ഇവിടെ സമർപ്പിക്കുന്നത് പ്ലാസ്റ്റിക് വാട്ടർബോട്ടിലുകൾ, പിന്നിൽ ദാഹിച്ചു മരിച്ച ട്രക്ക് ഡ്രൈവറുടെ കഥ

By Web Team  |  First Published Aug 4, 2024, 2:37 PM IST

ഒരു ട്രക്ക് ഡ്രൈവറുടെ ദാരുണമായ മരണമാണ് ഈ ക്ഷേത്രത്തിലെ ഈ തനത് ആചാരത്തിന് പിന്നിലെ കാരണമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ട്രക്ക് ഡ്രൈവർ 1999 -ൽ ഈ ക്ഷേത്രത്തിന് സമീപം ദാഹം മൂലം മരണപ്പെട്ടത്രേ. അന്നുമുതൽ, ഇവിടെ കടന്നുപോകുന്നവർ ഒരു കുപ്പി വെള്ളം ഇവിടെ നിക്ഷേപിക്കുന്നു.


നിഗൂഢതകളും അത്ഭുതങ്ങളും നിറഞ്ഞതാണ് നമ്മുടെ ലോകം.  ഇത് ശരിവെക്കുന്ന ഒരു വിചിത്രമായ കാഴ്ച അടുത്തിടെ ഒരു ട്രാവൽ വ്ലോഗർ പങ്കുവയ്ക്കുകയുണ്ടായി. തൻറെ യാത്രയ്ക്കിടയിൽ അദ്ദേഹം കണ്ട ഒരു വിചിത്രമായ കാഴ്ചയായിരുന്നു ഇത്. പ്ലാസ്റ്റിക് വാട്ടർ ബോട്ടിലുകളാൽ ചുറ്റപ്പെട്ട ഒരു ക്ഷേത്രസമാനമായ സ്ഥലമായിരുന്നു അത്. സാധാരണയായി പൂക്കളാലും മറ്റും ഒക്കെ നിറഞ്ഞ ക്ഷേത്രങ്ങളാണ് നാം കാണാറുള്ളതെങ്കിൽ ഈ ക്ഷേത്രം വെള്ളക്കുപ്പികളുടെ കൂമ്പാരത്താൽ ചുറ്റപ്പെട്ടത് ആയിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്. ലഡാക്കിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്.

സൈക്കിളിൽ ഇന്ത്യ ചുറ്റിക്കറങ്ങുന്ന ട്രാവൽ ബ്ലോഗറും ഫോട്ടോഗ്രാഫറുമായ ആകാശ് ശർമയാണ് ഈ സ്ഥലത്തെ കുറിച്ചുള്ള വിവരങ്ങൾ പങ്കുവെച്ചത്. സാധാരണ ക്ഷേത്രങ്ങളിലും മറ്റും പുഷ്പങ്ങളാണ് ഭക്തർ സമർപ്പിക്കുന്നതെങ്കിൽ ഈ ക്ഷേത്രത്തിൽ പ്ലാസ്റ്റിക് വെള്ളക്കുപ്പികളാണ് സമർപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ഈ ക്ഷേത്രം ഇപ്പോൾ വെള്ളക്കുപ്പികൾ നിറഞ്ഞ ഒരു കൂമ്പാരത്തിന് നടുവിലാണ് സ്ഥിതി ചെയ്യുന്നത്. ആകാശ് പങ്കുവച്ച വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി എന്ന് മാത്രമല്ല ഇങ്ങനെയൊരു സ്ഥലം ഈ ഭൂമിയിലുണ്ടെന്ന് അറിയുന്നത് ഇത് ആദ്യമാണെന്നും പലരും അഭിപ്രായപ്പെടുകയും ചെയ്തു.

Latest Videos

undefined

സൈക്കിളിൽ ജയ്പൂരിൽ നിന്ന് ലഡാക്കിലേക്കുള്ള യാത്രയിലാണ് ഇത്തരത്തിൽ ഒരു സ്ഥലം ആകാശിന്റെ ശ്രദ്ധയിൽപ്പെട്ടത്. സൈക്കിളിൽ യാത്ര ചെയ്തുകൊണ്ടിരിക്കുന്നതിനിടയിൽ താൻ മലകൾക്കിടയിൽ പണിത ഒരു ക്ഷേത്രം കണ്ടുവെന്നും ആ ക്ഷേത്രത്തിനു പുറത്ത് കൂമ്പാരം പോലെ വെള്ളക്കുപ്പികൾ കൂടി കിടക്കുന്നത് തന്നെ അത്ഭുതപ്പെടുത്തി എന്നുമാണ് ഇദ്ദേഹം പറയുന്നത്. താൻ ആദ്യം കരുതിയത് ആളുകൾ വെള്ളം കുടിച്ച ശേഷം പ്ലാസ്റ്റിക് കുപ്പികൾ ഉപേക്ഷിച്ചതോ അല്ലെങ്കിൽ മാലിന്യം നിക്ഷേപിക്കുന്ന ഇടമോ ആകാം അതെന്നായിരുന്നു. പക്ഷേ, അത് അങ്ങനെ ആയിരുന്നില്ല എന്നും ആളുകൾ ആ ക്ഷേത്രത്തിലേക്കുള്ള കാഴ്ചവസ്തുക്കളായി സമർപ്പിച്ച വെള്ളക്കുപ്പികൾ ആയിരുന്നു അതെന്നുമാണ്   ആകാശ് സാക്ഷ്യപ്പെടുത്തുന്നത്. നിഗൂഢമായ ഒരിടം പോലെ തനിക്ക് അവിടം കണ്ടപ്പോൾ തോന്നിയെന്നും അദ്ദേഹം പറയുന്നു.

ഒരു ട്രക്ക് ഡ്രൈവറുടെ ദാരുണമായ മരണമാണ് ഈ ക്ഷേത്രത്തിലെ ഈ തനത് ആചാരത്തിന് പിന്നിലെ കാരണമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ട്രക്ക് ഡ്രൈവർ 1999 -ൽ ഈ ക്ഷേത്രത്തിന് സമീപം ദാഹം മൂലം മരണപ്പെട്ടത്രേ. അന്നുമുതൽ, ഇവിടെ കടന്നുപോകുന്നവർ ഒരു കുപ്പി വെള്ളം ഇവിടെ നിക്ഷേപിക്കുന്നു. ആ വ്യക്തിയോടുള്ള ആദരസൂചകമായി ആകാശും അല്പം വെള്ളം അവിടെ ഒഴിക്കുന്നത് വീഡിയോയിൽ കാണാം.

വൈറലായ വീഡിയോയ്ക്ക് ഒരു കോടിയിലധികം കാഴ്ചക്കാരെ ലഭിച്ചു. വീഡിയോ കണ്ടവരിൽ ചിലർ അഭിപ്രായപ്പെട്ടത് ഇത്തരത്തിൽ വെള്ളക്കുപ്പികൾ ഉപേക്ഷിച്ചു പോകാതെ ഭാവിയിൽ ആരും  ദാഹിച്ചു മരിക്കാതിരിക്കാൻ അവിടെ ഒരു വാട്ടർ ടാങ്ക് നിർമ്മിക്കുന്നതാണ് നല്ലത് എന്നായിരുന്നു.

click me!