ദാ പിടിച്ചോന്നും പറഞ്ഞ് മാഹി-തലശേരി സൂപ്പർ ബൈപ്പാസ് മോദി അപ്രതീക്ഷിതമായി സമ്മാനിക്കുമോ? ആകാംക്ഷയിൽ കേരളം!

By Web Team  |  First Published Feb 27, 2024, 10:16 AM IST

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ എത്തുന്ന സാഹചര്യത്തിൽ മാഹി തലശേരി ബൈപ്പാസ് ഉദ്ഘാടനം ചെയ്യപ്പെടുമോ എന്നാണ് മലയാളികൾ ഉറ്റുനോക്കുന്നത്. 


തിരുവനന്തപുരം: തലശേരി -മാ​ഹി ബൈ​പ്പാ​സ് ഉദ്ഘാടനത്തിന് ഒരുങ്ങുകയാണ്. അ​ര​നൂ​റ്റാ​ണ്ടുകാ​ല​ത്തെ കാ​ത്തി​രി​പ്പി​ന് വി​രാ​മമിട്ടാണ് ദേശീയപാതയിലെ തലശ്ശേരി – മാഹി ബൈപ്പാസ് തയ്യാറായത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ എത്തുന്ന സാഹചര്യത്തിൽ മാഹി തലശേരി ബൈപ്പാസ് ഉദ്ഘാടനം ചെയ്യപ്പെടുമോ എന്നാണ് മലയാളികൾ ഉറ്റുനോക്കുന്നത്. ഫെബ്രുവരി 27ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യാൻ സാധ്യത ഉണ്ടെന്ന് നേരത്തെ സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ വന്നിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്രയുടെ സമാപനത്തിനാണ് പ്രധാനമന്ത്രി തിരുവനന്തപുരത്ത് എത്തുന്നത്. ഇതേ ദിവസം സംസ്ഥാനത്തെ വിവിധ കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടനം നടത്തുന്ന കാര്യം പരിഗണനയിലുണ്ടെന്നും ഇതോടൊപ്പം ഓൺലൈനായി മാഹി ബൈപ്പാസിന്റെ ഉദ്ഘാടന ചടങ്ങ് നടത്തുമോ എന്നുമാണ് ജനം ഉറ്റുനോക്കുന്നത്. 

രാവിലെ പത്തരയ്ക്ക് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി അവിടെ നിന്ന് വിക്രം സാരാഭായി സ്പേസ് സെന്‍ററിലേക്ക് പോകും. വിവിധ പദ്ധതികളുടെ ഉദ്ഘാടനങ്ങൾ നടക്കും. ശേഷം ഉച്ചയ്ക്ക് 12 മണിയോടെ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന കേരള പദയാത്രയുടെ സമാപന സമ്മേളനത്തില്‍ പങ്കെടുക്കും. ഉച്ചയ്ക്ക് 1.20 ന് തമിഴ്നാട്ടിലേക്ക് പോകും. നാളെ ഉച്ചയോടെ തിരുനെല്‍വേലിയില്‍ നിന്ന് ഹെലികോപ്റ്റര്‍ മാര്‍ഗം തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന അദ്ദേഹം 1.15 ന് മഹാരാഷ്ട്രയിലേക്ക് പോകും.

Latest Videos

അരനൂറ്റാണ്ടത്തെ കാത്തിരിപ്പ്
അതേസമയം കാലങ്ങളുടെ കാത്തിരിപ്പാണ് ഇപ്പോൾ ഉദ്ഘാടനത്തിന് ഒരുങ്ങുന്നത്.  18 കിലോമീറ്റർ പാതയിൽ അവസാന മിനുക്ക് പണികളാണ് പുരോഗമിക്കുന്നത്. തലശ്ശേരി - മാഹി ബൈപാസ് നിർമാണം പൂർത്തിയാകുന്നതോടെ വടകരയിൽ നിന്നും തലശ്ശേരിയിലേക്കുള്ള യാത്രാ സമയം കുത്തനെ കുറയ്ക്കും. കണ്ണൂർ ജില്ലയിലെ മുഴപ്പിലങ്ങാട് മുതൽ കോഴിക്കോട് ജില്ലയിലെ അഴിയൂർ വരെ 18.6 കിലോമീറ്റർ നീളത്തിലാണു ബൈപ്പാസ് നിർമ്മിച്ചിരിക്കുന്നത്.

മാ​ഹി, ത​ല​ശേരി പ​ട്ട​ണ​ങ്ങ​ളി​ൽ പ്ര​വേ​ശി​ക്കാ​തെ മു​ഴ​പ്പി​ല​ങ്ങാ​ട് ഭാ​ഗ​ത്തു​നി​ന്ന് കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ അ​ഴി​യൂ​രി​ൽ 20 മി​നിറ്റ് കൊ​ണ്ട് വാ​ഹ​ന​ങ്ങ​ൾ​ക്ക് എ​ത്തി​ച്ചേ​രാം. ത​ലശേ​രി, മാ​ഹി പ​ട്ട​ണ​ങ്ങ​ളി​ലെ മ​ണി​ക്കൂ​റു​ക​ൾ നീ​ളു​ന്ന ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ​പ്പെ​ടാ​തെ ഈ ​ആ​റു​വ​രി പാ​ത​യി​ലൂ​ടെ സ​ഞ്ച​രി​ക്കാം. ഭൂ​മി ഏ​റ്റെ​ടു​ക്ക​ല​ട​ക്കം 1181 കോ​ടി രൂ​പ​യാ​ണ് ചെ​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. എ​റ​ണാ​കു​ളം പെ​രു​മ്പാ​വൂ​രി​ലെ ഇകെ.കെ ക​മ്പ​നി​ക്കാ​ണ് നി​ർ​മ്മാ​ണ ചു​മ​ത​ല. 2021 ലാ​യി​രു​ന്നു പാ​ത ഗ​താ​ഗ​ത​ത്തി​ന് തു​റ​ന്നു​കൊ​ടു​ക്കേ​ണ്ടി​യി​രു​ന്ന​ത്. എ​ന്നാ​ൽ പ്ര​ള​യം, കോ​വി​ഡ് എ​ന്നീ കാ​ര​ണ​ങ്ങ​ളാ​ൽ പ്ര​വൃ​ത്തി പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ര​ണ്ട് വ​ർ​ഷം നീ​ണ്ടു​പോ​യി. ബാ​ല​ത്തി​ൽ പാ​ലം പ്ര​വൃ​ത്തി ന​ട​ക്ക​വെ 2020 ൽ ​ഇ​തി​ന്റെ ബീ​മു​ക​ൾ പു​ഴ​യി​ൽ പ​തി​ച്ച​തോ​ടെ​യാ​ണ് പ്ര​വൃ​ത്തി പൂ​ർ​ത്തീ​ക​രി​ക്കാ​ൻ സ​മ​യ​മെ​ടു​ത്ത​ത്. 900 മീ​റ്റ​ർ നീ​ള​മാ​യി​രു​ന്നു പാ​ല​ത്തി​ന്റേ​ത്. വെ​ള്ള​ക്കെ​ട്ടു​ക​ൾ രൂ​പ​പ്പെ​ടു​ന്ന​തി​നാ​ൽ പ്ര​ദേ​ശ വാ​സി​ക​ളു​ടെ പ്ര​തി​ഷേ​ധം കാ​ര​ണം ദേ​ശീ​യ​പാ​ത വി​ഭാ​ഗം പാ​ല​ത്തി​ന്റെ നീ​ളം വീ​ണ്ടും 66 മീ​റ്റ​ർ കൂ​ടി നീ​ട്ടിയിരുന്നു. 

പാലയാട് നിന്നു തുടങ്ങി തലശ്ശേരി ബാലം വഴി 1170 മീറ്റർ നീളുന്ന പാലം ഉൾപ്പെടെ നാലു വലിയ പാലങ്ങളും അഴിയൂർ മുക്കാളിയിലെ റെയിൽവേ മേൽപാലം, നാല് വെഹിക്കുലാർ അണ്ടർപാസുകൾ, 12 ലൈറ്റ് വെഹിക്കുലാർ അണ്ടർപാസുകൾ, ഒരു വെഹിക്കുലാർ ഓവർപാസ്, അഞ്ച് സ്മോൾ വെഹിക്കുലാർ അണ്ടർപാസുകൾ, എന്നിവയാണ് മാഹി - മുഴപ്പിലങ്ങാട് ബൈപാസിൽ ഉൾപ്പെടുന്നത്. 2020 മേയിൽ നിർമാണം പൂർത്തിയാക്കാൻ ഉദ്ദേശിച്ചാണ് നിർമാണം തുടങ്ങിയതെങ്കിലും കൊവിഡ് ലോക്ഡൗണും നെട്ടൂർ ബാലത്തെ പാലത്തിന്‍റെ നിർമാണത്തിൽ വന്ന പ്രശ്നങ്ങളും നിർമാണത്തിന് തടസമാവുകയായിരുന്നു.

ടോൾ നിരക്കുകൾ
തലശ്ശേരി - മാഹി ബൈപ്പാസിലൂടെയുളള യാത്രയ്ക്ക് ടോൾ നിരക്കുകൾ നിശ്ചയിച്ചു. കാർ, ജീപ്പ് ഉൾപ്പെടെ ചെറിയ സ്വകാര്യ വാഹനങ്ങൾക്ക് 65 രൂപയാണ് നിരക്ക്. ബസുകൾക്ക് 225 രൂപയാകും. വടക്കേ ഇന്ത്യയിൽ നിന്നുള്ള സ്ഥാപനത്തിനാണ് ടോൾ പിരിക്കാൻ കരാർ. ആകെ 18.6 കിലോമീറ്റർ ദൂരമുളള ബൈപ്പാസിൽ കൊളശ്ശേരിക്കടുത്താണ് ടോൾ പ്ലാസ. കാർ, ജീപ്പ്, വാൻ തുടങ്ങി ചെറു സ്വകാര്യ വാഹനങ്ങൾക്ക് 65 രൂപ ടോൾ നൽകണം. 

ഇരുവശത്തേക്കും യാത്രയുണ്ടെങ്കിൽ നിരക്ക് നൂറാകും. പ്രതിമാസം 50 യാത്രകൾക്ക് 2195 രൂപ നല്‍കേണ്ടി വരും. ടോൾ പ്ലാസ കണ്ണൂർ ജില്ലയിലായത് കൊണ്ട് ഇവിടെ രജിസ്റ്റർ ചെയ്ത ടാക്സി വാഹനങ്ങൾക്ക് 35 രൂപയാണ് നിരക്ക്. മിനി ബസുകൾക്കും ചെറു വാണിജ്യ വാഹനങ്ങൾക്കും 105 രൂപ നിരക്കുണ്ട്. ബസിനും ലോറിക്കും ഒരു വശത്തേക്ക് 225 രൂപയാണ്. ഇരുവശത്തേക്കും യാത്ര ചെയ്യാൻ 335 രൂപയാകും. പ്രതിമാസം 7430 രൂപക്ക് പാസും കിട്ടും.

ടോൾ പ്ലാസയുടെ 20 കിലോമീറ്റർ പരിധിയിലുളളവരുടെ സ്വകാര്യ വാഹനങ്ങൾക്ക് പ്രതിമാസം 330 രൂപ നിരക്കിലാണ് പാസ്. ദേശീയപാതയിൽ നിലവിൽ കല്യാശ്ശേരിയിൽ ടോൾ പ്ലാസ പണിയുന്നുണ്ട്. 60 കിലോമീറ്ററിൽ ഒരു ടോൾ പിരിവ് എന്നതാണ് നയം. അങ്ങനെയെങ്കിൽ ദേശീയപാതാ നവീകരണം പൂർത്തിയായാൽ മാഹി ബൈപ്പാസിലെ ടോൾ പിരിവ് ഒഴിവാക്കും.

തലസ്ഥാനത്ത് ഗതാഗത നിയന്ത്രണം
അതേസമയം പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്‍റെ ഭാഗമായി ഇന്ന് രാവിലെ ഏഴു മണി മുതല്‍ ഉച്ചയ്ക്ക് രണ്ടു മണി വരെ തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ഡൊമസ്റ്റിക് എയര്‍പോര്‍ട്ട്, ശംഖുമുഖം, കൊച്ചുവേളി, സൗത്ത് തുമ്പ റോഡിലും ആള്‍സെയിന്‍റ്സ് ജംക്ഷന്‍ മുതല്‍ പാറ്റൂര്‍, പാളയം, പുളിമൂട് വരെയും വാഹനങ്ങള്‍ക്ക് നിയന്ത്രണമുണ്ടാകും. സെന്‍ട്രല്‍ സ്റ്റേഡിയം പരിസരത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കില്ല. വിമാനത്താവളത്തിലേക്ക് എത്തുന്നവര്‍ മുന്‍കൂര്‍ യാത്രകള്‍ ക്രമീകരിക്കണം. ഡൊമസ്റ്റിക് എയര്‍പോര്‍ട്ടിലേക്ക് പോകുന്നവര്‍ വെണ്‍പാലവട്ടം, ചാക്ക ഫ്ലൈ ഓവര്‍ ഈഞ്ചക്കല്‍, വലിയതുറ വഴിയും ഇന്‍റര്‍നാഷണല്‍ ടെര്‍മിനലിലേക്ക് പോകുന്നവര്‍ അനന്തപുരി ആശുപത്രി സര്‍വീസ് റോഡ് വഴിയും പോകേണ്ടതാണ്. നാളെ രാവിലെ 11 മണി മുതല്‍ ഉച്ചയ്ക്ക് രണ്ടു വരെയും ഗതാഗത നിയന്ത്രണമുണ്ടാകും. 

click me!