ഭൂമിക്കടിയിലെ ഉറവകളില്‍നിന്നും വരുന്ന വെള്ളം പുറത്തേക്ക് ഊര്‍ന്നിറങ്ങുകയാണ്. കുന്ന്, അവിടവിടെ തട്ടുകളായി തിരിച്ചിരിക്കുന്നു. തട്ടുകളില്‍ കുളങ്ങളെപ്പോലെ വെള്ളം നിറഞ്ഞിരിക്കുന്നു. അടിയിലെ ചുണ്ണാമ്പ് കല്ല് കാരണം, തെളിഞ്ഞിരിക്കുമ്പോള്‍ ഇതിലെ വെള്ളത്തിന് ആകാശനീല നിറം. മുജീബുല്ല കെ വി എഴുതുന്നു
പകലിലെ വിമാനയാത്രകള്‍ സമ്മാനിക്കുന്ന മനോഹരമായയൊരു കാഴ്ചയുണ്ട്. സൂര്യവെളിച്ചത്തില്‍ പഞ്ഞിക്കെട്ടുകള്‍ കൂട്ടിയിട്ടതുപോലെ അനന്തമായങ്ങിനെ പരന്നുകിടക്കുന്ന വെള്ളിമേഘങ്ങള്‍. ഇവയെ ഭൂമിയിലിറക്കി, അതൊരു മലയായാല്‍ എങ്ങനെയുണ്ടാവും? ഏതാണ്ട് അത്തരമൊരു കാഴ്ചയാണ് പാമുക്കലേ നമുക്ക് സമ്മാനിക്കുന്നത്.
ചുണ്ണാമ്പുകല്ലുകളാല്‍ (limestone) രൂപംകൊണ്ട ഒരു വലിയ മല - അതാണ് പാമുക്കലെ. തുര്‍ക്കിയിലെ ഡെനിസ്ലി (Denizli) പ്രവിശ്യയില്‍ സ്ഥിതിചെയ്യുന്ന അതീവ ചാരുതയാര്‍ന്ന പഞ്ഞിക്കോട്ട! 'പരുത്തിക്കോട്ട' (Cotton Castle) എന്നാണ് തുര്‍ക്കി ഭാഷയില്‍ 'Pamukkale' എന്ന വാക്കിന്റെ അര്‍ഥം. pamukഎന്നാല്‍ പരുത്തി. kaleഎന്നാല്‍ കോട്ടയും. വേള്‍ഡ് ഹെറിറ്റേജ് സൈറ്റില്‍പ്പെടുന്ന പ്രകൃതിയുടെ ഈ വിസ്മയം കാണാന്‍ പ്രതിവര്‍ഷം പാമുക്കലെ സന്ദര്‍ശിക്കുന്നവരുടെ എണ്ണം രണ്ടു മില്യണ്‍ വരുമത്രെ.
വിഖ്യാത തുര്‍ക്കി എഴുത്തുകാരന്‍ ഓര്‍ഹന്‍ പാമുകിന്റെ പേരിലുമുണ്ടല്ലോ ഒരു 'പാമുക്'. അദ്ദേഹത്തിന്റെ വലിയച്ഛനും വലിയമ്മയും തുര്‍ക്കിയിലെ മനിസ എന്ന സ്ഥലത്തിനടുത്തുള്ള ഗോര്‍ഡസ് പട്ടണത്തില്‍ നിന്നുള്ളവരായിരുന്നു. വിളറിയ തൊലിയും വെളുത്ത മുടിയും കാരണം അവരുടെ കുടുംബം അറിയപ്പെട്ടത് 'പാമുക്' അഥവാ 'പരുത്തി' എന്നായിരുന്നെന്ന് അദ്ദേഹം എഴുതുന്നുണ്ട്. അങ്ങിനെയാവണം പാരമ്പര്യമായി അദ്ദേഹത്തിനും ആ പേര് ലഭിക്കുന്നത്.
കോന്യയില്‍നിന്ന് രാത്രി പന്ത്രണ്ടുമണിക്കുള്ള ബസ്സിനാണ് ഞങ്ങള്‍ പാമുക്കലെയിലേക്ക് തിരിച്ചത്. ടിക്കറ്റ് നേരത്തെ റിസര്‍വ്വ് ചെയ്തിരുന്നു. കോന്യയില്‍നിന്ന് പാമുക്കലെ സ്ഥിതിചെയ്യുന്ന ഡെനിസ്ലിയിലേക്ക് നാന്നൂറ് കിലോമീറ്ററിനുമേല്‍ ദൂരമുണ്ട്. രാത്രിയും, നല്ല റോഡുമായതിനാല്‍ അഞ്ചാറ് മണിക്കൂറുകള്‍ കൊണ്ട് ബസ്സ് ലക്ഷ്യത്തിലെത്തും.
ദീര്‍ഘദൂര ബസ്സുകള്‍ വളരെ സൗകര്യപ്രദമാണ്. ഓരോ സീറ്റിലും സ്‌ക്രീനുണ്ട്. സിനിമ കാണേണ്ടവര്‍ക്ക് അതാവാം. യാത്രക്കാര്‍ക്ക് സ്നാക്സും ലഘു പാനീയങ്ങളും ചായയും ലഭിക്കും. ഭക്ഷണത്തിനും പ്രാഥമികാവശ്യങ്ങള്‍ക്കുമായി വലിയ ബസ്റ്റാന്റുകളില്‍ കുറച്ചധികം സമയം ഒന്നോ രണ്ടോ സ്റ്റോപ്പുണ്ടാവും. സ്വകാര്യ സര്‍വീസുകളാണ്. ഹൈവേയില്‍നിന്നും പാമുക്കലെയിലേക്ക് അവര്‍തന്നെ മിനിബസ് ഏര്‍പ്പെടുത്തുന്നു.
ഞങ്ങള്‍ പാമുക്കലെയെത്തുമ്പോള്‍ സമയം രാവിലെ ആറുമണി കഴിഞ്ഞതേയുള്ളൂ. അടുത്തൊരു ഹോട്ടലില്‍ പ്രഭാത കൃത്യങ്ങള്‍ക്കും ബ്രേക്ക് ഫാസ്റ്റിനുമായി കയറി. അതിരാവിലെയായതിനാല്‍ ഒട്ടും തിരക്കില്ല. സമയമെടുത്ത് തുര്‍ക്കിഷ് ബ്രേക്ഫാസ്റ്റും കഴിച്ച് ഉഷാറായി എട്ടരയോടെ ഞങ്ങള്‍ പുറപ്പെട്ടു. ഏതാനും ചുവടുകളുടെ ദൂരമേയുള്ളൂ, പ്രവേശന കവാടത്തിലേക്ക്. അറുപത് ലിറയാണ് ഒരാള്‍ക്ക് ടിക്കറ്റിന്. കയ്യിലുണ്ടായിരുന്ന ലഗ്ഗേജുകള്‍ സ്വന്തം ഉത്തരവാദിത്തത്തില്‍ ടിക്കറ്റിങ് ക്യാബിന് പുറത്ത് വച്ചു.
അകത്തു കയറി. മലകയറ്റം തുടങ്ങുന്നിടം മുതല്‍ ചെരുപ്പ് അഴിച്ചുവച്ച് വേണം കയറാന്‍. ചെരുപ്പ് കവറിലിട്ട് കയ്യില്‍പ്പിടിക്കാം. മുകളില്‍ ആവശ്യം വരും. ഏജന്‍സികള്‍ വഴി വരുന്ന പല ടൂറിസ്റ്റുകളും അവരുടെ വാഹനത്തില്‍ വന്ന്, നേരെ കുന്നിനു മുകളിലാണ് ഇറങ്ങുന്നത്. മേലെനിന്നുള്ള കാഴ്ചകള്‍ കണ്ട് മുകളില്‍ തങ്ങുന്ന അവരില്‍ പലരും താഴോട്ട് മലയിറങ്ങുന്നില്ലെന്നതിനാല്‍ മനോഹരമായൊരു മലകയറ്റമാണ് അവര്‍ക്ക് നഷ്ടമാകുന്നത്!
പുറംഭാഗം ഇത്തിരി പരുക്കനായാണ് ചുണ്ണാമ്പ് മലയുടെ ഉപരിതലം. ഭൂമിക്കടിയിലെ ഉറവകളില്‍നിന്നും വരുന്ന വെള്ളം പുറത്തേക്ക് ഊര്‍ന്നിറങ്ങുകയാണ്. കുന്ന്, അവിടവിടെ തട്ടുകളായി തിരിച്ചിരിക്കുന്നു. തട്ടുകളില്‍ കുളങ്ങളെപ്പോലെ വെള്ളം നിറഞ്ഞിരിക്കുന്നു. അടിയിലെ ചുണ്ണാമ്പ് കല്ല് കാരണം, തെളിഞ്ഞിരിക്കുമ്പോള്‍ ഇതിലെ വെള്ളത്തിന് ആകാശനീല നിറം.
ചെറിയൊരു ഇളം ചൂടാണ് ഇവിടുത്തെ വെള്ളത്തിന്റെ പ്രത്യേകതയെങ്കിലും സൂര്യന്‍ ഉച്ചിയില്‍ നില്‍ക്കുന്ന ജൂണ്‍മാസത്തിലെ ചൂടില്‍ തണുപ്പാണ് നമുക്ക് അനുഭവപ്പെടുക. ശൈത്യകാലമാണെങ്കില്‍ വെള്ളത്തില്‍നിന്ന് നീരാവി പൊങ്ങുന്നത് കാണാമത്രെ. വെള്ളത്തില്‍ കാലിട്ടിറങ്ങാന്‍ നല്ല രസം. അടിയില്‍ പൂഴിപോലെ ചുണ്ണാമ്പ് ഇളകി വരും. കാലില്‍ ശരിക്കും നമുക്ക് അതിന്റെ ഫീല്‍ ലഭിക്കും. ശരിക്കും വെള്ളത്തില്‍ കുമ്മായം കലക്കിയ പോലെത്തന്നെ. തൊലിപ്പുറത്ത് ഇത് തേക്കുന്നത് സ്‌കിന്നിന് നല്ലതാണെന്ന ധാരണയില്‍ സഞ്ചാരികളില്‍ പലരും കുമ്മായം കയ്യില്‍ക്കോരി ദേഹത്ത് തേച്ചുപിടിപ്പിക്കുന്നതു കാണാം.
ഏതു കാലാവസ്ഥയിലും 36 ഡിഗ്രി ചൂടുള്ള ഇവിടുത്തെ വെള്ളത്തിന് രോഗശാന്തി നല്കാനാവുമെന്ന വിശ്വാസത്തില്‍ സഹസ്രാബ്ധങ്ങളായി സന്ദര്‍ശകര്‍ 'healing waters' തേടി ഇവിടെയെത്തുന്നുണ്ടത്രേ! അതേ വിശ്വാസംകൊണ്ടാവാം ഇപ്പഴും ശരീരത്തിലിത് പിടിപ്പിക്കുന്നത്. എന്നാല്‍ തൊലിയില്‍ ഇത് തേക്കുന്നത് ആരോഗ്യപരമായിത്തന്നെ നല്ലതല്ലെന്നും പറയുന്നു.
പരമാവധി മുട്ടിനുമേല്‍ വെള്ളമേയുള്ളൂ ഈ 'കുള'ങ്ങളില്‍. പക്ഷെ ടൂറിസ്റ്റുകള്‍ക്ക് അതൊന്നും പ്രശ്‌നമല്ല. കുട്ടികള്‍ ഇറങ്ങി തിമര്‍ത്തു കളിക്കുന്നു. വലിയവര്‍ പലരും ഇവയെ സ്വിമ്മിങ് പൂളാക്കിയ മട്ടുണ്ട്!
നടന്നങ്ങിനെ കയറി മുകളിലെത്തുമ്പോള്‍ തണല്‍മരങ്ങളുള്ള ഒരു പാര്‍ക്ക് പോലെ ഒരുക്കിയിരിക്കുന്നു. ജ്യൂസും സ്നാക്സുമൊക്കെ വില്‍ക്കുന്ന കടയുമുണ്ട്. മലയ്ക്ക് താഴെയുള്ളതിന്റെ ഇരട്ടിയിലേറെയാണ് നിരക്കെന്നുമാത്രം! ഇതിനു തൊട്ടുപിന്നിലായി ഒരു സ്വിമ്മിങ് പൂളുമുണ്ട്, ഫാസ്റ്റ് ഫുഡ് സൗകര്യവും. ഇവിടെ ടോയ്ലറ്റ്, ഷവര്‍ സൗകര്യങ്ങളുമുണ്ട്.
വെള്ളത്തിന് ശരിക്കും പകല്‍ക്കൊള്ളയാണ്! വെള്ളം കയ്യില്‍ കരുതുന്നത് നന്നാവും. കുന്നു കയറുംമുമ്പ് പ്രവേശനകവാടത്തിനു പുറത്ത് ഒരു കച്ചവടക്കാരന്‍ വെള്ളം വാങ്ങിക്കൊള്ളാന്‍ പറഞ്ഞിരുന്നെങ്കിലും തിരിച്ചുവന്നപ്പോഴാണ് ഞങ്ങള്‍ക്കത് കത്തിയത്!
ഗ്രീക്കോ റോമന്‍ നഗരമായിരുന്ന ഹൈറാപോളിസ് ആണ് ഇവിടുത്തെ മറ്റൊരു ആകര്‍ഷണം. 'ചുണ്ണാമ്പ് മല'യുടെ മുകളിലെത്തിക്കഴിഞ്ഞ് കുറേക്കൂടി മുന്നോട്ട് നടന്നാല്‍ അവശേഷിപ്പുകളെ ഭംഗിയായി സംരക്ഷിച്ചിരിക്കുന്ന ഹൈറാപോളിസ് കാണാം. മനോഹരമായ ആംഫി തീയേറ്റര്‍ ആണ് ഇവിടത്തെ മുഖ്യ കാഴ്ച. വൃത്താകൃതിയില്‍ തുറന്ന മേല്‍ക്കൂരയും നിറയെ ഗാലറികളുമുള്ള പ്രാചീന പ്രദര്‍ശനശാലയാണ് ആംഫി തീയേറ്റര്‍. റോമന്‍ നിര്‍മ്മിതികളാണിവ. റോമന്‍ കാലഘട്ടത്തില്‍ മല്ലയുദ്ധ പ്രദര്‍ശനങ്ങള്‍, യുദ്ധാഭ്യാസ പ്രകടനങ്ങള്‍ങ്ങള്‍, കായികാഭ്യാസങ്ങള്‍, മൃഗങ്ങള്‍ തമ്മിലുള്ള പോരുകള്‍ തുടങ്ങി, പരസ്യമായ വധ ശിക്ഷകള്‍ വരെ സാധാരണക്കാര്‍ക്ക് കാണാന്‍ വേണ്ടി ഇത്തരം തുറന്ന വേദികളില്‍ നടത്താറുണ്ടായിരുന്നു. റോമന്‍ ആംഫി തീയേറ്റര്‍ ഓഫ് പാമുക്കാലേ എന്നാണിപ്പോള്‍ ഇത് അറിയപ്പെടുന്നത്.
സന്ദര്‍ശകര്‍ക്ക് കൂടെനിന്ന് ഫോട്ടോയെടുക്കാനായി പഴയ റോമന്‍ ഭടന്മാരുടേയും രാജാവിന്റെയുമൊക്കെ വേഷം ധരിച്ച് ആജാനബാഹുക്കള്‍ പുറത്തു നില്‍പ്പുണ്ട്. തകര്‍ന്ന പഴയൊരു റോമന്‍ ക്ഷേത്രത്തിന്റെ ശേഷിപ്പുകളും ഈ വേള്‍ഡ് ഹെറിറ്റേജ് സൈറ്റിലുണ്ട്. അപ്പോസ്തലനായ സെന്റ് ഫിലിപ്പ് രക്തസാക്ഷിയായി എന്ന് കരുതപ്പെടുന്ന സ്ഥലത്തു ഒരു ഓപ്പണ്‍ മ്യൂസിയവും ഇവിടെയുണ്ട്, Martyrion of St Philip എന്ന പേരില്‍.
പാരാഗ്ലൈഡിങ് തല്പരര്‍ക്ക് അതിനും, ഹോട്ട് എയര്‍ ബലൂണ്‍ റൈഡിനും പാമുക്കലെയില്‍ സൗകര്യമുണ്ട്. കപ്പദോക്കിയയാണ് ബലൂണ്‍ റൈഡിനു കൂടുതല്‍ പ്രസിദ്ധമെങ്കിലും ഇവിടെയും ഹോട്ട് എയര്‍ ബലൂണ്‍ റൈഡിന് സൗകര്യമുണ്ട്. ബലൂണില്‍ പറക്കണമെന്നുണ്ടെങ്കില്‍ പക്ഷെ അതിരാവിലെ, ഏഴുമണിക്ക് മുമ്പായെങ്കിലും സ്ഥലത്തെത്തണം. ഏഴരയോടെ അവര്‍ ബലൂണ്‍ റൈഡ് മതിയാക്കി മലയിറങ്ങും.
പാമുക്കലെ സന്ദര്‍ശനത്തിന് ഏറ്റവും പറ്റിയ സമയം മാര്‍ച്ച്-മേയ്, അതുപോലെ സെപ്റ്റംബര്‍ ഒക്ടോബര്‍ മാസങ്ങളാണ്. സമ്മര്‍ മാസങ്ങളില്‍ നേരെ തലയ്ക്കുമുകളില്‍ സൂര്യനായതുകൊണ്ട് സാമാന്യം നല്ല ചൂട് അനുഭവപ്പെടും. സമ്മറില്‍ കുട വേണമെങ്കില്‍ കരുതാം.