എന്നാലും ഇത്രയും വലിയ ബോർഡിംഗ് പാസ് എങ്ങനെ അവർ അച്ചടിച്ചു എന്നതായിരുന്നു ചിലരുടെ സംശയം. മറ്റ് ചിലർ പറഞ്ഞത്, ഇവരെല്ലാം ജോലി ചെയ്യുന്നത് ഏതോ പ്രിന്റിംഗ് പ്രസ്സിലാണ് എന്ന് തോന്നുന്നു എന്നാണ്.
സോഷ്യൽ മീഡിയയിൽ വൈറലാവാൻ വേണ്ടി എന്തും ചെയ്യുമെന്ന അവസ്ഥയാണിന്ന്. അതുപോലെ തന്നെ സുഹൃത്തുക്കളും ചിലപ്പോൾ നല്ല പണികളുമായി വരാറുണ്ട്. അത്തരത്തിലുള്ള ചില പ്രവൃത്തികൾ വീഡിയോ കാണുന്നവരേയും അതിൽ ഭാഗമാകേണ്ടി വരുന്നവരേയും ഒക്കെ അമ്പരപ്പിക്കാറും ചിരിപ്പിക്കാറും ഒക്കെയുണ്ട്. അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആളുകളുടെ ശ്രദ്ധയാകർഷിച്ചുകൊണ്ടിരിക്കുന്നത്.
എയർപോർട്ട് ഗേറ്റിൽ നിൽക്കുന്ന ഒരാളെയാണ് വീഡിയോയിൽ കാണുന്നത്. അയാളുടെ കയ്യിലുള്ള ബോർഡിംഗ് പാസിന്റെ വലിപ്പമാണ് വീഡിയോയെ ശ്രദ്ധേയമാക്കുന്നത്. അത് സാധാരണ ബോർഡിംഗ് പാസുകളുടെ വലിപ്പത്തേക്കാൾ മൂന്നിരട്ടിയിലധികം വരുന്നതാണ്. ഈ ബോര്‍ഡിംഗ് പാസുമായി വന്ന യുവാവ് വരിയിൽ നിൽക്കുന്നതും ഒരു പൊലീസ് ഉദ്യോഗസ്ഥൻ ബോർഡിംഗ് പാസ് പരിശോധിക്കുന്നതും വീഡിയോയിൽ കാണാം.
ഉദ്യോഗസ്ഥൻ അവിശ്വസനീയതയോടെയാണ് ഇതിലേക്ക് നോക്കുന്നത്. ഒപ്പം പുഞ്ചിരിക്കുന്നതും കാണാം. പിന്നീട് അത് നന്നായി പരിശോധിക്കുന്നു. അതിൽ എന്തോ ചൂണ്ടിക്കാണിക്കുന്നതും കാണാം. എന്തോ വിശദീകരണം തേടുകയാണ് എന്നാണ് തോന്നുന്നത്. വീഡിയോയിൽ എഴുതിയിരിക്കുന്നത്, ബോർഡിംഗ് പാസ് പ്രിന്റ് ചെയ്യാൻ സുഹൃത്തുക്കളെ ഏല്പിച്ചാൽ ഇതാവും അവസ്ഥ എന്നാണ്. അതായത്, യുവാവിന് കൂട്ടുകാർ നൽകിയ മറക്കാനാവാത്ത ഒരു പണിയും അതുപോലെ രസകരമായ ഒരു മുഹൂർത്തവുമായിരിക്കണം ഇത് എന്ന് അർത്ഥം.
എന്തായാലും, വീഡിയോ വളരെ പെട്ടെന്നാണ് ശ്രദ്ധയാകർഷിച്ചത്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. എന്നാലും ഇത്രയും വലിയ ബോർഡിംഗ് പാസ് എങ്ങനെ അവർ അച്ചടിച്ചു എന്നതായിരുന്നു ചിലരുടെ സംശയം. മറ്റ് ചിലർ പറഞ്ഞത്, ഇവരെല്ലാം ജോലി ചെയ്യുന്നത് ഏതോ പ്രിന്റിംഗ് പ്രസ്സിലാണ് എന്ന് തോന്നുന്നു എന്നാണ്.
അതുപോലെ രസകരമായ അനേകം കമന്റുകളാണ് ഇപ്പോൾ വീഡിയോയ്ക്ക് താഴെ നിറയുന്നത്. എന്നാല്‍, അതേസമയം തന്നെ എയര്‍പോര്‍ട്ടിലൊക്കെ ഈ തമാശകള്‍ വേണോ എന്ന് ചോദിച്ചവരും ഉണ്ട്.