ഗോകർണം, ബീച്ചുകളുടെ പറുദീസ

By Web Team  |  First Published Aug 29, 2020, 3:19 PM IST

യാത്രയെക്കുറിച്ച് ഇന്ന് പറയുക എന്നത്, കൊടുംമഴയത്ത് വെയില്‍ കായുന്നതുപോലെയാണ്. എന്നിരുന്നാലും, കൊവിഡ്-19 എന്ന മഹാമാരിയുടെ കരാളഹസ്തങ്ങൾ ഈ ലോകത്തെ വിട്ടൊഴിഞ്ഞാൽ ഒരു യാത്രക്കായി കാത്തിരിക്കുന്നവർക്ക് തീർച്ചയായും ഗോകർണം മികച്ചത് തന്നെ. റിജിന്‍ രാജന്‍ എഴുതുന്നു


ബീച്ചുകളുടെ വശ്യത ആസ്വദിക്കാൻ മിക്ക യാത്രികരും തെരഞ്ഞെടുക്കുന്നത് ഗോവയാണ്. എന്നാൽ, ഗോവയുടെ തലസ്ഥാനമായ പനാജിയിൽ നിന്ന് 160 കി.മീ. തെക്ക് മാറി, അതിമനോഹരമായ കടൽത്തീരങ്ങളാൽ സമ്പുഷ്ടമായ, മനുഷ്യ സ്പർശങ്ങളാൽ കളങ്കിതമാകാത്ത പ്രദേശമാണ് ഗോകർണം. കർണാടക സംസ്ഥാനത്തിലെ ഉത്തരകന്നട ജില്ലയിൽ ആഗ്നാശിനി, ഗംഗാവലി എന്നീ നദികളുടെ സംഗമസ്ഥാനത്ത് അറബിക്കടലിന്റെ തീരത്ത്  സഹ്യന്റെ മടിത്തട്ടിൽ ഇഴുകി ചേർന്നു കിടക്കുന്ന സ്ഥലമാണ് ഗോകർണം. സ്വപ്നങ്ങൾ കാണാനും ഏകാന്തതയിൽ വിരാജിക്കാനും മനസ്സിന്റെ പാകപ്പെടുത്തലുകൾക്കുമായി പോകാവുന്ന ഇടമാണ് ഗോകർണം. 

Latest Videos

ക്ഷേത്രനഗരം എന്നറിയപ്പെടുന്ന, പ്രമുഖ ഹൈന്ദവ തീർത്ഥാടന കേന്ദ്രമായ ഗോകർണത്തെ പറ്റി പല ഐതിഹ്യങ്ങളും നിലവിലുണ്ട്. സംസ്കൃതഭാഷയിൽ ഗോകർണത്തിന്റെ  അർത്ഥം 'പശുവിന്റെ കർണം' എന്നാണ്.  ലങ്കാധിപതിയായ രാവണൻ, തനിക്ക് പരമശിവൻ നൽകിയ ആത്മലിംഗം ഒരുവേള ഭൂമിയിൽ നിന്നുയർത്താൻ ശ്രമിക്കുകയും തൽഫലമായി പശുവിന്റെ കർണ സാദൃശ്യത്തോടെ ഉയർന്ന് വന്നിട്ടുള്ളതുമായ പ്രദേശമാണ് ഗോകർണമെന്ന് വിശ്വസിക്കപ്പെടുന്നു. 

ഗോകർണത്തിന് കേരളവുമായി അഭേദ്യമായ ബന്ധമുണ്ട്. മഹാവിഷ്ണുവിന്റെ ആറാമത്തെ അവതാരമായ പരശുരാമൻ മഴുവെറിഞ്ഞ് കേരളം സൃഷ്ടിച്ചത് ഗോകർണത്തിൽ നിന്നാണെന്ന് പറയപ്പെടുന്നു. താൻ ചെയ്ത പാപങ്ങൾ പൊറുക്കാനായി, പരശുരാമൻ ഗോകർണത്തിൽ തപസ്സ് ചെയ്ത്, സമുദ്ര ദേവനായ വരുണനോട് വരം ചോദിച്ചു. അങ്ങനെ പരശുരാമൻ തന്റെ കയ്യിലുള്ള മഴു എറിയുകയും അത് പതിച്ച ഗോകർണം മുതൽ കന്യാകുമാരി വരെയുള്ള പ്രദേശം വരുണദേവൻ പരശുരാമന് വരമായി കൊടുക്കുകയും ചെയ്തു എന്നതാണ് ഐതിഹ്യം. അങ്ങനെയാണ് കേരളം സൃഷ്ടിക്കപ്പെട്ടതെന്ന് പറയപ്പെടുന്നു. വടക്ക് ഗോകർണം മഹാബലേശ്വര അമ്പലത്തിൽ ശിവനും തെക്ക് കന്യാകുമാരി ദേവിയുമാൽ സംരക്ഷിക്കപ്പെടുന്ന കേരളം ദൈവത്തിന്റെ സ്വന്തം നാടുതന്നെയാണ്.

ബീച്ചുകളുടെ പറുദീസയായ ഗോകർണം, അറബിക്കടലിന്റെ വശ്യതയാലും, പച്ചപ്പ് നിറഞ്ഞ മലയിടുക്കകളാലും യാത്രികരെ മാടി വിളിക്കുന്നു. നേപ്പാളിലെ പൊക്കാര കഴിഞ്ഞാൽ 1970 കൾ തൊട്ട് ഹിപ്പികൾ നിരവധി കാണപ്പെട്ട സ്ഥലമായിരുന്നു ഗോകർണം. ഇന്നും അതിന്റെ അവശേഷിപ്പുകളെന്നോണം ഹിപ്പികളെ ‌അങ്ങുമിങ്ങും കാണാൻ കഴിയും. ഹിന്ദു സംസ്കാരത്തോട് ആകൃഷ്ടരായി വന്ന വിദേശികളെ ഗോകർണത്തിൽ കാണാം. വിദേശികളെ ആകർഷിക്കുന്നതിൽ യോഗ ഇവിടൊരു പ്രധാന ഘടകമാണ്. 

ഗോകർണത്തിന്റെ സൗന്ദര്യം ആസ്വദിക്കാനായി ഗോകർണം റോഡ് റെയിൽവേ സ്റ്റേഷനിൽ ഞാൻ ട്രെയിൻ ഇറങ്ങി. ഉച്ചയ്ക്ക് 12 മണി സമയം, അവിടെ നിന്നും 200 രൂപയ്ക്ക്  ഗോകർണത്തിന്റെ ഹൃദയഭാഗത്തേക്ക് ഓട്ടോയിൽ യാത്ര. അറേബ്യൻ സമുദ്രത്തിൽ രൂപം കൊണ്ട 'ഖ്യാർ' കൊടുങ്കാറ്റ് ഗോകർണത്തെ ഗ്രസിച്ച സമയമാണിത്. ഗോകർണം റോഡ് റെയിൽവേ സ്റ്റേഷനിൽ നിന്നും പത്ത് കി.മീ. ദൂരമേയുള്ളൂ ബീച്ചുകളും അമ്പലവും ഒക്കെ ഉൾപ്പെടുന്ന ഗോകർണം എന്ന പ്രദേശത്തേക്ക്. ചെറുതായി മഴപ്പെയ്യുന്നുണ്ട്. റോഡിന്റെ ഇരുവശങ്ങളിലും ഉപ്പ് പാടങ്ങളാണ്. ഉപ്പുണ്ടാക്കുന്നതിന് വേണ്ടി കടൽജലം ബണ്ടുകളായി വേർതിരിച്ചു പാടങ്ങളിൽ കെട്ടി നിർത്തിയിരിക്കുന്നു. ചെറുപ്പത്തിൽ കണ്ട കന്യാകുമാരിയിലെ ഉപ്പളം എനിക്ക് ഓർമ്മ വന്നു. അങ്ങനെ, റിക്ഷ എന്നെ ഗോകർണത്തിൽ എത്തിച്ചു. നിറയെ കച്ചവടക്കാർ നിറഞ്ഞ ഇടുങ്ങിയ റോഡുകളുള്ള ചെറിയ ഗ്രാമം. വിശപ്പ് കലശലായിട്ടുണ്ട്. ആ ഇടുങ്ങിയ റോഡുകളിലൂടെ നടക്കാൻ ആരംഭിച്ചു. ബ്രാഹ്മണരുടെ അഗ്രഹാരങ്ങൾ നിറഞ്ഞതാണ് ഗോകർണത്തിന്റെ തെരുവുകൾ.

ആ പ്രദശത്തുകൂടി, റോഡിന്റെ ഒരു വശത്തായി ചേർന്ന് കിടക്കുന്ന മഹാബലേശ്വര ദേവന്റെ രഥവും അമ്പലവും പിന്നിട്ട് വളരെ ചെറിയ കോൺക്രീറ്റ് പാതകളിൽ കൂടി ഞാൻ മുന്നോട്ട് നടന്നു. വലിയ വൃത്തിയൊന്നും തീരെയില്ലാത്ത ഒരു ബീച്ചിൽ അങ്ങനെയെത്തി. 

മഴ മാറി ചൂടിന്റെ ആധിക്യം കൂടിയിരിക്കുന്നു. വിശപ്പിന്റെ വിളി സഹിക്ക വയ്യ. അവിടുത്തെ പ്രധാനപ്പെട്ട ബീച്ചായ ഗോകർണ ബീച്ചിലാണ് ഞാൻ അപ്പോൾ നിന്നിരുന്നത്. അവിടെ നിന്ന് നോക്കിയപ്പോൾ, കുന്നിൻ ചരുവിൽ നിന്ന് ഒഴുകിയിറങ്ങി കടലിലേക്ക് പതിക്കുമ്പോലെ ഒരു മനോഹരമായ റെസ്റ്റോറന്റ്. എന്തെങ്കിലും കഴിക്കാനായി ആ റെസ്റ്റോറന്റിനെ ലക്ഷ്യമാക്കി യാത്ര തുടർന്നു. കുന്നിൻപുറത്തുള്ള കുത്തനെയുള്ള പാതയിലൂടെ നടന്ന് ചെന്ന് നിന്നത് ഇന്ത്യയിൽ മിക്ക ടൂറിസ്റ്റ് സ്ഥലങ്ങളിലും ബാക്ക് പാക്കർ  ഹോസ്റ്റൽ ശൃംഖലയുള്ള സോസ്തലിൽ. പൈസ ഓർത്ത് ആദ്യം കയറുന്നില്ലയെന്ന് വിചാരിച്ചെങ്കിലും, തിരിച്ചിറങ്ങാനുള്ള മടിയും വിശപ്പും കൊണ്ട് അവിടുന്ന് തന്നെ കഴിക്കാൻ തീരുമാനിച്ചു. ഞങ്ങൾ പത്ത് പേർ ചേർന്നാണ് ഈ യാത്രയ്ക്ക് പദ്ധതിയിട്ടിരിക്കുന്നത്. അതിലൊരാൾ എന്റെ കൂടെ സോസ്തലിൽ വന്നു ചേർന്നു. ആഹാരമൊക്കെ കഴിച്ച് വെയിലത്ത് ഞങ്ങൾ എങ്ങോട്ടുന്നില്ലാതെ യാത്ര തുടർന്നു. നിറയെ തെങ്ങിൻ തോപ്പുകളുള്ള മലയുടെ ഒരു ചരുവിൽ നിന്ന് നോക്കിയാൽ ശക്തിയുള്ള തിരമാലകളാൽ അല്പം മങ്ങിയ നീല നിറമുള്ള ഗോകർണം ബീച്ച് കാണാം. പ്രകൃതിയുടെ ഈ വശ്യ സൗന്ദര്യത്തിൽ ഞാൻ അലിഞ്ഞു ചേർന്നു.

ബാക്കിയുള്ള സുഹൃത്തുക്കൾ എത്തിച്ചേരാൻ രാത്രിയാകും. അതിനുമുമ്പ് താമസിക്കാനുള്ള നല്ലൊരു മുറി കണ്ടുപിടിക്കണം. ഗോകർണത്തിൽ പ്രധാനമായും അഞ്ച് ബീച്ചുകളാണുള്ളത്. ഗോകർണം ബീച്ച്, കുട്ല ബീച്ച്, ഓം ബീച്ച്, ഹാഫ് മൂൺ ബീച്ച്, പാരഡെയ്സ് ബീച്ച് എന്നിവയാണവ. കുട്ല ബീച്ചിൽ പോയി ഷാക്കുകളിൽ താമസിക്കാമെന്ന ഉദ്ദേശത്തോടെ അങ്ങോട്ട് നടക്കാൻ തുടങ്ങി. കഴിഞ്ഞ ദിവസങ്ങളിലെ അറബിക്കടലിൽ ഉണ്ടായ ന്യൂനമർദ്ദം മൂലം പെയ്ത അതിഭയങ്കര മഴ കാരണം വെള്ളക്കെട്ടുകളും പടവുകളിലൂടെ ധാര ധാരയായി ഒഴുകി വരുന്ന ഉറവുകളും പിന്നിട്ട് കുട്ലേയുടെ തീരത്തെത്തിയിരിക്കുന്നു. 'ഖ്യാർ' കൊടുങ്കാറ്റ് വലിയ തോതിൽ കുട്ലേ ബീച്ചിനെ ഗ്രസിച്ചിരിക്കുന്നു. പല ഷാക്കുകളിലും വെള്ളവും വെളിച്ചവുമില്ല. അതിശക്തമായിരുന്ന കടൽ ബീച്ചിനെ വിഴുങ്ങിയിരിക്കുന്നു. അങ്ങനെ നടന്നുനടന്ന് അവസാനം ബീച്ചിന്റെ മറുവശത്തുള്ള ഒരു ഷാക്കിൽ പത്ത് പേർക്കുമായി മൂന്ന് മുറിയെടുത്തു. കൊടുങ്കാറ്റിനാൽ വരുമാനം നിലച്ച ഷാക്ക് മുതലാളിമാർ വലിയ വാടകയൊന്നുമില്ലാതെ മികച്ച മൂന്ന് മുറികൾ ഞങ്ങൾക്ക് തന്നു.

സന്ധ്യയോടെ ബാക്കി സുഹൃത്തുക്കളുമെത്തി. ഷാക്കിന്റെ ഓരത്തിരുന്ന് പാട്ടും കവിതയും രാഷട്രീയവുമൊക്കെയായി വേലികയറ്റം മൂലമുള്ള കടലിന്റെ രൗദ്രഭാവത്തെ അടുത്തറിഞ്ഞ് രാത്രി ഏകദേശം പന്ത്രണ്ട് മണി വരെ അവിടെ ചിലവഴിച്ചു. രാത്രിയിൽ ചിക്കനും മട്ടനും സ്വാദുള്ള ഞണ്ട് കറിയും പിന്നെ സിസ്സ്ലറുമൊക്കെയായി ഞങ്ങൾ ആഘോഷിക്കുകയായിരുന്നു. ചുറ്റും തദ്ദേശികരും സഞ്ചാരികളുമായ കുറച്ചാളുകൾ ഗോകർണത്തെ ആസ്വദിച്ച് ആഹാരവും, ബിയറുമൊക്കെ നുകർന്ന് ഇരിപ്പുണ്ടായിരുന്നു. ഇസ്രായേലിക്കാരി മായ എന്ന കൊച്ചു പെൺകുട്ടിയുമായി ഞങ്ങൾ സൗഹ്യദത്തിലായി. മായയുടെ ഡാൻസും കളിയും ചിരിയുമൊക്കെ കണ്ട് അങ്ങനെ ഇരുന്നു. ഇടയ്ക്ക് അവളുടെ ഡാൻസിനെ പ്രകീർത്തിക്കാനും മറന്നില്ല.


അങ്ങനെ മായയുടെ പിതാവ് ഏലിയാഹുമായി സംസാരിച്ചു തുടങ്ങി. കേരളത്തെ പറ്റി ഏലിയാഹുവും ഇസ്രായേലിനെ പറ്റി ഞങ്ങളും ആരാഞ്ഞു. കഴിഞ്ഞ മൂന്ന് മാസമായി ഏലിയാഹുവും ഭാര്യ ലില്ലയും ഗോകർണയിലാണ്. ഇസ്രായേൽ പാലസ്തീൻ പ്രശ്നവും മോദിയും നെതന്യാഹുവും ഒക്കെയായി, പലവിധ ചർച്ചകളിൽ മുഴുകി. ഏലിയാഹുവും കുടുംബവും ഇസ്രായേലികളാണെങ്കിലും ഇപ്പോൾ കാനഡിയാലാണ് താമസം. ഏലിയാഹുവിനോടും കുടുംബത്തോടും ഗുഡ് നൈറ്റ് പറഞ്ഞ് ഷാക്കിൽ നിന്ന് റൂമിൽ എത്തി; അവിടെ ചെറിയ പാട്ടും മേളവുമൊക്കെയായി തുടർന്നു. അങ്ങനെ നിദ്രയിലായി.

പിറ്റേന്ന് എട്ട് മണിയോടെ എഴുന്നേറ്റ ഞാൻ ഷാക്കിൽ ചെന്ന് തിരമാലകളുടെ ഓളം പേറിയ കടലിന്റെ വിദൂരതയിലേക്ക് എന്റെ കാഴ്ചകളെ നങ്കൂരമിടീച്ച് നിർന്നിമേഷനായി നോക്കിയിരുന്നു. ഏകാന്തതയുടെ നടുവിൽ കടലിന്റെ ഭംഗി ഒന്നുകൂടിയിരിക്കുന്നു. വേലിയിറക്കം മൂലം ഇന്നലത്തെ രൗദ്രഭാവം നിറഞ്ഞ ദ്രംഷ്ടകൾ കടലിന് നഷ്ടമായിരിക്കുന്നു. ഒരു ഇസ്രായേലി പ്രാതൽ ഓർഡർ ചെയ്തു. ഖുബ്ബൂസും സോസേജും ഓംളേറ്റുമൊക്കെയായി പ്രാതൽ വന്നു. കൂടെയൊരു നല്ല മാതളനാരങ്ങ ജ്യുസും. അതും കഴിച്ചു കൊണ്ടിരിക്കുമ്പോൾ ബാക്കി സുഹൃത്തുക്കളും എത്തി.

അമേരിക്കൻ, റഷ്യൻ, തുർക്കി പ്രാതലുകൾ ഓരോരുത്തരും മാറിമാറി ഓർഡർ ചെയ്തു. മറ്റ് പല രാജ്യങ്ങളിലും ആളുകൾ കഴിക്കുന്നത് ഞങ്ങൾ ഗോകർണത്തിൽ ഇരുന്ന് കഴിച്ചെന്നു മാത്രം. അപ്പോൾ ഒരാൾ ദക്ഷിണാഫ്രിക്കയിലെ പ്രസിദ്ധമായ ജെമ്പേ ഡ്രമിനോട് സാദൃശ്യമുള്ള കുറെ ഡ്രമുകൾ വില്ക്കാനായി വന്നു. അതിൽ നല്ല താളമൊക്കെ പിടിച്ച് അദ്ദേഹം ഞങ്ങളേയും സമീപിച്ചു. കുറേ വിലപേശലൊക്കെ നടത്തി അവസാനം ഒരെണ്ണം വാങ്ങി. രാത്രിയിൽ പാട്ടിനെ താളം പിടിപ്പിച്ച് കൊഴിപ്പിക്കാനായി വാങ്ങിയതാണ്.

അങ്ങനെ കുറേ കഴിഞ്ഞ് ഓം ബീച്ചിലേക്ക് യാത്ര തുടർന്നു. കുട്ലേ ബീച്ചിൽ പിന്ന് ഓം ബീച്ചിലേക്കുള്ള യാത്ര വളരെ മനോഹരമാണ്. മനോഹരമായ കുന്നിൻ ചെരുവുകളും, പടവുകളിൽ ആന്റിക് കളക്ഷൻ ഐറ്റംസ് വിൽക്കുന്ന കച്ചവടക്കാരും, ബീച്ച് വസ്ത്രങ്ങൾ വിൽക്കുന്നവരെയുംമൊക്കെ കാണാം. കുട്ല ബീച്ചിൽ നിന്ന് അങ്ങനെ ഒരു കുന്നിൻ മുകളിലെത്തി. അവിടുന്നു ഓം ബീച്ചിലേക്ക് ഏകദേശം മൂന്ന് കി.മീ. ദൂരമുണ്ട്. ഓം ബീച്ചിൽ എത്തി: കുന്നിൻ മുകളിൽ നിന്ന് വെള്ളവും വാങ്ങി താഴേക്കിറങ്ങി. കടലിന്റെ ഇരമ്പൽ നല്ലപോലെ കേൾക്കാം. ചെറിയ പടവുകൾ വഴി താഴേക്ക് ഇറങ്ങുമ്പോൾ തന്നെ ഓം ആകൃതിയിൽ അഴുക്ക് കലർന്ന ഒരു ചാര നിറത്തിൽ കടൽ കാണാം. അപ്പോൾ ഇതിനു ഓം ബീച്ച് എന്ന പേര് വരാനുള്ള കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ.

കുട്ലേ ബീച്ചിൽ നീരാടാൻ പറ്റിയില്ല, ഇവിടെയെങ്കിലും കടലിലിറങ്ങണമെന്ന് വിചാരിച്ച് തോർത്തുമായാണ് പോയത്. ഓം ബീച്ചിന്റെ ഓരം ചേർന്ന് കുറെ നടന്നു. ബീച്ചിന്റെ വശങ്ങളിലെല്ലാം കൊടുങ്കാറ്റ് അവശേഷിപ്പിച്ച അഴുക്കുകളും പ്ലാസ്റ്റിക്കും മരക്കഷണങ്ങളും മാത്രം. മനുഷ്യൻ കടലിലേക്ക് തള്ളിയത് നീ തന്നെ വച്ചോയെന്നും പറഞ്ഞ് കടൽ വിസർജ്ജിച്ച കാഴ്ച. കുറെദൂരം സഞ്ചരിച്ചപ്പോൾ ഒരു സായിപ്പ് കടലിൽ കുളിക്കുന്നത് കണ്ടു. ഇതുകണ്ട ഞങ്ങളും കടലിൽ ഇറങ്ങാൻ തുടങ്ങി. അപ്പോൾ എവിടെ നിന്നോ ഒരു വിസ്സിൽ ശബ്ദം കേട്ടു. സൈക്ലോൺ മുന്നറിയിപ്പ് കാരണം കടലിൽ കുളിക്കാൻ പാടില്ലെന്നും പറഞ്ഞ് ഒരു പോലീസ്കാരൻ. അതുകേട്ട് തിരിച്ചു കയറി. സായിപ്പിന് ഇതൊന്നും കണ്ട ഭാവമേയില്ല. അങ്ങനെ അവിടെയുള്ള ഒരു ഷാക്കിൽ കടലിനെ നോക്കി ഇരിപ്പായി. ഷാക്കിന്റെ മുകളിൽ നിന്ന് നോക്കിയപ്പോൾ തൊട്ടടുത്തുള്ള ഒരു മരത്തിന്റെ തണലിൽ സുന്ദരികളായ രണ്ട് മദാമ്മമാർ മണലിൽ ബെഡ്ഷീറ്റും വിരിച്ച് കടലിലേക്ക് കണ്ണും നട്ടിരിക്കുന്നു. ഈ സൈക്ലോൺ സമയത്താണല്ലോ അവർ ഇവിടെയെത്തിയതെന്ന് ഞാൻ മനസ്സിൽ മന്ത്രിച്ചു. രണ്ട് മൂന്ന് മണിക്കൂർ ആ ഷാക്കിൽ ഞങ്ങൾ ചിലവഴിച്ചു. അവിടുത്തെ മെനുവിലെ പലതരം വിഭവങ്ങൾ രുചിച്ച് നോക്കി. സുഹൃത്തുക്കളുമൊത്ത് ഇത്തരത്തിലുള്ള യാത്രകൾ മനസ്സിനെ ശാന്തമാക്കുന്നതാണ്.

നാല് മണി കഴിഞ്ഞതോടെ ഫുട്ബോൾ കളിക്കാനായി ഇറങ്ങി. ഫുട്ബോൾ ഭ്രാന്തനായ, എന്നാൽ അധികം ഫുട്ബോൾ കളിക്കാനറിയാത്ത ഒരു സുഹൃത്ത് ഫുട്ബോളുമായാണ് വന്നത്. ഓം ബീച്ചിന്റെ തീരത്ത് ഏകദേശം രണ്ട് മണിക്കൂർ ഫുട്ബോൾ കളി തുടർന്നു. ഞാൻ ഗോളിയാ യിരുന്നു. എതിരാളി അടിക്കുന്ന ബോളുകൾ തടുത്ത്, ഗോൾ പോസ്റ്റ് സേവ് ചെയ്യുകയെന്നത് ഒരു ഹരമാണ്. പല വിദേശികളും ഞങ്ങളുടെ കളി കണ്ട് നോക്കി നിന്നു. അവർ ചിലപ്പോൾ മെസ്സിയുടേയും റൊണാൾടോയുടേയും നാട്ടിൽ നിന്ന് വന്നവരായിരിക്കും. ഞങ്ങളിലെ കാൽപന്തുകളിയുടെ വശ്യത ഒരുപക്ഷെ അവരെ ആകര്‍ഷിച്ചിരിക്കാം. 

ഫുട്ബോൾ കളി കഴിഞ്ഞ് നോക്കിയപ്പോൾ പലരും കടലിൽ നീരാടുന്നു. ദൂരെ പോകുന്നത് തടയാൻ ഗാഡും ഉണ്ട്. അങ്ങനെ മതിമറന്ന ആഗ്രഹം സഫലീകരിക്കാനായി കടലിൽ എടുത്തുചാടി. അങ്ങോട്ടുംമിങ്ങോട്ടും മാറി മാറി പലരേയും പൊക്കി വെള്ളത്തിൽ ഇട്ടു ആസ്വദിച്ചു. ചെളിയും അഴുക്കും ഒക്കെ അവഗണിച്ച് കുറേനേരം കടലിലെ ഉപ്പു ജലത്തിൽ ഒഴുകി നടന്നു.

അസ്തമയ സൂര്യന്റെ പാടല പ്രഭയിൽ മുങ്ങിക്കുളിച്ചു നിൽക്കുന്ന കടൽ തീരത്തുകൂടി പടവുകളും താണ്ടി ഞങ്ങൾ റൂമിനെ ലക്ഷ്യമാക്കി നടന്നു. പുതിയൊരു ഷാക്ക് നോക്കാം എന്ന അഭിപ്രായം കൂട്ടത്തിൽ പലരും ഉയർത്തി. അങ്ങനെ കുട്ലേ ബീച്ചിൽ തന്നെ മറ്റൊരു ഷാക്കിൽ ഹട്ട് പോലുള്ള മൂന്ന് മുറിയെടുത്തു.  വേലിയേറ്റമാണ്, കടൽ വീണ്ടും മുറുമുറുത്തു തുടങ്ങിയിരിക്കുന്നു. വീണ്ടും ആട്ടവും പാട്ടും ജെമ്പേയുടെ താളവുമൊക്കെയായി പലതരം വിഭവങ്ങളും നുണച്ച് സമുദ്രത്തിന്റെ ഗർജ്ജനത്തോട് ഇഴുകി ചേർന്ന് കഥകൾ ഒക്കെ പറഞ്ഞ് ആ രാത്രി കഴിഞ്ഞു പോയി. പിറ്റേന്ന് എല്ലാവരും അസുലഭവും അഭൂതപൂർവവും ആയ അനുഭവങ്ങളും രസങ്ങളും ഒക്കെ മനസ്സിൽ അയവിറക്കി തങ്ങളുടെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് യാത്ര തുടർന്നു.

ട്രക്കിങ്ങ് നടത്തി ഹാഫ്മുൺ ബീച്ചും പാരഡൈസ് ബീച്ചും കാണാനാകാത്ത വിഷമമുണ്ട്. എന്നിരുന്നാലും മനസെന്ന പറവയെ കൂടു തുറന്ന് പ്രകൃതിയിലേക്ക് പറത്തി വിട്ട രണ്ട് ദിവസങ്ങൾ. ഏകാന്തത ഇഷ്ടപ്പെടുന്നവർക്കും എഴുത്തുകാർക്കും കലാഹൃദയമുള്ളവർക്കും പ്രണയജോടികൾക്കും അടിച്ചുപൊളി കൂട്ടുകാർക്കും ഒക്കെ പറ്റിയൊരു ഇടമാണ് ഗോകർണം. ഇവിടുത്തെ ബീച്ചും കടൽ കാറ്റും ഒന്നടിച്ചാൽ ഏത് മാനസ്സിക പിരിമുറക്കവും നിങ്ങളെ വിട്ടുപോകും.

click me!