ചെടികൾ 'ശ്വസിക്കുന്നത്' കണ്ടിട്ടുണ്ടോ? വൈറലായി വീഡിയോ

By Web Team  |  First Published Dec 20, 2022, 3:51 PM IST

പുതിയ കണ്ടെത്തലിൽ ഗവേഷകർ സംതൃപ്തരാണ്. ഈ പഠനങ്ങളുടെ അടിസ്ഥാനത്തിൽ കർഷകർക്ക് ഉപകാരപ്രദമായ രീതിയിൽ വിളകൾ സംരക്ഷിക്കപ്പെടുന്നതിന് ആവശ്യമായ മാർഗങ്ങൾ കണ്ടെത്തുന്നതിനുള്ള ക്രമീകരണങ്ങൾ ആകും ഇനി നടക്കുക.


സസ്യങ്ങൾക്കും ജീവനുണ്ടെന്നും, മനുഷ്യരെ പോലെ തന്നെ ഭൂമിക്ക് അവകാശികളാണ് സസ്യങ്ങൾ എന്നും ഒക്കെ നാം പലപ്പോഴും പറയാറുണ്ട്. സസ്യങ്ങൾക്ക് ജീവനുണ്ടെന്ന് പറയുമ്പോഴും അവ മനുഷ്യനെപ്പോലെ ശ്വസിക്കുന്നത് ആരും നേരിൽ കണ്ടിട്ടില്ല. എന്നാൽ, സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്ന ഒരു വീഡിയോ ആരെയും അതിശയിപ്പിക്കുന്നതാണ്. മനുഷ്യരെ പോലെ തന്നെ സസ്യങ്ങളും ശ്വാസോച്ഛ്വാസം നടത്തുന്നതിന്റെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. 

യുഎസ് നാഷണൽ സയൻസ് ഫൗണ്ടേഷന്റെ ധനസഹായത്തോടെയുള്ള ഗവേഷണത്തിനിടെ കാലിഫോർണിയ സാൻ ഡീഗോ സർവകലാശാലയിലെ ജീവശാസ്ത്രജ്ഞരാണ് ഈ അത്ഭുതം ജനിപ്പിക്കുന്ന ക്ലോസ്-അപ്പ് ക്ലിപ്പ് പകർത്തിയത്. കാർബൺഡയോക്സൈഡിന് ക്രമീകരിക്കാൻ സസ്യങ്ങൾ എങ്ങനെയാണ് അവയുടെ വായ എന്നറിയപ്പെടുന്ന സ്റ്റോമാറ്റ എന്ന ഭാഗം ഉപയോഗിക്കുന്നത് എന്നാണ് ഈ വീഡിയോയിലൂടെ ജീവശാസ്ത്രജ്ഞർ കണ്ടെത്താൻ ശ്രമിച്ചത്. 

Latest Videos

undefined

കാർബൺ ഡൈ ഓക്‌സൈഡിന്റെ തോതനുസരിച്ച് സസ്യങ്ങൾ അവയുടെ സ്‌റ്റോമാറ്റ എങ്ങനെ തുറക്കുകയും അടയ്ക്കുകയും ചെയ്യുന്നു എന്നറിയുന്നത് അനുദിനം മാറുന്ന കാലാവസ്ഥാ പരിതസ്ഥിതിയിൽ അനുയോജ്യമായ ശക്തമായ വിളകൾ ഉത്പാദിപ്പിക്കാൻ ശാസ്ത്രജ്ഞരെ സഹായിക്കുമെന്ന് നാഷണൽ സയൻസ് ഫൗണ്ടേഷൻ വക്താവ് ജാരെഡ് ഡാഷോഫ് ഇതുമായി ബന്ധപ്പെട്ട് പറഞ്ഞതായി ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.

Stop to smell the roses, & look at the leaves, too! You'll find thousands of stomata - tiny pores like in the 📹 - that allow CO2 into the plant. researchers have discovered how plants signal stomata to open & close. https://t.co/dX4GHcKiSL 📹 Douglas Clark pic.twitter.com/UYVDcalwZa

— National Science Foundation (@NSF)

അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്സൈഡിന്റെ സാന്ദ്രത വർദ്ധിച്ചുകൊണ്ടിരിക്കുന്നതിനാൽ, ഈ സംവിധാനം പ്രയോജനപ്പെടുത്തുന്നത് ഭാവിയിൽ സസ്യജല ഉപയോഗത്തിന്റെ കാര്യക്ഷമതയ്ക്കും സഹായകമാകും എന്നാണ്  ഗവേഷകർ പ്രതീക്ഷിക്കുന്നത്. ഗോതമ്പ്, ചോളം, നെല്ല് തുടങ്ങിയവയ്ക്ക് മാറിവരുന്ന കാലാവസ്ഥാ പരിതസ്ഥിതിയിൽ അതിജീവിക്കുക ഏറെ ദുഷ്കരമാണെന്നും അതിനാൽ ഈ വിളകളെ സംരക്ഷിക്കുന്നതിന് ആവശ്യമായ പുതിയ കാർഷിക കണ്ടുപിടുത്തങ്ങൾ നടത്തുന്നതിന് ഈ പഠനം സഹായകമാകും എന്നുമാണ് ഗവേഷകർ കരുതുന്നത്.

പുതിയ കണ്ടെത്തലിൽ ഗവേഷകർ സംതൃപ്തരാണ്. ഈ പഠനങ്ങളുടെ അടിസ്ഥാനത്തിൽ കർഷകർക്ക് ഉപകാരപ്രദമായ രീതിയിൽ വിളകൾ സംരക്ഷിക്കപ്പെടുന്നതിന് ആവശ്യമായ മാർഗങ്ങൾ കണ്ടെത്തുന്നതിനുള്ള ക്രമീകരണങ്ങൾ ആകും ഇനി നടക്കുക എന്നും ഗവേഷക സംഘത്തിൽപ്പെട്ട ശാസ്ത്രജ്ഞർ മാധ്യമങ്ങളോട് പറഞ്ഞു.

tags
click me!