ബ്രെഡ് പക്കോഡ സൂറത്തിൽ വളരെ പ്രശസ്തമാണ് എന്നും തന്റെ കടയിൽ എപ്പോഴും ഇത് കഴിക്കുന്നതിനായി ആളുകൾ എത്താറുണ്ട് എന്നും ഇവർ പറയുന്നുണ്ട്.
അറുപതോ എഴുപതോ വയസ്സായാൽ മക്കൾ നൽകുന്നതും കൊണ്ട് വീട്ടിൽ തന്നെ കഴിയണം എന്ന് പറയുന്നവരുണ്ട്. എന്നാൽ, ജോലി ചെയ്യുന്നവരും ഒരിടത്ത് ഇരിക്കാൻ ഇഷ്ടപ്പെടാത്തവരും ഉണ്ട്. അങ്ങനെ ഒരു 75 -കാരിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
ഗുജറാത്തിലെ സൂറത്തിൽ ബ്രഡ് പക്കോഡ വിൽക്കുകയാണ് ഈ 75 -കാരി. വഴിയരികിലെ ഇവരുടെ കടയിൽ നിന്നുള്ള വീഡിയോയാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. അമർ സിരോഹി എന്ന ഫുഡ് വ്ലോഗറാണ് ഇവരുടെ വീഡിയോ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. ചുറുചുറുക്കോടെ ജോലി ചെയ്യുന്ന 75 -കാരിയെയാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്. അവർ നല്ല ചൂടായും ക്രിസ്പിയായും പക്കോഡയുണ്ടാക്കി കടയിൽ എത്തുന്നവർക്ക് വിളമ്പുകയാണ്.
undefined
ബ്രെഡ് പക്കോഡ സൂറത്തിൽ വളരെ പ്രശസ്തമാണ് എന്നും തന്റെ കടയിൽ എപ്പോഴും ഇത് കഴിക്കുന്നതിനായി ആളുകൾ എത്താറുണ്ട് എന്നും ഇവർ പറയുന്നുണ്ട്. പക്കോഡയുണ്ടാക്കുന്നതിന് ആദ്യം മുതൽ അത് വിളമ്പുന്ന അവസാന ഘട്ടം വരെ എന്തൊരു ചുറുചുറുക്കോടെയാണ് ഇവർ തന്റെ ജോലി ചെയ്യുന്നത് എന്ന് കാണുമ്പോഴാണ് നമുക്ക് അതിശയം തോന്നുന്നത്. പ്രായത്തിന്റേതായ ഒരു തളർച്ചയും അവരിൽ ഇല്ല. ഒരുപാട് ഇഷ്ടത്തോട് കൂടിയാണ് അവർ ഭക്ഷണമുണ്ടാക്കുന്നതും വിളമ്പുന്നതും എന്നും വീഡിയോ കാണുമ്പോൾ മനസിലാവും.
പച്ചക്കറികളും ചീസും ചേർത്താണ് പക്കോഡ വിളമ്പുന്നത്. 30 രൂപയാണ് ഒരു പ്ലേറ്റിന് വില. വളരെ പെട്ടെന്നാണ് വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടത്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. ഈ പ്രായത്തിലും ഇത്ര ചുറുചുറുക്കോടെ ഇങ്ങനെ ജോലി ചെയ്യുന്നതിൽ 75 -കാരിയെ ആളുകൾ അഭിനന്ദിച്ചു. അതേസമയം, ഈ കടയുടെ കൃത്യമായ സ്ഥലം ഏതാണ് എന്ന് ചോദിച്ചവരുമുണ്ട്.