ദുര്‍ഘടമേറിയ ആ യാത്രയ്‌ക്കൊടുവില്‍ ഞങ്ങള്‍ പ്രയാഗില്‍ എത്തുമ്പോള്‍ രാത്രി പത്തുമണി കഴിഞ്ഞിരുന്നു. വൈദ്യുതദീപങ്ങളാല്‍ പ്രകാശപൂരിതമായ, താത്കാലികമായി പടുത്തുയര്‍ത്തിയ ആ മഹാനഗരത്തില്‍ ഞങ്ങള്‍ എങ്ങോട്ട് പോകണമെന്നറിയാതെ കുഴങ്ങി
2013 ഫെബ്രുവരിയില്‍ പ്രയാഗിലെ മഹാകുംഭമേളയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ഞങ്ങള്‍(കൂടെയുള്ളത് സുഹൃത്ത് പ്രവീണ്‍). ഗംഗയുടെയും യമുനയുടെയും തീരങ്ങളില്‍ അയ്യായിരത്തോളം ഏക്കറില്‍ താത്കാലികമായി കെട്ടിയുയര്‍ത്തിയ ആയിരക്കണക്കിന് ആശ്രമങ്ങള്‍. അവയില്‍ മാതാ അമൃതാനന്ദമിയുടെ ആശ്രമമാണ് ഞങ്ങള്‍ക്ക് അഭയമേകിയത്. കൊച്ചി-ബാംഗ്ലൂര്‍-ഹൈദരാബാദ്-നാഗ്പൂര്‍-ജബല്‍പൂര്‍ ഇങ്ങനെ ഇന്ത്യയെ നെടുകേ കീറിമുറിക്കുന്ന റൂട്ടിലൂടെ ഞങ്ങള്‍ റൈഡ് ചെയ്തു പ്രയാഗ്‌രാജില്‍ എത്തുമ്പോള്‍ അഞ്ചു ദിവസങ്ങള്‍ കഴിച്ചിരുന്നു. ജബല്‍പൂരില്‍നിന്നുമുള്ള അവസാനദിവസ യാത്ര ശരിക്കും ദുരിതപൂര്‍ണമായിരുന്നു. പൊട്ടിപൊളിഞ്ഞ് കുഴികളായ, തിരക്കേറിയ ഹൈവേയിലൂടെ അതിസാഹസികമായിരുന്നു ആ യാത്ര. റോഡ് പലപ്പോഴും പേരിനുമാത്രമായിരുന്നതിനാല്‍ ഒരു കുഴിയില്‍നിന്നും മറ്റൊരു കുഴിയിലേക്ക് ബുള്ളറ്റ് ഓടിച്ച് കയറ്റിയിറക്കിയായിരുന്നു സഞ്ചാരം.
ദുര്‍ഘടമേറിയ ആ യാത്രയ്‌ക്കൊടുവില്‍ ഞങ്ങള്‍ പ്രയാഗില്‍ എത്തുമ്പോള്‍ രാത്രി പത്തുമണി കഴിഞ്ഞിരുന്നു. വൈദ്യുതദീപങ്ങളാല്‍ പ്രകാശപൂരിതമായ, താത്കാലികമായി പടുത്തുയര്‍ത്തിയ ആ മഹാനഗരത്തില്‍ ഞങ്ങള്‍ എങ്ങോട്ട് പോകണമെന്നറിയാതെ കുഴങ്ങി. എവിടെയും ഉയര്‍ന്ന് നില്‍ക്കുന്ന ചെറുതും വലുതമായ ആശ്രമകേന്ദ്രങ്ങള്‍. നൂറുകണക്കിന് വണ്ടികളും പതിനായിരക്കണക്കിന് മനുഷ്യരും തിങ്ങിനിറഞ്ഞ് പോകുന്ന വഴികള്‍. സുരക്ഷയ്ക്കായി റോന്ത് ചുറ്റുന്ന സുരക്ഷാഭടന്മാരുടെ സംഘങ്ങള്‍. അവിടെ എവിടെയാണ് ഞങ്ങള്‍ക്ക് തങ്ങേണ്ട ആശ്രമം? പിന്നെയും ഏറെനേരത്തെ അന്വേഷണത്തിന് ഒടുവിലാണ് ആ ആശ്രമം കണ്ടെത്തിയത്.
ഭക്ഷണം കൊതിയോടെ കഴിക്കുന്നത് കണ്ടിട്ടാണ് അദ്ദേഹം ഞങ്ങളോട് ചോദിച്ചത്.
''ഭക്ഷണം എങ്ങിനെയുണ്ട്?''
''നന്നായിട്ടുണ്ട് സ്വാമി.''
ഞങ്ങള്‍ മറുപടി നല്‍കി.
''നിങ്ങള്‍ സ്വാമി എന്ന് എന്നെ വിളിക്കരുത്. ഞാന്‍ സ്വാമിയല്ല.''
ഞങ്ങള്‍ അയാളെ നോക്കി.
ഞങ്ങളുടെ സംശയം കണ്ട് അയാള്‍ തന്റെ കഥ പറഞ്ഞ് തുടങ്ങി.
''ഉങ്കള്‍ക്ക് വണ്ടി തമ്പിമാതിരിയാ?'' സുരേഷിന്റെ ചോദ്യങ്ങള്‍ തുടരുകയാണ്.
''അതെന്താ സ്വാമി... സോറി, ബ്രഹ്മചാരി അങ്ങനെ ചോദിച്ചത്?''
''ഇതുവരെയ്ക്കും വന്തിരുന്നാല്‍ ഉങ്കള്‍ക്കും വാഹനത്തുക്കും ഒരു സമ്പന്തം ഇറുക്കലാ. ഇല്ലായെങ്കില്‍ ആക്‌സിഡന്റ് എതുവുമേ ഇല്ലാതെ നീങ്ക വരമാട്ടേന്‍.'' സുരേഷ് മറുപടി നല്‍കി.
കുംഭമേളയിലെ പ്രധാനപ്പെട്ട സ്‌നാന്‍ ദിവസങ്ങളിലൊന്നില്‍ ഗംഗയും യമുനയും സരസ്വതിയും സംഗമിക്കുന്ന തൃവേണിസംഗമത്തില്‍ ലക്ഷക്കണക്കിന് വിശ്വാസികള്‍ക്കൊപ്പം സ്‌നാനം ചെയാനായി ഞങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കിയതു ബ്രഹ്മചാരി സുരേഷായിരുന്നു. പ്രയാഗില്‍ തങ്ങിയ ദിവസങ്ങളില്‍ സുരേഷുമായി ഞങ്ങള്‍ നിരവധി കാര്യങ്ങള്‍ സംസാരിച്ചു. രമണ മഹര്‍ഷിയെക്കുറിച്ച്, തിരുവണ്ണാമലയെക്കുറിച്ച്, ധ്യാനത്തെക്കുറിച്ച്, സന്യാസത്തെക്കുറിച്ച്, ആത്മീയതയെക്കുറിച്ച് അങ്ങനെ ഒട്ടേറെ വിഷയങ്ങള്‍.
പ്രയാഗില്‍നിന്നും വാരണാസിയിലേക്കും അവിടെനിന്ന് അയോദ്ധ്യയിലേക്കും തുടര്‍ന്ന് ബദരിനാഥിലേക്കുമാണ് സുരേഷിന്റെ യാത്രകള്‍. ഇനിയും കാണുമെന്ന പ്രതീക്ഷകളൊന്നുമില്ലാതെ ഞങ്ങള്‍ യാത്ര പറഞ്ഞു പിരിഞ്ഞു.
പ്രയാഗില്‍നിന്ന് വാരണാസിയിലേക്കായിരുന്നു തുടര്‍ന്നുള്ള ഞങ്ങളുടെ യാത്ര. രാജവംശങ്ങളും കലയും സാഹിത്യവും നെയ്തുമൊക്കെ തലസ്ഥാനമാക്കിയ വാരണാസിയിലെ ഗലികളിലൂടെ ഞങ്ങള്‍ അലഞ്ഞ് നടന്നു. തെരുവുകളിലെ മധുരപലഹാരങ്ങളുടെ രുചികളും പാനുമൊക്കെ ആ യാത്രയ്ക്ക് അകമ്പടിയായി.
ആ അലച്ചില്‍ അവസാനിച്ചത് വൈകുന്നേരത്തെ ഗംഗാ ആരതി ദര്‍ശനത്തിലാണ്. ഗംഗയുടെ തീരത്തെ കല്‍പ്പടവുകളില്‍ ആരതിക്ക് അഭിമുഖമായി ഇരിക്കാന്‍ പറ്റിയ സ്ഥലം തിരയുകയാണ് ഞങ്ങള്‍. പെട്ടെന്നാണ് പരിചിതമായ ആ വിളികേട്ടത്.
''ജെയിംസ്''
ഞങ്ങള്‍ നോക്കുമ്പോള്‍ ബ്രഹ്മചാരി സുരേഷ്. ഇവിടെയിരുന്നോളൂ എന്ന് ക്ഷണിച്ച് അദ്ദേഹം ഞങ്ങള്‍ക്കായി സ്ഥലം ഒരുക്കിതന്നു. സുരേഷിനു സമീപത്തായി ഞങ്ങള്‍ ഇരുന്നു. വിശേഷങ്ങളൊക്കെ ചോദിക്കുന്നതിന് മുമ്പ് അദ്ദേഹത്തിന് ആദ്യം അറിയേണ്ടത് ഒന്ന് മാത്രമായിരുന്നു.
''ഉങ്കളുടെ തമ്പിക്ക് സൗഖ്യമാ?''
അന്ന് കണ്ട് പിരിഞ്ഞപ്പോള്‍ സുരേഷിനെ ഒരിക്കല്‍ തിരുവണ്ണാമലൈ ആശ്രമത്തില്‍ എത്തികാണാമെന്ന് വാക്ക് നല്‍കിയിരുന്നു. വര്‍ഷങ്ങള്‍ ഇത്രയും കഴിഞ്ഞെങ്കിലും പലപ്പോഴും സുരേഷിനെ കാണണമെന്ന് ആഗ്രഹം തോന്നാറുണ്ട്. പലവട്ടം ആ വഴികളിലൂടെ പോയെങ്കിലും ആശ്രമത്തില്‍ കയറാന്‍ സാധിച്ചിരുന്നില്ല. ഇപ്പോള്‍ അദ്ദേഹം സന്യാസ ദീക്ഷ സ്വീകരിച്ചിരിക്കാം. ഒരിക്കല്‍ തമ്പിയോടൊപ്പം ചെന്ന് അദ്ദേഹത്തെ അത്ഭുതപ്പെടുത്തണം. വീണ്ടും അദ്ദേഹത്തിന്റെ ആ ചോദ്യം കേള്‍ക്കണം.
''ഉങ്കളുടെ തമ്പിക്ക് സൗഖ്യമാ?''