വീഡിയോ പോസ്റ്റ് ചെയ്തതോടെ വരന്‍ ചെയ്തതിനെ വിമര്‍ശിച്ചുകൊണ്ട് നിരവധി പേര്‍ കമന്‍റ് ചെയ്തു. പാവം പെണ്‍കുട്ടി എന്നാണ് ഒരാള്‍ കമന്‍റ് ചെയ്തിരിക്കുന്നത്.
അടുത്തിടെയുള്ള പല വിവാഹ വീഡിയോകളും ഇന്‍റർനെറ്റില്‍ വൈറലാവാറുണ്ട്. പലതും വളരെ രസകരവും തമാശനിറഞ്ഞതും ഒക്കെ ആയിരിക്കാറുണ്ട്. എന്നാല്‍, അടുത്തിടെ വൈറലായ ഒരു വീഡിയോയില്‍ വരന്‍, വധുവിനെ നിര്‍ബന്ധിച്ച് ലഡു തിന്നിക്കുന്നതാണ് കാണാനാവുന്നത്. തീർത്തും അപഹാസ്യവും സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ളതുമാണ് ഈ വീഡിയോ എന്ന് പറയാതെ വയ്യ. വീഡിയോ പോസ്റ്റ് ചെയ്തുയടനെ തന്നെ നിരവധി പേർ വരന്റെ പെരുമാറ്റത്തെ ചോദ്യം ചെയ്തുകൊണ്ട് മുന്നോട്ട് വന്നിട്ടുണ്ട്.
official_niranjanm87 എന്ന പേരിലുള്ള അക്കൗണ്ടില്‍ നിന്നാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോയില്‍ വധുവും വരനും പരസ്പരം മധുരം നല്‍കുന്നത് കാണാം. ആദ്യം വധുവാണ് വരന് മധുരം നല്‍കുന്നത്. എന്നാല്‍, തിരികെ മധുരം നല്‍കാനാകുമ്പോള്‍ വരന്‍ വധുവിന്‍റെ മുടിയില്‍ അമര്‍ത്തിപ്പിടിക്കുന്നതും ശക്തിയുപയോഗിച്ച് ലഡു നല്‍കുന്നതും കാണാം.
വീഡിയോ പോസ്റ്റ് ചെയ്തതോടെ വരന്‍ ചെയ്തതിനെ വിമര്‍ശിച്ചുകൊണ്ട് നിരവധി പേര്‍ കമന്‍റ് ചെയ്തു. 'പാവം പെണ്‍കുട്ടി' എന്നാണ് ഒരാള്‍ കമന്‍റ് ചെയ്തിരിക്കുന്നത്. 'വിവാഹദിവസം ഇങ്ങനെയാണ് എങ്കില്‍ തുടര്‍ന്ന് അവനാ പെണ്‍കുട്ടിയോട് എങ്ങനെയാവും പെരുമാറുക. നാണക്കേട് തോന്നുന്നു. ഇത് തടയാന്‍ അവിടെ ആരും ഉണ്ടായിരുന്നില്ലേ' എന്നാണ് മറ്റൊരാള്‍ ചോദിച്ചിരിക്കുന്നത്.
'ഈ വീഡിയോ തമാശയോ രസകരമോ അല്ല. തീര്‍ത്തും ചൂഷണമാണ് ഇവിടെ നടന്നിരിക്കുന്നത്. ആ കുടുംബക്കാര്‍ ഇത് അനുവദിച്ചതെങ്ങനെയാണ്' എന്ന് വേറൊരാള്‍ ചോദിക്കുന്നു. ഏതായാലും നിലവിൽ സ്ത്രീകൾക്ക് നേരെ നടക്കുന്ന ചൂഷണങ്ങളുടെ പശ്ചാത്തലത്തിൽ വലിയ എതിർപ്പാണ് വീഡിയോയ്ക്ക് നേരെയുണ്ടാകുന്നത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona