ഇങ്ങനെ ചീന്തിയെടുത്ത, രക്തമൊലിപ്പിക്കുന്ന ആ മനുഷ്യത്തൊലിയുപയോഗിച്ച് ചെരുപ്പുണ്ടാക്കും. ഈ ചെരുപ്പ് അവര്‍ രാജാവിന് കാഴ്ചവയ്ക്കും. രാജാവ്, ഈ ചെരുപ്പ് കാലില്‍ ധരിക്കുന്നതോടെ ദേശത്ത് മഴ പെയ്യും. ജെയിംസ് കൊട്ടാരപ്പള്ളി എഴുതുന്ന യാത്രാനുഭവം
അന്ന്, ആ യാത്രയില്‍ കേട്ട കഥയിലെ ദൃശ്യങ്ങള്‍ ഇറ്റിച്ച ചോര, ഇന്നും മനസില്‍ ഉണങ്ങാതെ കിടക്കുകയാണ്. ആ കഥയില്‍ യാഥാര്‍ഥ്യമില്ലായിരിക്കാം. അത് മിത്തായിരിക്കാം. പക്ഷേ, ആ കഥ ഒരു നാടിന്റെ ഐതിഹ്യമായിരുന്നു. കാലങ്ങള്‍ക്ക് മുമ്പ് നടന്നിരുന്നെന്ന് വിശ്വസിച്ച് തലമുറകള്‍ കൈമാറി ഒരു കഥ. പതിവിന് വിപരീതമായി സാവധാനമായിരുന്നു അന്നത്തെ ആ യാത്ര. പലയിടങ്ങളിലും നിര്‍ത്തി. ഊടുവഴികളിലൂടെ കയറിയിറങ്ങി, അങ്ങിനെയൊരു റൈഡായിരുന്നു അത്.
കേരള-തമിഴ്‌നാട് അതിര്‍ത്തിയില്‍ സഹ്യപര്‍വത്തിലെ ബോഡി മലനിരകളില്‍ കണികാപരീക്ഷണശാല സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുമ്പോള്‍, 2013 - ഏപ്രിലില്‍ ആ പ്രദേശം തേടിയായിരുന്നു യാത്ര. കോട്ടയം-കുമളി-ഗൂഡല്ലൂര്‍ - കമ്പം-ഉത്തമപാളം-പൊട്ടിപ്പുറം-ബോഡിനായ്ക്കന്നൂര്‍-പൂപ്പാറ-രാജാക്കാട്ട്- തൊടുപുഴ-കോട്ടയം എന്നിങ്ങനെയായിരുന്നു റൂട്ട്.
രാവിലെ അഞ്ച് മണിക്ക് റൈഡ് തുടങ്ങിയെങ്കിലും തമിഴ്‌നാട്ടിലെ ഗൂഡല്ലൂരില്‍ എത്തുമ്പോള്‍ 11 മണി കഴിഞ്ഞിരുന്നു. കമ്പം റൂട്ടിലൂടെ നേരെ പോകാതെ വലത്തോട്ട് തിരിഞ്ഞ് മുന്നോട്ട് നീങ്ങി. പൊട്ടിപ്പൊളിഞ്ഞ ആ വഴി, വലിയൊരു പാടശേഖരത്തിനു മുന്നിലാണ് അവസാനിച്ചത്. സഹ്യപര്‍വതം അതിരിട്ട വിശാലമായ ആ പാടശേഖരത്തില്‍ കൊയ്ത്ത് നടക്കുകയാണ്. കൊയ്ത്ത് യന്ത്രങ്ങളും കൊയ്‍ത നെല്ല് ചുമക്കുന്ന തൊഴിലാളികളും ആ നെല്ല് കയറ്റിപോകുന്ന ട്രാക്ടറുകളുമൊക്കെയായി ആകെ തിരക്കാണ് ആ രംഗം. ഇതിനുസമീപത്തായി നൂറ്റാണ്ടുകള്‍ പഴക്കമുണ്ടെന്ന് തോന്നിപ്പിക്കുന്ന കരിങ്കല്ലില്‍ തീര്‍ത്ത ഒരു ക്ഷേത്രം. തകര്‍ന്നുകിടക്കുന്ന ആ ക്ഷേത്രവളപ്പില്‍ കൂറ്റനൊരു ആല്‍മരവുമുണ്ട്.
കൊയ്ത്ത് കാഴ്ചകള്‍ ആസ്വദിച്ച് രണ്ടുപേര്‍ ആ ആല്‍ത്തറയിലുണ്ടായിരുന്നു. കാഴ്ചയില്‍ 50-60 വയസ് തോന്നിക്കും ഇരുവര്‍ക്കും. ആ ആല്‍മരത്തണലില്‍, വണ്ടി ഒതുക്കി ഇറങ്ങിയപ്പോള്‍, എവിടെനിന്നു വരുന്നു എന്തിനിവിടെ വന്നു തുടങ്ങിയ ചോദ്യങ്ങളുമായി അവര്‍ സമീപമെത്തി. കോട്ടയമാണ് സ്വദേശമെന്ന് കേട്ടപ്പോള്‍ അവര്‍ക്ക് പരിചിതമാണ് ആ സ്ഥലം. ശബരിമലദര്‍ശനത്തിന് കോട്ടയം വഴി അവര്‍ വന്നുപോകാറുണ്ട്. കൂട്ടത്തില്‍ പ്രായം കൂടിയയാള്‍ സെല്‍വന്‍. കൂടെയുള്ള സുഹൃത്ത് ദുരൈ.
താന്‍ വര്‍ഷങ്ങളോളം കേരളത്തിലുണ്ടായിരുന്നതായും തിരുവനന്തപുരത്താണ് താമസിച്ചിട്ടുള്ളതെന്നും സെല്‍വന്‍ പറഞ്ഞപ്പോള്‍ കഞ്ചാവ് കേസില്‍പ്പെട്ട് തിരുവനന്തപുരത്തെ ജയിലിലായിരുന്നു കക്ഷിയെന്ന് വെളിപ്പെടുത്തിയത് ദുരൈയായിരുന്നു. ആരോ ഒറ്റിയതുകൊണ്ടാണ് താന്‍ ജയിലില്‍ പോയതെന്നും അല്ലായിരുന്നെങ്കില്‍ ഇന്ന് താന്‍ സമ്പന്നന്‍ ആകുമായിരുന്നെന്നും സെല്‍വന്‍ നെടുവീര്‍പ്പിട്ടു. സെല്‍വന്‍ ജയില്‍ ശിക്ഷയൊക്കെ കഴിഞ്ഞ് നാട്ടില്‍ വന്നപ്പോള്‍ ഭാര്യയും മക്കളും ഉപേക്ഷിച്ചുപോയി. ഇപ്പോള്‍ ഇങ്ങനെ ഒരുമാതിരി അലഞ്ഞുതിരിഞ്ഞാണ് ജീവിതമെന്നു മാത്രം.
''നിങ്ങളുടെ നാടും. ഞങ്ങളുടെ നാടുമായി ഒരു ബന്ധമുണ്ട്. അത് എന്താണെന്ന് അറിയാമോ?''
ഇല്ലെന്ന മറുപടിക്ക് ഉത്തരമായി സെല്‍വന്‍ ആ കഥ പറഞ്ഞ് തുടങ്ങി.
ഇന്ന്, ഗൂഡല്ലൂര്‍ ഉള്‍പ്പെടുന്ന തേനി ജില്ലയിലെ കൃഷി മുല്ലപ്പെരിയാര്‍ അണക്കെട്ടിനെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്. എന്നാല്‍, മുല്ലപ്പെരിയാര്‍ ഡാം നിര്‍മിക്കുന്നതിനൊക്കെ മുമ്പ് മഴയെ മാത്രം ആശ്രയിച്ചായിരുന്നു ഇവിടത്തെ കൃഷി. പലപ്പോഴും മഴ കാര്യമായി കിട്ടാറുമില്ല. അങ്ങനെ മഴ പെയ്യാതെ, ദേശം കടുത്ത വരള്‍ച്ചയിലേക്ക് പോകുമ്പോള്‍, പൂജകളും വഴിപാടുകളുമൊന്നും ഫലിക്കാതെ വരുമ്പോള്‍ അവര്‍ കേരളത്തിലെ പൂഞ്ഞാര്‍ രാജാവിനെ കാണാന്‍ പോകും. പക്ഷേ, ആ പോക്ക് വെറും കൈയോടെയല്ല. ആ ദേശത്തിലെ ആരെങ്കിലും ഒരാള്‍ തങ്ങളുടെ പുറത്തെ തൊലി മുഴുവനും സ്വന്തം കൈകൊണ്ട് പറിച്ചെടുക്കണം. മറ്റൊരാളുടെയോ ഉപകരണത്തിന്റെയോ സഹായവും പാടില്ല. ഇങ്ങനെ ചീന്തിയെടുത്ത, രക്തമൊലിപ്പിക്കുന്ന ആ മനുഷ്യത്തൊലിയുപയോഗിച്ച് ചെരുപ്പുണ്ടാക്കും. ഈ ചെരുപ്പ് അവര്‍ രാജാവിന് കാഴ്ചവയ്ക്കും. രാജാവ്, ഈ ചെരുപ്പ് കാലില്‍ ധരിക്കുന്നതോടെ തങ്ങളുടെ ദേശത്ത് മഴ പെയ്യും. അതാണ് വിശ്വാസം. സെല്‍വന്‍ പറഞ്ഞ കഥയൊന്ന് സങ്കല്‍പ്പിച്ചുനോക്കി.
ആ ദേശത്തെ ജനതയും ജീവജാലങ്ങളും കൊടുവരള്‍ച്ചയിലൂടെ കടന്നുപോവുകയാണ്. എന്താണ് പരിഹാരം? ഗ്രാമീണരെല്ലാം ഒത്തുചേര്‍ന്നു. ''ഇനി പരിഹാരം ഒന്നേയുള്ളൂ.'' ഗ്രാമമുഖ്യന്റെ ശബ്ദം മുഴങ്ങി. അവിടെ കൂടിയിരിക്കുന്നവര്‍ക്കെല്ലാം ആ പരിഹാരമാര്‍ഗം അറിയാം. ആരാണ് അതിനായി മുന്നോട്ട് വരിക. അവര്‍ പരസ്പരം നോക്കി. നിമിഷങ്ങളേറെ കടന്നുപോയി. ''ആരുമില്ലേ ഈ ഗ്രാമത്തെ രക്ഷിക്കാന്‍?'' ഗ്രാമമുഖ്യന്റെ ശബ്ദം വീണ്ടും മുഴങ്ങി. ധീരരെന്ന് ഗ്രാമം കരുതിയിരുന്നവരെല്ലാം മുഖംകുനിച്ചു നിന്നു. ആ ചോദ്യത്തിന് നിശബ്ദത മാത്രം ഉത്തരമേകി.
''ഞാന്‍ തയാര്‍.''
ആരാണാ വീരന്‍?
ഗ്രാമവാസികളെല്ലാം ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി. അവര്‍ക്കെല്ലാം അയാളെ അറിയാം. ഗ്രാമമുഖ്യന്റെ മകനാണ് ആ യുവാവ്.
''ശരി, എങ്കില്‍ തയാറാവുക.'' വിതുമ്പുന്ന ശബ്ദത്തില്‍ മുഖ്യന്‍ അനുമതി നല്‍കി.
അയാള്‍ ഒരു നിമിഷം കണ്ണുകള്‍ അടച്ചുനിന്നു. മെല്ലെ ശ്വാസമെടുത്ത് വിട്ടു. ഇരുകൈകളും തന്റെ പുറത്തേക്ക് നീട്ടി തൊലിയില്‍ അമര്‍ത്തി. തന്റെ നഖങ്ങള്‍ തൊലിയിലേക്ക് ആഴ്ത്തി. ഇല്ല, നഖങ്ങള്‍ ആഴുന്നില്ല. അയാള്‍ കൂടുതല്‍ ശക്തി കൈവിരലുകളിലേക്ക് കൊടുത്തു. നഖങ്ങള്‍ തൊലിയിലേക്ക് ആഴ്ന്ന് ഇറങ്ങുന്നു. സഹിക്കാവുന്നതിനും അപ്പുറമാണ് ആ വേദന. വേദനയാല്‍, അയാള്‍ നിലവിളിച്ചു, കണ്ണുനീര്‍ ഒഴുകിയിറങ്ങുന്നു. മെല്ലെ, തൊലിയില്‍നിന്ന് രക്തം പൊടിഞ്ഞു തുടങ്ങി. പച്ചമാംസത്തോട് കൂടി ഒരല്പം തൊലി പൊളിക്കാനായി അയാള്‍ക്ക്. ഒരു നിമിഷം അയാള്‍ നിശ്ചലനായി. കൊടിയവേദനയ്ക്ക് ഒരല്‍പ്പം ആശ്വാസം.
എന്തോ തീരുമാനിച്ചുറപ്പിച്ചപോലെ അയാള്‍ വീണ്ടും കണ്ണുകളടച്ചു. കൈവിരലുകളിലേക്ക് അയാള്‍ സ്വന്തം ശക്തിമുഴുവനും ആവാഹിച്ചു. അലറിവിളിച്ച് അയാള്‍ ഇരുകൈകളും ശക്തിയായി വലിച്ചു. അയാളുടെ പുറത്തുനിന്നും രക്തം ധാരധാരയായി ഒലിച്ചിറങ്ങി. തന്റെ പുറംതൊലി ഏറെക്കുറെയും ആ ശ്രമത്തില്‍ പറിച്ചെടുക്കാന്‍ അയാള്‍ക്കായി. അയാള്‍ കൈകള്‍ അയച്ചു. ഇപ്പോള്‍ രക്തമൊലിപ്പിച്ച് ചുവന്നനിറമാര്‍ന്ന പുറത്ത് തൂങ്ങിനില്‍ക്കുകയാണ് ആ തൊലി. തൂങ്ങിനില്‍ക്കുന്ന തൊലിയില്‍ അയാള്‍ ശക്തിയായി വലിച്ചു. ഇതാ, തന്റെ പുറന്തൊലി മുഴുവനും അയാള്‍ ചീന്തിയെടുത്തിരിക്കുന്നു. രക്തം ഒഴുകിയിറങ്ങുന്ന മാംസം പറ്റിപ്പിടിച്ചിരിക്കുന്ന ആ തൊലി അയാള്‍ ഗ്രാമമുഖ്യന് സമര്‍പ്പിച്ചു.
മനസിലെ ആ സങ്കല്‍ദൃശ്യങ്ങള്‍പ്പോലും അസ്വസ്ഥതയുണ്ടാക്കി. രക്തം വാര്‍ന്ന് അയാള്‍ മരിച്ചിട്ടുണ്ടാവാം. മഴപെയ്‍ത് കഴിഞ്ഞപ്പോള്‍ ആ ഗ്രാമത്തിലുള്ളവര്‍ക്കെല്ലാം അയാള്‍ വീരപുരുഷനായി. ആ യുവാവിന്റെ ത്യാഗത്തിന്റെ കഥ മുത്തശ്ശിമാര്‍ കുട്ടികളെ പറഞ്ഞുകേള്‍പ്പിച്ചു. ആ കഥയിലെ ധീരനെപ്പോലെ ഗ്രാമത്തെ രക്ഷിക്കാന്‍ ഓരോ കുട്ടിയും ആഗ്രഹിച്ചു. ഗ്രാമം, വീണ്ടും മഴ കാത്തരിക്കുമ്പോള്‍ ഈ കഥകേട്ട് വളര്‍ന്നൊരാള്‍ പരിഹാരത്തിനായി മുന്നോട്ട് വന്നിട്ടുണ്ടാവും. നാളെ, അയാള്‍ ആ ഗ്രാമത്തിന്റെ വീരനാകും. തലമുറകള്‍തോറും ഇതാവര്‍ത്തിക്കാം. ഇങ്ങനെ എത്രയോ കഥകളും മിത്തുകളും ഓരോ ഗ്രാമവും ഓരോ ദേശങ്ങളും ഒളിപ്പിച്ചുവച്ചിട്ടുണ്ടാവും. യാത്ര തുടരുകതന്നെ. സെല്‍വനോടും ദുരൈയോടും വീണ്ടും കാണാമെന്ന വാഗ്ദാനവുമേകി യാത്ര തുടര്‍ന്നു. കണികാപരീക്ഷണശാലയ്ക്കായി കണ്ടെത്തിയ മലനിരകള്‍ തേടി.