തിരുവനന്തപുരത്തേക്കുള്ള യാത്രയിൽ പേഴ്സ് നഷ്‍ടമായ ശേഷം കണ്ടക്ടറുടെ ബുദ്ധിപൂർവ്വമായ ഇടപെടൽ കാരണം തിരികെക്കിട്ടിയ കണ്ണൂർ ജില്ലക്കാരനായ ഒരു പൊലീസ് ഓഫീസറുടെ അനുഭവക്കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.
യാത്രയിൽ വിലപിടിപ്പുള്ള വസ്‍തുക്കൾ നഷ്‍ടപ്പെട്ടുപോകുന്ന ദുരനുഭവം പല യാത്രികർക്കും ഉണ്ടായിട്ടുണ്ടാകും. പണവും വിലപിടിപ്പുള്ള രേഖകളുമൊക്കെ നഷ്‍ടമായവരും അവ തിരികെ കിട്ടിയവരുമൊക്കെ കാണും. തിരുവനന്തപുരത്തേക്കുള്ള യാത്രയിൽ ഇങ്ങനെ പേഴ്സ് നഷ്‍ടമായ ശേഷം കണ്ടക്ടറുടെ ബുദ്ധിപൂർവ്വമായ ഇടപെടൽ കാരണം തിരികെക്കിട്ടിയ കണ്ണൂർ ജില്ലക്കാരനായ ഒരു പൊലീസ് ഓഫീസറുടെ അനുഭവക്കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.
കാസർകോട് ഡിവൈഎസ്‍പി ബാബു പെരിങ്ങേത്താണ് ഔദ്യോഗിക യാത്രയ്ക്കിടെ തനിക്കുണ്ടായ അനുഭവം ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പങ്കുവച്ചത്. വഞ്ചിയൂർ കോടതിയിൽ ചില ഔദ്യോഗിക ആവശ്യങ്ങൾക്കായാണ് അദ്ദേഹം അടുത്തിടെ തലസ്ഥാനനഗരിയിൽ വന്നിറങ്ങിത്. വെള്ളയമ്പലത്തു നിന്ന് രാവിലെ തമ്പാനൂരിലേക്ക് വന്നത് കെഎസ്ആർടിസി സ്വിഫ്റ്റ് ബസിലായിരുന്നു . വലിയ തിരക്കില്ലായിരുന്നു ബസിൽ. തമ്പാനൂർ ഇറങ്ങി വെറുതെ ഒന്ന് കീശയിൽ തപ്പി നോക്കിയപ്പോൾ ഞെട്ടിപ്പോയി. പേഴ്സ് കാണാനില്ല. മോശമല്ലാത്ത പണവും ആധാർ, എടിഎം , കാന്‍റീൻ കാർഡുകളും മറ്റ് അത്യാവശ്യ രേഖകളും അതിലുണ്ടായിരുന്നുവെന്ന് ബാബു പെരിങ്ങേത്ത് പറയുന്നു.
ആ കെഎസ്ആർടിസി ബസ് ദൂരെ അകന്നകന്ന് പോയി. തമ്പാനൂർ കെഎസ്ആർടിസിയിൽ പോയി വിവരം പറഞ്ഞപ്പോൾ കിഴക്കേകോട്ട കെഎസ്ആർടിസിയിൽ പെട്ടെന്ന് പോകാൻ പറഞ്ഞു. അതനുസരിച്ച് കിഴക്കേക്കോട്ട കെഎസ്ആർടിസിയിൽ എത്തി. ഏത് ബസ് ആണെന്ന് അറിയാമോ എന്ന ഉദ്യോഗസ്ഥരുടെ ചോദ്യത്തിന് നല്ല വൃത്തിയുള്ള ബസ്, യാത്രക്കോരോടു നല്ല രീതിയിൽ പെരുമാറുന്ന കണ്ടക്ടർ എന്നിങ്ങനെ ആ ബസിനെക്കുറിച്ച് രണ്ട് കാര്യങ്ങൾ മാത്രമാണ് തനിക്ക് ഓർമ്മ വന്നതെന്നും ബാബു പറയുന്നു. കിഴക്കേക്കോട്ട ബസ്റ്റാൻഡിൽ നിൽക്കുന്നതിനിടെയാണ് ഒരു ഫോൺ വരുന്നത്.
ആരാണെന്ന് മനസിലായില്ല, ഏതോ ഒരുപരിചയക്കാരനാണെന്ന് ബാബു പറയുന്നു. സാറിന്‍റെ പേഴ്സ് മിസ്സ് ആയിട്ടുണ്ടോയെന്നും തിരുവനന്തപുരത്തു നിന്നും ഒരു കെഎസ്ആർടിസി കണ്ടക്ടർ വിളിച്ചിരുന്നുവെന്നും പറഞ്ഞ് അയാൾ എനിക്ക് കണ്ടക്ടറുടെ നമ്പർ തന്നു. മുമ്പ് വിജിലൻസിൽ ജോലി ചെയ്‍തിരുന്ന കാലത്ത് ചിലരുടെ ഫോൺ നമ്പർ കുറിച്ച ഒരു കടലാസ് കഷണം പേഴ്സിൽ ഉണ്ടായിരുന്നു. അത് നോക്കി കെഎസ്ആർടിസി കണ്ടക്ടർ അയാളെ വിളിച്ചതാണ്. അപ്പോഴാണ് തൻ്റെ ഫോൺ നമ്പർ പേഴ്സിൽ ഒരിടത്തും എഴുതി വെച്ചിട്ടില്ല എന്ന കാര്യം താൻ ഓർത്തത് എന്നും ബാബു പെരിങ്ങേത്ത് പറയുന്നു.
കണ്ടക്ടറെ വിളിച്ചെന്നും പേഴ്സ് ഭദ്രമായി തിരികെക്കിട്ടിയെന്നും ബാബു പെരിങ്ങേത്ത് പറയുന്നു. ബിജു എസ് ആർ എന്നായിരുന്നു കണ്ടക്ടറുടെ പേര്. അരുവിക്കര സ്വദേശിയായ ബിജു തിരുവനന്തപുരം സിറ്റി ഡിപ്പോയിലെ കണ്ടക്ടറാണ്. ഈ കഠിന കാലത്തും ലോകത്തെ നോക്കി പ്രതീക്ഷക്ക് വകയുണ്ടെന്ന് ചിന്തിക്കാൻ ബിജുവിനെ പോലുള്ളവർ തന്നെ പ്രേരിപ്പിക്കുന്നുവെന്നും സിവൈഎസ്‍പി ബാബു പെരിങ്ങേത്ത് തന്‍റെ കുറിപ്പിൽ പറയുന്നു.