അധ്യാപക പരിശീലനങ്ങളിലും സജീവമായിരുന്നു. 

ജോലി ചെയ്ത എല്ലാ വിദ്യാലയങ്ങളിലും വിദ്യാർത്ഥികളുമായി അടുത്ത ആത്മബന്ധം പുലർത്താൻ ശ്രമിച്ചിട്ടുണ്ടെന്ന് പ്രേമൻ പറഞ്ഞു. തോണിപ്പാടം ജിഎം എൽ പി സ്കൂളിൽ പ്രധാനാധ്യാപകനായാണ് സ്ഥലം മാറിപ്പോകുന്നത്.

'വാ ടീച്ചറേ, ക്ലാസിലേക്ക് വാ', സ്ഥലം മാറിപ്പോയ അധ്യാപികയെ പിടിച്ച് വലിച്ച് കുട്ടികൾ, വികാരനിർഭരം ഈ കൂടിക്കാഴ്ച
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!