സംസാരിച്ച് കൊണ്ട് നില്‍ക്കുന്ന രണ്ട് പേരില്‍ ഒരാളുടെ പിന്നിലൂടെ പോകുന്ന മറ്റ് രണ്ട് വിദ്യാര്‍ത്ഥികള്‍ കൈകള്‍ കൂട്ടിപ്പിടിച്ച് പ്രത്യേക ആക്ഷനിലൂടെ വിദ്യാര്‍ത്ഥിയെ തലകീഴായി തിരിച്ച് നിർത്തുന്നു. ഇതിനിടെ ചില വിദ്യാര്‍ത്ഥികള്‍ നടുവും തല്ലി താഴെ വീഴുന്നു.
ഇന്ത്യയിലെന്നല്ല, ലോകത്താകമാനുമുള്ള യുവത്വം ഇന്ന് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നതിനെ കുറിച്ചുള്ള ചിന്തയിലാണ്. ഓരോ പുതിയ തന്ത്രവും പയറ്റിക്കഴിയുമ്പോള്‍ അടുത്ത കണ്ടന്‍റ് എന്തെന്ന ചിന്തയിലാണ് പലരും. ഇതനിടെ പാകിസ്ഥാനിലെ രണ്ട് വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് തങ്ങളുടെ കോളേജില്‍ നടത്തിയ ഒരു സ്റ്റണ്ട് വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. അത്യന്തം അപകടകരമായ സ്റ്റണ്ട് കണ്ട് സമൂഹ മാധ്യമ ഉപയോക്താക്കള്‍ അസ്വസ്ഥരായി. "സുപ്പീരിയർ യൂണിവേഴ്സിറ്റിയിലെ രസകരമായ നിമിഷങ്ങൾ" എന്ന അടിക്കുറിപ്പോടെ വിദ്യാര്‍ത്ഥികളായ അലി ഹസനും സാക്കി ഷായുമാണ് തങ്ങളുടെ സമൂഹ മാധ്യമങ്ങളിലൂടെ ഈ സ്റ്റണ്ട് വീഡിയോ പങ്കുവച്ചത്. വീഡിയോ ഇതിനകം അമ്പത് ലക്ഷത്തിലേറെ പേര്‍ കണ്ടു കഴിഞ്ഞു.
സംസാരിച്ച് കൊണ്ടിരിക്കുന്ന രണ്ട് വിദ്യാര്‍ത്ഥികളില്‍ ഒരാളെ, മറ്റ് രണ്ട് വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് കൈകള്‍ കോര്‍ത്ത് പിടിച്ച് തല കീഴായി കറക്കി പഴയപടി തന്നെ വയ്ക്കുന്നതാണ് വീഡിയോ. എന്നാല്‍, ഒന്നിലധികം വിദ്യാർത്ഥികളിൽ നടത്തുന്ന ഈ സ്റ്റണ്ടിനിടെ ആവശം കാരണം ചിലര്‍ നടുവ് അടിച്ചും മറ്റ് ചിലര്‍ തല അടിച്ചും താഴെ വീഴുന്നു. അതേസമയം ചുറ്റുമുള്ളവരെല്ലാം തന്നെ വിദ്യാര്‍ത്ഥികളുടെ പ്രവൃത്തി ആസ്വദിച്ച് ചിരിക്കുന്നതും കാണാം.
പക്ഷേ. വീഡിയോ കണ്ട സമൂഹ മാധ്യമ ഉപയോക്താക്കള്‍ക്ക് അതിലെ തമാശ രസിക്കാനായില്ല. മറിച്ച് സ്റ്റണ്ടിനിടെ നടുവടിച്ച് താഴെ വീഴുന്ന വിദ്യാര്‍ത്ഥികളെ കുറിച്ചായിരുന്നു അവരുടെ ആശങ്ക. 'ഇത് തമാശക്കളിയല്ല. അപകടകരമാണ്' ഒരു കാഴ്ചക്കാരന്‍ എഴുതി. ആരെങ്കിലും എന്നോട് ഇത് ചെയ്താൽ. അവർ സ്വർഗത്തിലും ഞാൻ ജയിലിലും ആയിരിക്കും." മറ്റൊരു കാഴ്ചക്കാരന്‍ തന്‍റെ നിലപാട് വ്യക്തമാക്കി. "നിങ്ങൾക്ക് അക്ഷരാർത്ഥത്തിൽ ആരുടെയെങ്കിലും നട്ടെല്ല് തകർക്കാൻ കഴിയും," എന്നായിരുന്നു മറ്റൊരു കുറിപ്പ്. 'ഇത്തരം വീഴ്ചകള്‍ ഭാവിയില്‍ ഗുരുതരമായ പരിക്കിന് കാരണമാകും.' എന്ന് ഒരു കാഴ്ചക്കാരന്‍ മുന്നറിയിപ്പ് നല്‍കി. "നെക്ക് ബ്രേക്കിംഗ് സ്റ്റണ്ട്," മറ്റൊരു കാഴ്ചക്കാരന്‍ സ്റ്റണ്ടിന് അന്വേര്‍ത്ഥമായ പേര് നല്‍കി.