'ഞങ്ങൾക്ക് റോഡിലൂടെ സൈക്കിൾ ചവിട്ടാൻ പോലും ഭയമാണ്. നിങ്ങൾ ആയിരം വർഷം ജീവിക്കട്ടെ' എന്നായിരുന്നു ഒരാളുടെ കമന്റ്. 'ഈ പ്രായത്തിലും ഇതുപോലൊരു ആത്മവിശ്വാസം, സൂപ്പർ' എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.
പ്രായം വെറും നമ്പർ മാത്രമാണ് എന്ന് പറയാറുണ്ട്. പ്രത്യേകിച്ചും പുതിയതായി എന്തെങ്കിലും പഠിച്ചെടുക്കണമെങ്കിൽ. ആരോഗ്യം അനുവദിക്കുന്നതെല്ലാം ഏത് പ്രായത്തിലും നമുക്ക് ചെയ്യാം. അങ്ങനെ പ്രായത്തെ തോല്പിക്കുകയും സ്വപ്നങ്ങൾക്ക് പിന്നാലെ പോവുകയും ചെയ്യാം. അതിനി സംഗീതം പഠിക്കാനാവട്ടെ, നൃത്തം ചെയ്യാനാവട്ടെ, ഡ്രൈവിംഗോ നീന്തലോ പഠിക്കാനാവട്ടെ, യാത്രകൾ ചെയ്യാനാവട്ടെ പ്രായം ഒന്നിനും ഒരു തടസമല്ല. അത് തെളിയിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്.
പാകിസ്ഥാനിൽ നിന്നുള്ള ഡിജിറ്റൽ കണ്ടന്റ് ക്രിയേറ്ററായ മജീദ് അലിയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. വീഡിയോയിൽ കാണുന്നത് പ്രായമായ ഒരു സ്ത്രീ തിരക്കുള്ള ഒരു റോഡിലൂടെ കാറോടിക്കുന്നതാണ്. നാല് ദിവസം മുമ്പ് പങ്കുവച്ച വീഡിയോ ഇതിനകം 24 മില്ല്യൺ പേരാണ് കണ്ടിരിക്കുന്നത്.
വീഡിയോയിൽ, മജീദിൻ്റെ മാതാവാണ് ഉള്ളത്. വളരെ ശ്രദ്ധയോടെ അവർ ആ തിരക്കുള്ള റോഡിലൂടെ വാഹനമോടിച്ച് പോകുന്നത് കാണാം. അവരുടെ ശാന്തതയും ആത്മവിശ്വാസവുമാണ് ആളുകളെ ആകർഷിച്ചത്. അതുപോലെ എത്ര അനായാസമായിട്ടാണ് അവർ വാഹനമോടിക്കുന്നത് എന്നും പലരും ചൂണ്ടിക്കാട്ടി.
'ഞങ്ങൾക്ക് റോഡിലൂടെ സൈക്കിൾ ചവിട്ടാൻ പോലും ഭയമാണ്. നിങ്ങൾ ആയിരം വർഷം ജീവിക്കട്ടെ' എന്നായിരുന്നു ഒരാളുടെ കമന്റ്. 'ഈ പ്രായത്തിലും ഇതുപോലൊരു ആത്മവിശ്വാസം, സൂപ്പർ' എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. 'ഈ പ്രായത്തിലും കണ്ണട പോലുമില്ലാതെയാണ് അവർ വാഹനമോടിക്കുന്നത്. എന്റെ 20 -ലുള്ള സുഹൃത്തിന് പോലും വാഹനം ഓടിക്കാൻ അറിയില്ല' എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.
പിന്നീട്, മജീദ് വീണ്ടും തന്റെ മാതാവ് വാഹനമോടിക്കുന്നതിന്റെ ഒരു വീഡിയോ കൂടി പേജിൽ പങ്കുവച്ചിട്ടുണ്ട്. അതിലും മനോഹരമായ ചെറുപുഞ്ചിരിയോടെ വാഹനമോടിക്കുന്ന ഉമ്മയെ ആണ് കാണാനാവുക.
പെൺകുട്ടികളുടെ ഹോസ്റ്റൽ, ന്യൂ ഇയർ രാത്രിയിലെ ആഘോഷം, വാർഡനും പങ്കുചേർന്നതോടെ കളറായി, ക്യൂട്ട് വീഡിയോ