മദ്യപിച്ചു, ചങ്ങാതികളെ ചിരിപ്പിക്കാൻ യുവാവ് ചെയ്തത്, കപ്പലിന്റെ 11 -ാം നിലയിൽ നിന്ന് കടലിലേക്ക് ചാടി

By Web Team  |  First Published Nov 15, 2024, 8:04 PM IST

'വെള്ളത്തിൽ തട്ടിയതായി ഞാൻ ഓർക്കുന്നു. അതിന്റെ ആഘാതം വളരെ വലുതായിരുന്നു. കാരണം വലിയ ഉയരത്തിൽ നിന്നാണ് ഞാൻ ചാടിയത്. ഇത് എൻ്റെ കഴുത്തിനെയും മുതുകെല്ലിന്റെ അടിഭാ​ഗത്തെയും വളരെ കഠിനമായി ബാധിച്ചു. ഭാഗ്യവശാൽ അത് അപകടകരമായില്ല.'


11 നിലകളുള്ള കപ്പലിന്റെ മുകളിൽ നിന്നും കടലിലേക്ക് ചാടിയ യുവാവിനെ കുറിച്ച് കേട്ടിട്ടുണ്ടോ? അതേ 2019 -ലാണ്, നിക്ക് നയ്ദേവ് എന്ന യുവാവ് 'ദി സിംഫണി ഓഫ് ദി സീസ്' എന്ന കപ്പലിന്റെ 11 -ാം നിലയിൽ നിന്ന് സമുദ്രത്തിലേക്ക് ചാടാൻ തീരുമാനിക്കുന്നത്. കപ്പൽ ബഹാമാസിലെ നസൗവിൽ നിർത്തിയിരിക്കുമ്പോഴായിരുന്നു സംഭവം. 

തലേദിവസം രാത്രിയിൽ സുഹൃത്തുക്കളുമായി മദ്യപിച്ച നിക്കിന് ചാടുമ്പോഴും അതിന്റെ ലഹരിയുണ്ടായിരുന്നത്രെ. ആ ലഹരിയിലും കൂടിയായിരുന്നു നിക്കിന്റെ ഈ സാഹസികപ്രകടനം. സുഹൃത്തുക്കളുടെ സാന്നിധ്യത്തിലാണ് നിക്ക് കടലിലേക്ക് എടുത്തു ചാടിയത്. തമാശയ്ക്ക് വേണ്ടിയായിരുന്നത്രെ നിക്ക് ചാടിയത്. സുഹൃത്തുക്കൾ ഇത് റെക്കോർഡ് ചെയ്യുകയും ചെയ്തു. എന്തായാലും, ആ ചാട്ടത്തിൽ നിക്കിന്റെ ജീവന് അപകടമൊന്നും സംഭവിച്ചില്ല. എന്നാൽ, അത് അങ്ങേയറ്റം വേദനാജനകമായ അനുഭവമായിരുന്നു എന്ന് നിക്ക് തുറന്നു സമ്മതിച്ചു. കഴുത്തിനും മുതുകെല്ലിന്റെ അടിഭാ​ഗത്തും പരിക്കേറ്റെങ്കിലും ഭാ​ഗ്യവശാൽ അത് ​ഗുരുതരമായ പരിക്കായിരുന്നില്ല എന്നാണ് നിക്ക് പറഞ്ഞത്. 

pic.twitter.com/mR1nEfOugW

— k’🧊 (@k1ragoat)

Latest Videos

undefined

“വെള്ളത്തിൽ തട്ടിയതായി ഞാൻ ഓർക്കുന്നു. അതിന്റെ ആഘാതം വളരെ വലുതായിരുന്നു. കാരണം വലിയ ഉയരത്തിൽ നിന്നാണ് ഞാൻ ചാടിയത്. ഇത് എൻ്റെ കഴുത്തിനെയും മുതുകെല്ലിന്റെ അടിഭാ​ഗത്തെയും വളരെ കഠിനമായി ബാധിച്ചു. ഭാഗ്യവശാൽ അത് അപകടകരമായില്ല. സത്യത്തിൽ ആ സമയത്ത് എന്റെ മനസിൽ ഒന്നും ഉണ്ടായിരുന്നില്ല. 'എനിക്ക് ഇത് ചെയ്യണം' എന്ന തോന്നലായിരുന്നു. തോന്നി രണ്ട് സെക്കൻഡുകൾക്ക് ശേഷം, ഞാൻ ചാടിയിറങ്ങി, അതിനെ കുറിച്ച് ശരിക്കും ചിന്തിച്ചില്ല. തലേദിവസം രാത്രി ഞങ്ങൾ അൽപ്പം മദ്യപിച്ചതിനാൽ തന്നെ ആ ലഹരി ഉണ്ടായിരുന്നു. ഇത് ചെയ്യാൻ ഒരാളെയും ഞാൻ പ്രോത്സാഹിപ്പിക്കില്ല. കാരണം ഇത് അങ്ങേയറ്റം അപകടകരമായ പ്രവൃത്തിയാണ്“ എന്നാണ് ഇൻസൈഡ് എഡിഷനുമായുള്ള ഒരു അഭിമുഖത്തിൽ നിക്ക് പറഞ്ഞത്. 

ഒരു ചെറിയ ബോട്ടാണ് അവിടെ നിന്നും നിക്കിനെ എടുത്ത് കപ്പലിൽ‌ തന്നെ എത്തിച്ചത്. എന്നാൽ, യാത്ര തുടരാൻ കപ്പൽ അധികൃതർ നിക്കിനെ അനുവദിച്ചില്ല. അതിൽ നിന്നും പറഞ്ഞുവിടുകയായിരുന്നു. വിഡ്ഢിത്തം നിറഞ്ഞ പ്രവൃത്തി എന്നാണ് കപ്പൽ അധികൃതർ ഇതിനെ വിശേഷിപ്പിച്ചത്. എന്നാൽ, അന്ന് ഒരു തമാശയ്ക്ക് സുഹൃത്തുക്കളെ ചിരിപ്പിക്കാനാണ് ഇത് ചെയ്തത് എന്നാണ് നിക്ക് പറയുന്നത്. ആരും ഇത്തരം കാര്യങ്ങളൊന്നും ചെയ്യരുത് എന്നും നിക്ക് പറയുന്നുണ്ട്. 

അയ്യോ എങ്ങനെ കാണാതിരിക്കും, 18 മില്ല്യൺപേർ കണ്ട വീഡിയോ, അച്ഛനുമമ്മയും നല്ലൊരു ഹൃദയവുമുണ്ടെങ്കിൽ ഹാപ്പിയാകാം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

tags
click me!