മാന്ത്രിക സംഗീതത്തിലേക്കൊരു അപ്രതീക്ഷിതയാത്ര!

By James Kottarappally  |  First Published Aug 14, 2019, 3:03 PM IST

നോക്കെത്താ ദൂരത്തോളം ചോളം വിളയുന്ന കൃഷിയിടങ്ങളും നിഷ്‌കളങ്കരായ ഗ്രാമീണരും ചരിത്രസ്‍മാരകങ്ങളും ഭക്ഷണവൈവിധ്യങ്ങളും സമ്പന്നമാക്കിയ കാനറാപ്രദേശവുമൊക്കെ റൈഡ് ചെയ്‍ത്, മഴയില്‍കുതിര്‍ന്ന് ആറാം ദിവസം രാത്രി എത്തിയത് കാപ്പിക്ക് പെരുമകേട്ട ചിക്കമംഗളൂരില്‍. ജെയിംസ് കൊട്ടാരപ്പള്ളി എഴുതുന്നു


ആ വൃദ്ധനെ അനുസരിച്ചത് എത്ര നന്നായി. അല്ലെങ്കില്‍, ആ മാന്ത്രികസംഗീതം അനുഭവിക്കാനാകുമായിരുന്നോ. 2013 സെപ്റ്റംബറിലെ മഴയില്‍ കര്‍ണാടകയും ഗോവയും ചുറ്റിയടിച്ചുള്ള യാത്രയിലായിരുന്നു അത്. ഭട്‍കല്‍, കുംത, കാര്‍വാര്‍, പനാജി, പോണ്ട, ദാന്തേലി, ജോഗ്ഫാള്‍സ്, ഷിമോഗ, ചിക്കമംഗളൂര്‍ എന്നിങ്ങനെ കടല്‍തീരങ്ങളും പശ്ചിമഘട്ടമലനിരകളും താഴ്‌വാരങ്ങളും മഴനനഞ്ഞ് നനഞ്ഞ് റൈഡ് ചെയ്‍ത ദിവസങ്ങള്‍.

Latest Videos

undefined

മനോഹരമായ നദികളും പച്ചപിടിച്ച വയലുകളും ഏകാന്തമായ ബീച്ചുകളും നിറഞ്ഞ കൊങ്കണ്‍തീരവും കാടിന്റെ ഭംഗിയും സാഹസികമായ റോഡുകളും പേടിപ്പെടുത്തുന്ന കൊക്കകളും വെള്ളച്ചാട്ടങ്ങളുമൊക്കെ കാഴ്ചയൊരുക്കിയ സഹ്യപര്‍വതവും നോക്കെത്താ ദൂരത്തോളം ചോളം വിളയുന്ന കൃഷിയിടങ്ങളും നിഷ്‌കളങ്കരായ ഗ്രാമീണരും ചരിത്രസ്‍മാരകങ്ങളും ഭക്ഷണവൈവിധ്യങ്ങളും സമ്പന്നമാക്കിയ കാനറാപ്രദേശവുമൊക്കെ റൈഡ് ചെയ്‍ത്, മഴയില്‍കുതിര്‍ന്ന് ആറാം ദിവസം രാത്രി എത്തിയത് കാപ്പിക്ക് പെരുമകേട്ട ചിക്കമംഗളൂരില്‍. 

പിറ്റേന്ന് രാവിലെ റൈഡ് ആരംഭിക്കുമ്പോള്‍ ആ ദിനമെങ്കിലും മഴ ഒഴിഞ്ഞുനില്‍ക്കുമെന്ന് പ്രതീക്ഷിച്ചു. എന്നാല്‍, യാത്ര തുടങ്ങിയപ്പൊഴേ  മഴയും കൂടെയെത്തി. ഒരു ചെറുചായക്കടയ്ക്കു മുമ്പില്‍ ബുള്ളറ്റ് ഒതുക്കിയിറങ്ങി. കടയില്‍ അധികമാളുകളില്ല. കാപ്പി ഓഡര്‍ ചെയ്‍ത് കാത്തിരുന്നു. മേശയ്ക്ക് എതിര്‍വശമിരുന്ന് കാപ്പി ഊതിക്കുടിക്കുന്ന വൃദ്ധന്‍ ഇടയ്ക്ക് ശ്രദ്ധിക്കുന്നുണ്ട്. ഇതിനിടെ കാപ്പി എത്തി. കാപ്പി ആസ്വദിച്ചു തുടങ്ങിയപ്പോള്‍ വൃദ്ധന്റെ ചോദ്യമെത്തി. 

''കാപ്പി എങ്ങിനെ?''

''കൊള്ളാം'' 

''നാട്ടില്‍ എവിടെയാ?''

''കോട്ടയം'' 

ആ ഉത്തരത്തിന് മറുപടിയായി അയാള്‍ തന്റെ കഥ പറഞ്ഞുതുടങ്ങി. പാലക്കാട്ടാണ് സ്വദേശം. വളരെ ചെറുപ്പത്തിലേ നാട് വിട്ട് ചിക്കമംഗളൂരില്‍ എത്തിയതാണ്. പിന്നീട് ഒരിക്കലും മടങ്ങിപോയിട്ടില്ല. കാപ്പിത്തോട്ടങ്ങളിലായിരുന്നു ജോലി. ഇവിടെ സ്ഥിരതാമസമാക്കിയ ഒരു തമിഴ് കുടുംബത്തില്‍നിന്നാണ് വിവാഹം കഴിച്ചത്. ഇപ്പോള്‍ മക്കളും കൊച്ചുമക്കളുമൊക്കെയായി വിശ്രമജീവിതത്തിലാണ്. വീരാജ്‌പേട്ടിലേക്കാണ് പോകുന്നത് എന്നറിഞ്ഞപ്പോള്‍ അയാള്‍ പറഞ്ഞു. ഹാലേബീഡുവിലും ബേലൂരുമുള്ള ക്ഷേത്രങ്ങള്‍ കണ്ടിട്ടേ പോകാവൂ. അയാള്‍ കണ്ടിട്ടുള്ളതില്‍വച്ച് ഏറ്റവും സുന്ദരമായ ക്ഷേത്രങ്ങളാണവ. 

''എന്താണ് ആ ക്ഷേത്രങ്ങളുടെ പ്രത്യേകത?''

''അവിടെ പോയി കാണൂ. ഇവിടെനിന്നും ഒരു മണിക്കൂര്‍ എടുക്കില്ല ഹാലേബീഡുവിലെത്താന്‍. അവിടെനിന്നും 16 കിലോമീറ്ററേ കാണൂ ബേലൂരിലേക്ക്. ആ വഴി വീരാജ്‌പേട്ടിലേക്ക് പോവുകയും ചെയ്യാം.'' 

സഞ്ചാരിയാണെന്നറിയുമ്പോള്‍ വഴിയില്‍ പരിചയപ്പെടുന്നവര്‍ അവരുടെ നാട്ടിലെ വിശേഷങ്ങളും കാഴ്ചകളുമൊക്കെ പങ്കുവയ്ക്കും. പലപ്പോഴും അവര്‍ വഴികാട്ടികളായി കൂടെവരാനും തയാറാവും. പുഞ്ചിരിയോടെ അവരെ കേള്‍ക്കുമെന്നല്ലാതെ അവയെ തേടി പോവാറില്ല. എന്നാല്‍, ആ വൃദ്ധന്‍ പറയുന്നതില്‍ എന്തോ പ്രത്യേകതയുണ്ടെന്ന് തോന്നി. ആ ക്ഷേത്രങ്ങള്‍ പോയി കാണുകതന്നെ. 

മഴയുടെ ശക്തികുറഞ്ഞു. ഇനി പോകാം. അയാളോട് വിടപറഞ്ഞ് യാത്ര തുടര്‍ന്നു. കൃഷിയിടങ്ങളെ നെടുകേ പിളര്‍ന്ന, പൊട്ടിപൊളിഞ്ഞ റോഡിലൂടെയാണ് സഞ്ചാരം. മുന്നിലായി നായ്ക്കളുടെ ഒരു സംഘം റോന്ത് ചുറ്റുന്നത് ദൂരെനിന്നേ കാണാമായിരുന്നു. വണ്ടിയുടെ വേഗത കുറച്ചു. ബുള്ളറ്റിന്റെ ശബ്ദം കേട്ടപ്പോള്‍ അവര്‍ പേടിച്ച് ഇരുവശങ്ങളിലേക്കുമായി ഒതുങ്ങിമാറി. എന്നാല്‍, പെട്ടെന്നാണ് അക്കൂട്ടത്തില്‍ ഒരു നായ കുരച്ചുകൊണ്ട് കടിക്കാനായി ചാടിവന്നത്. പേടിച്ച് കാല് മുന്നോട്ട് പൊക്കിമാറ്റിയെങ്കിലും അവന്‍ പിന്മാറാതെ ശൗര്യത്തോടെ പിന്നാലെതന്നെയുണ്ട്. മനസ് ഒന്ന് പിടഞ്ഞെങ്കിലും ബുള്ളറ്റിന്റെ വേഗതകൂട്ടി മുന്നോട്ട് നീങ്ങി. അല്‍പദൂരം ഓടിയശേഷം അവന്‍ പിന്മാറി തിരിഞ്ഞു നടക്കുന്നത് മിററിലൂടെ കാണാമായിരുന്നു. 

ഹാലേബീഡുവിലേക്ക് ഇടതുവശത്തേക്ക് തിരിയാനുള്ള സൈന്‍ബോര്‍ഡ് നിര്‍ദേശം അനുസരിച്ച് മുന്നോട്ട് നീങ്ങി. കൂടുതല്‍ മോശമായ റോഡിലൂടെയായിരുന്നു തുടര്‍ന്നുള്ള യാത്ര. കാളവണ്ടിയും ട്രാക്ടറുമൊക്കെ മാര്‍ഗതടസങ്ങളായി ഇടയ്ക്കിടെ പ്രത്യക്ഷപ്പെട്ടു. ഹാലേബീഡുവിലെത്തുമ്പോള്‍ സന്ദര്‍ശകര്‍ ആരും തന്നെയില്ലായിരുന്നു. ആ വൃദ്ധന്‍ പറഞ്ഞത് ശരിയായിരുന്നു ശില്‍പകലയുടെ സകലസൗന്ദര്യങ്ങളും നിറഞ്ഞുതുളുമ്പുന്ന, കല്ലില്‍തീര്‍ത്ത കാവ്യമാണ് ഹോയ്‌സാല രാജ്യവംശം പണിത ഈ ക്ഷേത്രം. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്ഷേത്രത്തിന്റെ ഓരോ ഇഞ്ചിലും ചെറുതും വലുതുമായ ശില്‍പങ്ങള്‍ കൊത്തിവച്ചിരിക്കുന്നു. നന്ദീ ശില്‍പവും പുരാണങ്ങള്‍ കൊത്തിയ ക്ഷേത്ര ഭിത്തിയുമൊക്കെ അത്ഭുതത്തോടെ നോക്കികണ്ടു. ഇനി, ബേലൂരിലേക്ക്. 

നല്ല വെജിറ്റേറിയന്‍ ഭക്ഷണംകിട്ടുന്ന ചെറുപട്ടണമാണ് ബേലൂര്‍. അവിടെയെത്തിയപ്പോള്‍, തലയുയര്‍ത്തിനില്‍ക്കുന്ന ഗോപുരം ക്ഷേത്രത്തിലേക്ക് വഴികാട്ടി. പ്രാവുകള്‍ വട്ടമിട്ടു പറക്കുന്ന ക്ഷേത്രഗോപുരം കടന്ന് ഉള്ളില്‍ പ്രവേശിച്ചു. ഹാലേബീഡുവിന്റെ തുടര്‍ച്ചയെന്നോണം മറ്റൊരു വിസ്മയകാഴ്ചയാണ് ബേലൂരിലെ ചെന്നകേശവ ക്ഷേത്രം. ഹോയ്‌സാല വാസ്‍തുവിദ്യയുടെ എല്ലാ മനോഹാരിതയും പ്രാഗത്ഭ്യവും ഈ ക്ഷേത്രത്തില്‍ കാണാം. അതിസൂക്ഷ്മവും സമഗ്രവുമാണ് ക്ഷേത്രത്തിനകത്തും പുറത്തുമുള്ള കരിക്കല്ലില്‍ തീര്‍ത്ത ചിത്രീകരണങ്ങള്‍. 

ക്ഷേത്രത്തിനുള്ളിലേക്ക് പ്രവേശിച്ചു. ശ്രീകോവിലിനുള്ളില്‍ പൂജനടക്കുകയാണ്. കൊത്തുപണികളാല്‍ അലങ്കാരങ്ങള്‍ തീര്‍ത്ത തൂണുകളും കരിങ്കല്‍മച്ചും അകത്തളത്തിന് വിസ്‍മയഭാവമേകി. ഇരുട്ടുനിറഞ്ഞ, ഏകാന്തമായ ഒരു മൂലയിലെ തൂണില്‍ ചാരിയിരുന്നു. നൂറുകണക്കിനു വര്‍ഷങ്ങളായി മനുഷ്യസ്പര്‍ശമേറ്റ് കറുത്ത് തിളങ്ങുന്ന ആ തൂണിലെയും നിലത്ത് വിരിച്ച കരിങ്കല്‍പാളിയുടെയും നനുനനുത്ത തണുപ്പ് ശരീരത്തിലേക്ക് മെല്ലെ വ്യാപിച്ചു. കണ്ണുകളടച്ചു, മനസിനെ ഏകാഗ്രമാക്കി. 

പെട്ടെന്നാണ് പൂജയുടെ ഭാഗമായ വാദ്യമേളം തുടങ്ങിയത്. ആ ശബ്ദവീചികള്‍ കരിങ്കല്‍തൂണുകളില്‍ തട്ടിച്ചിതറി സ്വര്‍ഗീയനാദം മുഴക്കി. ആ മാന്ത്രികസംഗീതം കേട്ട് ശരീരത്തിലെ ഓരോ രോമകൂപങ്ങളും തരിച്ചുണര്‍ന്നു. വാദ്യമേളത്തില്‍ നാദസ്വരത്തിന് പകരം സാക്‌സോഫോണ്‍. സാക്‌സോഫോണ്‍ സംഗീതത്തിന് ഇങ്ങനെയുമൊരു ഭാവമേ..! 

സാക്‌സഫോണ്‍ കച്ചേരികള്‍ മുമ്പ് കേട്ടിട്ടുണ്ടെങ്കിലും സാക്‌സഫോണ്‍ അകമ്പടിയായുള്ള വാദ്യമേളം ആദ്യമായാണ് കേള്‍ക്കുന്നത്. ദക്ഷിണേന്ത്യന്‍ ക്ഷേത്രങ്ങളിലെ നാദസ്വരത്തോടുകൂടിയ വാദ്യമേളങ്ങള്‍ ആസ്വദിച്ചിട്ടുണ്ടെങ്കിലും ഇതുപോലൊരു മധുരധ്വനി ജീവിതത്തില്‍ ശ്രവിച്ചിട്ടില്ല. ആ അപൂര്‍വസംഗീതത്തില്‍ ലയിച്ചിരുന്നപ്പോള്‍ സമയംപോയതറിഞ്ഞില്ല. സംഗീതം എത്രയെത്ര അതിശയങ്ങള്‍ എവിടെയൊക്കെ ഒളിപ്പിച്ചിരിക്കുന്നു. അവ ചിലപ്പോള്‍ അപ്രതീക്ഷിതമായിട്ടാവും മുന്നില്‍ പ്രത്യേക്ഷപ്പെടുക. അങ്ങനെയൊരു സ്വര്‍ഗീയാനുഭവമാണ് ചെന്നകേശവ ക്ഷേത്രത്തിലെ മാന്ത്രികസംഗീതം സമ്മാനിച്ചത്. 

ആ മേളക്കാര്‍ ക്ഷേത്രത്തിന് പുറത്തിറങ്ങി ക്ഷേത്രത്തെ വലംവച്ച് തങ്ങളുടെ വാദ്യമേളം അവസാനിപ്പിച്ചു. എന്നാല്‍, അവര്‍ കാതുകള്‍ക്ക് പകര്‍ന്നുനല്‍കിയ ആ സംഗീതാനുഭവവുമായി യാത്ര തുടര്‍ന്നു; ഇനിയും ഇത്തരം അവിസ്മരണീയ സംഗീതം കേള്‍ക്കാന്‍ കൊതിച്ചുകൊണ്ട്.

 

click me!