'ലക്ഷമല്ല' സ്‍നേഹം; ഇത് ലക്ഷദ്വീപിന്‍റെ ജീവിതപാഠം!

By James Kottarappally  |  First Published Oct 15, 2019, 12:44 PM IST

''അക്കൗണ്ടില്‍ രണ്ടുമൂന്നുലക്ഷം രൂപയുള്ള തന്റെ എറ്റിഎം കാര്‍ഡ് നിങ്ങളുടെ സഹോദരന്‍, നിങ്ങളെ വിശ്വസിച്ച് ഉപയോഗിക്കാന്‍ തരുമോ? നിങ്ങളുടെ കരകളില്‍ ഇതൊന്നും നടക്കില്ലെന്ന് എനിക്കറിയാം. പക്ഷേ, ഞങ്ങളുടെ നാട്ടില്‍ ഇപ്പോഴും സ്‌നേഹബന്ധങ്ങള്‍ക്ക് വിലയുണ്ട്.'' അയാള്‍ പറഞ്ഞു. ജെയിംസ് കൊട്ടാരപ്പള്ളി എഴുതുന്നു


സൂര്യാസ്‍തമനം കണ്ടുകൊണ്ട് കപ്പല്‍ഡെക്കില്‍ ഇരിക്കുമ്പോഴാണ് ഫതൗവ്വയെ പരിചയപ്പെടുന്നത്. കൂടെ മൂന്ന് വയസുകാരിയായ കൊച്ചുമകളുമുണ്ട്. ലക്ഷദ്വീപിലേക്കുള്ള യാത്രാക്കപ്പലിലാണ് ഞങ്ങള്‍ ഇരുവരും. അനന്തതയോളം പരന്ന് കിടക്കുന്ന സമുദ്രത്തില്‍ ചുമപ്പ് കൊണ്ട് അതിരുതീര്‍ത്ത് സൂര്യന്‍ മടങ്ങുകയാണ്. ഈ കാഴ്ചയും കണ്ട് കൊച്ചുമകളുമായി കളിച്ചുല്ലസിക്കുകയാണ് ഫതൗവ്വ. ലക്ഷദ്വീപിലെ കവരത്തിയാണ് സ്വദേശം. മംഗലാപുരത്തും കോഴിക്കോടും കൊച്ചിലുമൊക്കെ കുടുംബത്തോടൊപ്പം ഷോപ്പിംഗും യാത്രയുമൊക്കെ കഴിഞ്ഞ് നാട്ടിലേക്കുള്ള മടക്കത്തിലാണ് മുത്തച്ഛനും കൊച്ചുമോളും. ഇതിനിടെ ഫതൗവ്വ വിശേഷങ്ങള്‍ ചോദിച്ച് പരിചയപ്പെടാന്‍ എത്തുകയായിരുന്നു. യാത്രയ്ക്കുമുമ്പേ ലക്ഷദ്വീപുകാരുടെ സ്‌നേഹവും ആഥിത്യമര്യാദകളും ഏറെ കേട്ടിട്ടുണ്ടായിരുന്നു. അതിനാല്‍, അയാളുടെ പെരുമാറ്റം അത്ഭുതപ്പെടുത്തിയില്ല.

Latest Videos

ഫതൗവ്വയ്ക്ക് പങ്കുവയ്ക്കാനുണ്ടായിരുന്നത് ദ്വീപിനെക്കുറിച്ചായിരുന്നു. കിലോമീറ്ററുകള്‍ മാത്രദൈര്‍ഘ്യമുള്ള ലക്ഷദ്വീപിലെ ദ്വീപുകളിലെ ജീവിതത്തെക്കുറിച്ച് അദ്ദേഹം വാതോരാതെ പറഞ്ഞുകൊണ്ടിരുന്നു. ദ്വീപില്‍ കരയിലെ പോലെ സൗകര്യങ്ങളും അവസരങ്ങളും ഒന്നുമില്ല. പക്ഷേ, ആളുകള്‍ക്കിടയില്‍ ആഴത്തിലുള്ള സ്‌നേഹബന്ധമുണ്ട്. വഴക്കുകളും പൊരുത്തക്കേടുകളും കുറവാണ്. അവയുണ്ടെങ്കില്‍പ്പോലും ഇരുട്ടിവെളുക്കുമ്പോഴേക്കും ഇല്ലാതാവും. ദ്വീപില്‍ വിവാഹശേഷം പുരുഷന്മാര്‍ ഭാര്യവീടുകളിലാണ് അന്തിയുറങ്ങാറ്. പക്ഷേ, പകല്‍ സ്വന്തം വീടുകളിലാവും ഭക്ഷണം. ഇങ്ങനെ ദ്വീപുവിശേഷങ്ങള്‍ പങ്കുവയ്ക്കുന്നതിനിടെയാണ് ഫതൗവ്വ ചോദിച്ചത്.

''സഹോദരന്‍ അയാളുടെ എടിഎം കാര്‍ഡ് നിങ്ങള്‍ക്ക് തന്നുവിടാറുണ്ടോ?''
ഉത്തരത്തിനായി സംശയിച്ചുനിന്നപ്പോള്‍ വീണ്ടും അടുത്ത ചോദ്യം.
''ആ അക്കൗണ്ടില്‍ ഒരു രണ്ടുമൂന്ന് ലക്ഷം രൂപയുമുണ്ടെങ്കിലോ?''
ഉത്തരവും അയാള്‍ തന്നെ പറഞ്ഞു.
''ഒരിക്കലും തന്ന് വിടില്ലല്ലേ.''
ഒരു നിമിഷം മുഖത്തേക്ക് നോക്കിയിട്ട് അയാള്‍ തുടര്‍ന്നു.

''പക്ഷേ, ദ്വീപില്‍ ഇങ്ങനെ ഒരു പ്രശ്‌നവുമില്ല. പണത്തിന്റെ കാര്യത്തില്‍ കുടുംബത്തില്‍ യാതൊരു വേര്‍തിരുവുമില്ല. ഒരു സഹോദരന് സമ്പാദ്യമുണ്ടെങ്കില്‍ അത് മറ്റൊരു സഹോദരനുമായി പങ്കുവയ്ക്കുന്നതിന് മടിയില്ല.''

ദ്വീപിനെക്കുറിച്ച് അഭിമാനപൂര്‍വമാണ് ഫതൗവ്വ ഓരോ കാര്യങ്ങളും പറയുന്നത്. ഈ അഭിമാനം തന്നെയായിരുന്നു ഒരാഴ്ചത്തെ സന്ദര്‍ശനത്തില്‍ പരിചയപ്പെട്ട ഓരോ ദ്വീപുകാരനും പങ്കുവച്ചത്. ദ്വീപിലെ ജീവിതം ആസ്വദിക്കുന്നവരാണ് നിവാസികളെല്ലാം. മീന്‍പിടിച്ചും വൈകുന്നേരങ്ങളില്‍ കടല്‍ത്തീരത്ത് സൊറപറഞ്ഞിരുന്നും അവര്‍ സന്തോഷകരമായ നിമിഷങ്ങളിലൂടെ കടന്ന് പോകുന്നു. സ്ത്രീകളും കുട്ടികളുമുള്‍പ്പെട്ടെ എല്ലാവരെയും വൈകുന്നേരങ്ങളില്‍ തീരങ്ങളില്‍ കാണാം.

ഇങ്ങേക്കരയിലെപോലെ യാതൊരു ദൂഷ്യങ്ങളുമില്ലാത്ത മനുഷ്യരും പ്രകൃതിയും. തെങ്ങ് ഇടതിങ്ങിനിറഞ്ഞ, കോറലുകളാല്‍ ചുറ്റപ്പെട്ട ദ്വീപുകള്‍ ലോകത്തെ തന്നെ ഏറ്റവും മികച്ച കടല്‍ക്കാഴ്ചകളും ബീച്ചുകളും പ്രകൃതിദൃശ്യങ്ങളും ഒരുക്കിയിരിക്കുന്നു. കാര്യമായ പരിസ്ഥിതിനാശങ്ങളൊന്നുമില്ലാത്ത പ്രദേശങ്ങളിലൊന്നാണ് ലക്ഷദ്വീപ് ദ്വീപ് സമൂഹങ്ങള്‍. അതുകൊണ്ടുതന്നെ ദ്വീപിലെ ജീവിതം സുഖകരമാണെന്ന് അവര്‍ വിശ്വസിക്കുന്നു.

ബംഗാരം ദ്വീപില്‍ പരിചയപ്പെട്ട അലിക്കും പറയാനുണ്ടായിരുന്നത് തങ്ങളുടെ മികച്ച ജീവിതത്തെക്കുറിച്ചായിരുന്നു. അരിയും അത്യാവശ്യസാധനങ്ങളും മാത്രം മതി പുറത്തുനിന്നും. ബാക്കിയൊക്കെയും ദ്വീപിലുണ്ട്. തേങ്ങയും മീനും സുലഭം. ഇതുരണ്ടുമാണ് ദ്വീപിലെ വിഭവങ്ങളിലെ മുഖ്യസവിശേഷത. അതിനാല്‍, ദ്വീപുകാര്‍ സമ്പാദിക്കുന്ന പണം അനാവശ്യമായി ചെലവാകുന്നില്ല. പക്ഷേ, കരയിലാണെങ്കിലോ കിട്ടുന്ന പണം ഒന്നിനും തികയത്തില്ല. ആളുകള്‍, ജോലിയുടെയും ജീവിതത്തിന്റെയും സമ്മര്‍ദത്തില്‍ മുന്നോട്ട് നീങ്ങുകയാണ്. സമര്‍ദങ്ങളില്ലാതെ ജീവിക്കുന്ന മനുഷ്യരെ ലക്ഷദ്വീപിലല്ലാതെ നിങ്ങള്‍ക്ക് വേറെ എവിടെ കാണാനാകും? അലിയുടെ ചോദ്യമാണ്.

ശരിയായിരുന്നു, പരിമിതികള്‍ക്കിടയിലും എത്രയോ സന്തോഷകരമായാണ് അവര്‍ ജീവിക്കുന്നത്.  ലക്ഷദ്വീപില്‍ സന്ദര്‍ശിച്ച അഗത്തി, ബംഗാരം, കവരത്തി ദ്വീപുകളിലെല്ലാം ആഹ്ലാദത്തോടെ ജീവിക്കുന്നവരെയാണ് കണ്ടുമുട്ടിയത്. പണത്തിലോ വലുപ്പച്ചെറുപ്പങ്ങളിലോ അവര്‍ വിശ്വസിക്കുന്നവരായി തോന്നിയില്ല. ഒപ്പം, ദ്വീപിലെത്തുന്നവരെ ഏറ്റവും ഹൃദ്യമായി സ്വീകരിക്കാനും അവരോട് ഇടപെടാനും അവിടെയുള്ളവര്‍ താത്പര്യപ്പെടുന്നു. ദ്വീപുകളില്‍ എല്ലാവരും തന്നെ പരസ്പരം അറിയുന്നവരായതിനാല്‍ സന്ദര്‍ശകനായ അപരിചതരെ അവര്‍ക്ക് പെട്ടെന്ന് മനസിലാവുകയും എന്തെങ്കിലും സഹായം വേണമോയെന്ന് ചോദിച്ച് അരികിലെത്തുകയും ചെയ്യും.

എന്നാല്‍, പുതുതലമുറയിലെ മാറ്റങ്ങളും ദ്വീപില്‍ വ്യക്തമാണ്. മത്സ്യബന്ധനത്തില്‍ ടെക്‌നോളജികള്‍ ഉപയോഗിക്കുന്നവരാണ് പുതുതലമുറ. വേലിയേറ്റവും വേലിയിറക്കവും അറിയുന്നതിനും കടലിലെ ചൂണ്ടയിടുന്ന സ്ഥലങ്ങള്‍ അടയാളപ്പെടുത്തുന്നതിനുമൊക്കെ ജിപിഎസ് അധിഷ്‍ഠിത മൊബൈല്‍ ആപ്പുകള്‍ ഉപയോഗിക്കുന്നവരാണ് യുവതലമുറ. പഴയതലമുറ അനുഭവസമ്പത്തിനാല്‍ നേടിയെടുത്ത അറിവുകള്‍ ഇപ്പോള്‍ ടെക്‌നോളജി ഉപയോഗിച്ച് സ്വന്തമാക്കിയിരിക്കുന്നു പുതിയകാലം.

പക്ഷേ, ഒരു കാലത്തിനും മായ്ക്കാനാവാത്തതും നഷ്ടപ്പെടുത്താനാവാത്തും ദ്വീപുനിവാസികളുടെ സ്‌നേഹവും സാഹോദര്യവും മാത്രമാണ്. അവ അറിയണമെങ്കില്‍ ഒരിക്കലെങ്കിലും ലക്ഷദ്വീപ് സന്ദര്‍ശിക്കുകതന്നെ വേണം.

click me!