പകൽ പോലും ഭയപ്പെടുത്തുന്ന ഈ ഇരുണ്ട തുരങ്കം എവിടെയാണന്ന് അറിയാൻ ആളുകൾ ആകാംക്ഷ പ്രകടിപ്പിച്ചു. കാർ മറുവശത്ത് എത്തിയപ്പോഴാണ് ആശ്വാസമായത് എന്നാണ് വീഡിയോ കണ്ടവരിൽ ഭൂരിഭാഗം ആളുകളും അഭിപ്രായപ്പെട്ടത്.
സ്വന്തമായി വാഹനമോടിച്ച് ദീർഘദൂര യാത്രകൾക്ക് പോകുന്നവരാണോ നിങ്ങൾ? എപ്പോഴെങ്കിലും അത്തരം യാത്രകളിൽ ഏതെങ്കിലും റോഡുകൾ നിങ്ങളെ ഭയപ്പെടുത്തിയിട്ടുണ്ടോ? ഉത്തരം എന്തു തന്നെയായാലും ഈ വീഡിയോ നിങ്ങൾ ഒന്നു കണ്ടു നോക്കണം. വീഡിയോയിൽ കാണുമ്പോൾ തന്നെ നമ്മളെ ഭയപ്പെടുത്തുകയും വഴി തെറ്റിക്കുകയുമൊക്കെ ചെയ്യുന്ന ഒരു തുരങ്കപാതയാണ് ഇത്. സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ് ഈ തുരങ്കപാത.
വലിയ ഒരു റോഡിൽ നിന്നും ഇരുണ്ട ഇടുങ്ങിയ ഒരു തുരങ്കത്തിലേക്ക് ഒരു കാർ പ്രവേശിക്കുന്നു. പിന്നീട് ആ കാർ മുന്നോട്ട് സഞ്ചരിക്കുമ്പോഴാണ് എത്രമാത്രം ഭയപ്പെടുത്തുന്നതാണ് ആ തുരങ്കം എന്ന് മനസ്സിലാകുക. വളഞ്ഞും പുളഞ്ഞുമുള്ള ഇടുങ്ങിയ പാത. വാഹനത്തിന്റെ ലൈറ്റ് അല്ലാതെ മറ്റൊരു വെളിച്ചവും എവിടെയുമില്ല. ആകെയുള്ളത് അവിടവിടെയായി തുരങ്കത്തിന്റെ ഭിത്തിയിൽ പതിപ്പിച്ചിരിക്കുന്ന ദിശ സൂചിപ്പിക്കുന്ന ചെറിയ ബോർഡുകൾ മാത്രം. ഡ്രൈവറുടെ മനോധൈര്യം ഒരു നിമിഷം നഷ്ടമായാൽ മതി ആ തുരങ്കത്തിനുള്ളിൽ കുടുങ്ങി പോകാൻ. തുരങ്കം അവസാനിക്കുന്നത് വലിയൊരു റോഡിലേക്ക് തന്നെയാണ്. ഉഷ വർദ്ധൻ എന്ന യൂസറാണ് ഈ വിഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്
ഇതിനോടകം ഈ വീഡിയോ ദശലക്ഷക്കണക്കിന് കാഴ്ചക്കാരെ നേടി കഴിഞ്ഞു. 76,000 -ത്തിലധികം ഉപയോക്താക്കൾ വീഡിയോ ലൈക്ക് ചെയ്തു. തുരങ്കത്തെക്കുറിച്ചുള്ള ആകാംക്ഷയും ആശങ്കയും പ്രകടിപ്പിച്ച് നിരവധി ആളുകളും കമൻ്റും ചെയ്തിട്ടുണ്ട്. പകൽ പോലും ഭയപ്പെടുത്തുന്ന ഈ ഇരുണ്ട തുരങ്കം എവിടെയാണന്ന് അറിയാൻ ആളുകൾ ആകാംക്ഷ പ്രകടിപ്പിച്ചു. കാർ മറുവശത്ത് എത്തിയപ്പോഴാണ് ആശ്വാസമായത് എന്നാണ് വീഡിയോ കണ്ടവരിൽ ഭൂരിഭാഗം ആളുകളും അഭിപ്രായപ്പെട്ടത്. ഈ തുരങ്കത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളൊന്നും പോസ്റ്റിൽ ചേർത്തിട്ടില്ല.