ഞെട്ടിക്കുന്ന ദൃശ്യങ്ങൾ; ഹോൺ മുഴക്കിയിട്ടും മാറിയില്ല, ജീവൻ വരെ പണയപ്പെടുത്തി സെൽഫി

By Web Team  |  First Published Sep 18, 2024, 10:02 PM IST

നിരവധി തവണ ഹോൺ മുഴക്കിയിട്ടും മാറാതെ സെൽഫി എടുക്കുന്നത് തുടർന്ന ഇയാളെ സമീപത്ത് ഉണ്ടായിരുന്നു മറ്റൊരു വ്യക്തിയാണ് ട്രാക്കിൽ നിന്നും പിടിച്ചു മാറ്റിയത്.


സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടുക എന്ന ഉദ്ദേശത്തോടെ പലതരത്തിലുള്ള സാഹസികപ്രവൃത്തികളിൽ ഏർപ്പെടുന്ന നിരവധി ആളുകൾ നമുക്ക് ചുറ്റുമുണ്ട്. വാഹനങ്ങളിൽ അപകടകരമായ സ്റ്റണ്ടുകൾ നടത്തി ചിത്രീകരിക്കുന്നത് മുതൽ ജീവൻ പണയപ്പെടുത്തി സെൽഫി എടുക്കുന്നത് വരെ ഇതിൽ ഉൾപ്പെടുന്നു. 

ഏതാനും ദിവസങ്ങൾ മുൻപ് അത്തരത്തിൽ അപകടകരമായ രംഗങ്ങൾ ചിത്രീകരിക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയുണ്ടായി. യാതൊരു വിധത്തിലുള്ള മുൻകരുതലുകളും ഇല്ലാതെ അശ്രദ്ധമായി ഒരു യുവാവ് ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് തൊട്ടുമുൻപിലായി നിന്ന് സെൽഫി എടുക്കാൻ ശ്രമിക്കുന്ന രംഗങ്ങളാണ് ഈ വീഡിയോയിൽ ഉള്ളത്. ജീവൻ പണയം വെച്ചുകൊണ്ടുള്ള ഈ സെൽഫി ശ്രമത്തിന്റെ വീഡിയോ ഡാർജിലിംഗിൽ നിന്നാണ് ചിത്രീകരിക്കപ്പെട്ടിട്ടുള്ളത്. 

Latest Videos

മൂന്ന് ദിവസം മുമ്പ് പോസ്റ്റ് ചെയ്ത വീഡിയോ ഓൺലൈനിൽ കാര്യമായ ശ്രദ്ധ നേടി, 5.5 ദശലക്ഷത്തിലധികം ആളുകൾ ഇതിനോടകം ഇത് കണ്ടുകഴിഞ്ഞു. സെൽഫി എടുക്കാൻ ശ്രമം നടത്തിയ യുവാവ് തന്നെയാണ് തൻറെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ വീഡിയോ പോസ്റ്റ് ചെയ്തത്. വീഡിയോ വൈറലായതോടെ വലിയ വിമർശനമാണ് ഇയാൾക്കെതിരെ ഉയരുന്നത്. യുവാവിന്റെ അശ്രദ്ധമായ പെരുമാറ്റത്തിൽ ആളുകൾ രോഷം പ്രകടിപ്പിക്കുകയും ഇയാൾക്കെതിരെ അധികൃതർ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാൻ യുവാവ് മനപ്പൂർവം നടത്തിയ ശ്രമമാണ് ഇതെന്നും അഭിപ്രായപ്പെട്ടവർ നിരവധിയാണ്.

ഡാർജിലിംഗിലെ ഒരു ടൂറിസ്റ്റ് കേന്ദ്രത്തിൽ ഓടിക്കൊണ്ടിരിക്കുന്ന ടോയ് ട്രെയിന് മുൻപിൽ നിന്നുകൊണ്ടാണ് യുവാവ് സെൽഫി ചിത്രീകരിക്കാൻ ശ്രമിച്ചത്. ട്രെയിൻ നിരവധി തവണ ഹോൺ മുഴക്കിയിട്ടും മാറാതെ സെൽഫി എടുക്കുന്നത് തുടർന്ന ഇയാളെ സമീപത്ത് ഉണ്ടായിരുന്നു മറ്റൊരു വ്യക്തിയാണ് ട്രാക്കിൽ നിന്നും പിടിച്ചു മാറ്റിയത്. ഈ സമയം യുവാവ് യാതൊരു ഭയവും കൂടാതെ ചിരിച്ചുകൊണ്ട് സെൽഫി ചിത്രീകരിക്കുന്നത് തുടരുന്നതും വീഡിയോയിൽ കാണാം. 'സെൽഫി എടുക്കാൻ ശ്രമിക്കുന്നതിനിടയിൽ നിർണായകമായ രക്ഷപ്പെടൽ' എന്ന ക്യാപ്ഷനോടെയാണ് ഇയാൾ വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. 

കഴിഞ്ഞ മാസം, ഗാസിയാബാദിൽ ഇൻസ്റ്റാഗ്രാം റീൽ റെക്കോർഡുചെയ്യാൻ ശ്രമിക്കുന്നതിനിടെ ഒരു പെൺകുട്ടിക്ക് കെട്ടിടത്തിൻ്റെ ആറാം നിലയിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റിരുന്നു. ബാൽക്കണിയിൽ നിന്ന് വീഡിയോ ചിത്രീകരിക്കുന്നതിനിടയിൽ മൊബൈൽ ഫോൺ അബദ്ധത്തിൽ കൈയിൽ നിന്ന് താഴോട്ട് വീണത് പിടിക്കുന്നതിനുള്ള ശ്രമത്തിനിടയിലാണ് പെൺകുട്ടി അപകടത്തിൽ പെട്ടത്.

tags
click me!