പുതിയ ദേശീയ പാതയുടെ ഭാഗമായി അരൂര്‍ – തുറവൂര്‍ ഭാഗത്ത് ഉയരപ്പാത നിര്‍മ്മാണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇതാ അരൂര്‍ – തുറവൂര്‍ ആകാശപ്പാതയുടെ ചില വിശേഷങ്ങൾ.
സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ദേശീയപാത 66ന്റെ നിർമ്മാണം പുരോഗമിക്കുകയാണ്. ബൈപ്പാസുകളും ആകാശപ്പാതകളുമൊക്കെയായി സംസ്ഥാനത്തിന്റെ മുഖച്ഛായ മാറ്റിക്കൊണ്ടാണ് സൂപ്പർ റോഡ് ഒരുങ്ങുന്നത്. പുതിയ ദേശീയ പാതയുടെ ഭാഗമായി അരൂര്‍ – തുറവൂര്‍ ഭാഗത്ത് ഉയരപ്പാത നിര്‍മ്മാണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇതാ അരൂര്‍ – തുറവൂര്‍ ആകാശപ്പാതയുടെ ചില വിശേഷങ്ങൾ.
അരൂർ-തുറവൂർ ഉയരപ്പാതയുടെ മൂന്നിലൊന്ന് തൂണുകളുടെ നിർമ്മാണവും പൂർത്തിയായതായാണ് പുതിയ റിപ്പോര്‍ട്ടുകൾ. അരൂർ മുതൽ തുറവൂർ വരെ 12.75 കിലോമീറ്ററിൽ 374 തൂണുകളാണ് നിർമ്മിക്കുന്നത്. ഇതിൽ കോൺക്രീറ്റ് ഗർഡറുകൾ സ്ഥാപിക്കുന്നതിന് പാകമായി 115 തൂണുകളും കോൺക്രീറ്റ് ചെയ്യുന്നതിനായി 53 തൂണുകൾക്ക് കമ്പികൾ കെട്ടി തയാറായിവരുന്നു. ജൂണിൽ കാലവർഷത്തിന് മുമ്പ് പരമാവധി തൂണുകളുടെ നിർമാണം പൂർത്തിയാക്കാനാണ് കരാറുകാരുടെ ശ്രമം.
24 മീറ്റര്‍ വീതിയിലാണ് അരൂര്‍ – തുറവൂര്‍ ആകാശപ്പാത. ഈ ഭാഗത്ത് ആകെ 30 മീറ്റര്‍ വീതിയിലാണു ദേശീയപാതയ്ക്കു ഭൂമിയുള്ളത്. ആകെ 12.75 കിലോമീറ്റര്‍ നീളം ഉണ്ടാകും ഈ സൂപ്പർ റോഡിന്. രാജ്യത്തെ തന്നെ ഒറ്റത്തൂണില്‍ നിര്‍മിക്കുന്ന ഏറ്റവും നീളം കൂടിയ ആറുവരി ഉയരപ്പാതയാണ് ഇവിടെ നിര്‍മിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകൾ. ഉയരപാതയ്ക്കായി ആകെ അര ഏക്കറോളം സ്ഥലം മാത്രമാണ് ഏറ്റെടുക്കേണ്ടി വന്നത്. ആറു വരി ഉയരപാതയ്ക്കു പുറമേ ചേര്‍ത്തല ഭാഗത്തു നിന്നെത്തുന്ന വാഹനങ്ങള്‍ക്ക് വെണ്ടുരുത്തി പാലത്തിലേക്ക് ഇറങ്ങാനായി ഒരു റാംപും നിര്‍മിക്കുന്നുണ്ട്. 1,675 കോടി രൂപയുടേതാണ് നിര്‍മാണ കരാര്‍. ഉയരപ്പാതയ്ക്കായി ആകെ വേണ്ടത് 356 തൂണുകളാണ്. നിലവിലെ ദേശീയപാതയ്ക്ക് നടുവിലാണ് ഈ ഒറ്റത്തൂണുകൾ തയ്യാറാക്കുന്നത്.
അരൂർ മുതൽ തുറവൂർ വരെ അഞ്ച് റീച്ചുകളിലാണ് ജോലികൾ നടക്കുന്നത്. തുറവൂർ മുതൽ കുത്തിയതോട് വരെയുള്ള ആദ്യറീച്ചിൽ തൂണുകൾ തമ്മിൽ ബന്ധിപ്പിക്കുന്നതിനായി 24 കോൺക്രീറ്റ് ഗർഡറുകൾ സ്ഥാപിച്ചു. കുത്തിയതോട് മുതൽ കണ്ണുകുളങ്ങര വരെയുള്ളതിൽ കുത്തിയതോട് ജങ്ഷനുസമീപം ഏഴ് ഗർഡറുകളും ചന്തിരൂർ മുതൽ അരൂർ വരെയുള്ള റീച്ചിൽ 11 ഗർഡറുകളും സ്ഥാപിച്ചു. സാധാരണ രാത്രി മാത്രമായിരുന്നു ഗർഡറുകൾ സ്ഥാപിച്ചിരുന്നത്. എന്നാൽ രാത്രി മാത്രം ജോലി തുടർന്നാൽ ജോലി കൃത്യസമയത്ത് പൂർത്തിയാക്കാൻ സാധിക്കില്ലെന്ന കാരണത്താൽ കരാർ ഏറ്റെടുത്ത പൂനെ കേന്ദ്രമായുള്ള അശോക് ബിൽഡ്കോൺ കമ്പനി അധികൃതർ മുഴുവൻ സമയം ജോലികൾ തുടരാൻ തീരുമാനിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകൾ.
അതേസമയം ഈ ഉയരപ്പാതയുടെ നിർമാണത്തിന്റെ ഭാഗമായി നിലവിലെ പാതയ്ക്ക് കുറുകെയുള്ള വൈദ്യുതി കമ്പികൾ ഒഴിവാക്കി ഭൂമിക്ക് അടിയിലൂടെ കേബിളുകൾ സ്ഥാപിക്കുന്ന ജോലികളിൽ ഭൂരാഭാഗവും ഫെബ്രുവരിയിൽ പൂർത്തിയായിരുന്നു. പാതയ്ക്കു കുറുകെ 11 കെവി ലൈൻ പോകുന്ന കേബിളുകൾ ഭൂമി തുരന്നാണ് ഇട്ടത്. ആകാശപ്പാത പൂർത്തിയാകുമ്പോൾ വൈദ്യുതക്കമ്പികൾ പാതയ്ക്കരികിലൂടെ പോകുന്നതിലെ സുരക്ഷാ ഭീഷണി ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് പാതയ്ക്കിരുവശവും കേബിളുകൾ സ്ഥാപിച്ചത്. അരൂർ മുതൽ തുറവൂർ വരെ 34 ഇടങ്ങളിലാണ് പാതയ്ക്കു കുറുകെ ഭൂഗർഭ കേബിളുകൾ ഇടുന്നത്.